ഒക്ടോബര് 5, 2006 മുംബൈയിലെ മറൈന് ലൈന്സ് റെയില്വേ സ്റ്റേഷന് സമീപമുള്ള മേല്പ്പാലത്തിന് അടിയില് നിന്നാണ് ആ മൃതദേഹം കിട്ടുന്നത്. അതില് അസ്വാഭാവികതയൊന്നുമുണ്ടായിരുന്നില്ല. അക്കാലങ്ങളില് അജ്ഞാത മൃതദേഹങ്ങള് പലപ്പോഴും ആശുപത്രികളിലെത്തുന്നത് പതിവായിരുന്നു.
വീടില്ലാതെ, നഗരത്തില് അലഞ്ഞു നടക്കുന്ന ആരുടെയോ മൃതദേഹം.ഇതായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പക്ഷേ അന്വേഷണത്തില് അത് ടാക്സി ഡ്രൈവറായ വിജയ് ഗൗഡിന്റെ മൃതദേഹമാണെന്ന് വെളിപ്പെട്ടു. പക്ഷേ, ആ അന്വേഷണത്തിന് ആയുസ്സുണ്ടായിരുന്നില്ല. താമസിയാതെ വിജയ് ഗൗഡ് വിസ്മൃതിയിലേക്ക് മറഞ്ഞു. പക്ഷേ, ഒരു മാസത്തിനിടയില് രണ്ടുമൃതദേഹങ്ങള് കൂടി കണ്ടെത്തി. ആദ്യത്തേത് മറൈന് ഡ്രൈവിലായിരുന്നു. മറ്റൊന്ന് വെറും ഒന്നരകിലോമീറ്റര് അകലെനിന്നും. ഒരു മാസത്തിനുള്ളിൽ മൂന്നു മൃതദേഹങ്ങള്..അതില് യാദൃച്ഛികത ഒട്ടുമുണ്ടായിരുന്നില്ല.
2006, ഡിസംബര് 14-ന് ചര്ച്ച്ഗേറ്റ് സ്റ്റേഷന് സമീപത്തുനിന്ന് ഒരു അജ്ഞാത മൃതദേഹം കണ്ടെത്തി. മര്ദിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. പക്ഷേ, അവിടംകൊണ്ടും തീര്ന്നില്ല. 2006 നവംബറിനും 2007 ജനുവരിക്കും ഇടയില് ഏഴു മൃതദേഹങ്ങള് കൂടി കണ്ടെത്തി. മറൈന് ലൈന്സിനും ചര്ച്ച് ഗേറ്റിനും ഇടയില്, ഏതാനും കിലോമീറ്റര് ചുറ്റളവിനുള്ളില് നിന്നായിരുന്നു അവയോരോന്നും കണ്ടെത്തിയത്. വിജയ് ഗൗഡിന്റേതല്ലാതെ മറ്റാരുടെ മൃതദേഹവും തിരിച്ചറിയപ്പെട്ടില്ല.
കല്ലുകൊണ്ടോ, ദണ്ഡുകൊണ്ടോ മര്ദിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹങ്ങളെല്ലാം. അരയ്ക്ക് കീഴ്പ്പോട്ട് നഗ്നമാക്കപ്പെട്ട നിലയിലും. ഇരകളെല്ലാവരും തന്നെ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ആദ്യകാഴ്ചയില് തന്നെ സൂചന നല്കുന്ന രീതിയിലായിരുന്നു അവ ഓരോന്നും. മൃതദേഹങ്ങളില് രണ്ടെണ്ണത്തിന്റെ സമീപത്തുനിന്ന് ഒഴിഞ്ഞ ബിയര് കുപ്പികള് കണ്ടെടുത്തിരുന്നു. അതിന്റെ ചുവടുപിടിച്ച് പത്രങ്ങള് കൊലയാളിക്ക് നല്കിയ വിളിപ്പേര് 'ബിയര് മാന്' എന്നായിരുന്നു. എണ്പതുകളില് ബോംബെയിലും കല്ക്കട്ടയിലും റിപ്പോര്ട്ട് ചെയ്യപ്പെട്ട സ്റ്റോണ്മാന് കൊലപാതകങ്ങള് പോലെ ഇതും പൊതുജനത്തെ ഭ്രമിപ്പിച്ചു എന്നുതന്നെ പറയാം. കണ്ടെത്തിയ ഏഴുമൃതദേഹങ്ങളില് രണ്ടെണ്ണത്തിന് സമീപത്തുനിന്ന് മാത്രമേ ബിയര് കുപ്പികള് കിട്ടിയുള്ളൂവെങ്കിലും അത് കൊലയാളിയുടെ സിഗ്നേച്ചര് സ്റ്റൈലായി അവതരിപ്പിക്കാനായിരുന്നു മാധ്യമങ്ങളുടെ ശ്രമം.
വീടില്ലാതെ തെരുവില് അലഞ്ഞുതിരിയുന്നവരില് ഭൂരിഭാഗവും ഒഴിഞ്ഞ ബിയര് കുപ്പികള് വെള്ളം ശേഖരിച്ചുവെക്കാനായി ഉപയോഗിക്കാറുണ്ടെന്ന യാഥാര്ഥ്യത്തിലേക്ക് പോലീസും മാധ്യമങ്ങളും കണ്ണുതുറക്കാന് തയ്യാറായില്ലെന്നതാണ് സത്യം. അതായത്, കൊലയാളി ആയിരിക്കില്ല ബിയര് കുപ്പികള് അവര്ക്കുസമീപം ഉപേക്ഷിച്ചു കടന്നിരിക്കുക. പക്ഷേ, യുക്തിയേക്കാള് നല്ല തലക്കെട്ടുകളും ബ്രേക്കിങ് ന്യൂസുകളുമായിരിക്കുല്ലോ നല്ല വിൽപനച്ചരക്കുകൾ. കൊല്ലപ്പെട്ടവര് ലൈംഗികാതിക്രമത്തിന് ഇരയായിരുന്നതിനാലും മൃതദേഹങ്ങള്ക്ക് സമീപത്തുനിന്ന് ബിയര് കുപ്പികള് കണ്ടെത്തിയിരുന്നതിനാലും പോലീസും മാധ്യമങ്ങളും വിശ്വസിച്ചിരുന്നത് സ്ഥിരമായി ബിയര് കഴിക്കുന്ന സ്വവര്ഗരതിക്കാരനായ ഒരു പരമ്പക്കൊലയാളിയാണ് കൊലപാതകങ്ങള്ക്കെല്ലാം പിറകിലെന്നാണ്.
കൃത്യമായ വിവരങ്ങളോട് ആര്ക്കും വലിയ താല്പര്യമുണ്ടായിരുന്നില്ല. പത്രങ്ങള് തമ്മിലുള്ള മത്സരം മൂര്ച്ഛിച്ചതോടെ കണ്ടെത്തിയ മൃതദേഹങ്ങളുടെ ഔദ്യോഗിക എണ്ണം പോലും ഓരോ പത്രത്തിനും തോന്നുംപടിയായി. ചില പത്രങ്ങളാകട്ടെ ഒരുപടി കൂടി കടന്ന് അതുവരെ റിപ്പോര്ട്ട് ചെയ്ത അജ്ഞാതമരണങ്ങളെല്ലാം പരമ്പരക്കൊലയാളിയുടെ തലയില് കെട്ടിവെക്കുകയും ചെയ്തു. ഒരു പത്രം ആകെ രണ്ടുമൃതദേഹങ്ങളുടെ സമീപത്തുനിന്നു മാത്രമേ ബിയര് കുപ്പികള് കിട്ടിയിട്ടുള്ളൂവെന്ന് റിപ്പോര്ട്ട് ചെയ്തപ്പോള് അതു വളച്ചൊടിച്ച് പരമ്പക്കൊലയാളി കുടിയേ നിര്ത്തിക്കളഞ്ഞുവെന്നായി മറ്റൊരു പത്രം. ഒരു പുതിയ അഭ്യൂഹങ്ങളും ഒരു പുതിയ വസ്തുതയായി അവതരിപ്പിക്കപ്പെടുകയായിരുന്നു. ആ വസ്തുതകള് ബ്രേക്കിങ് ന്യൂസുകളും തലക്കെട്ടുകളുമായി മാറി. മൂന്നുമാസങ്ങള്ക്കുള്ളില് മൃതദേഹങ്ങള് കുന്നുകൂടിയതോടെ എവിടെ നിന്ന് തുടങ്ങണം എന്നറിയാതെ മുംബൈ പോലീസ് കുഴങ്ങി. അവര്ക്ക് എവിടെ നിന്ന് തുടങ്ങണം എന്നറിയുന്നുണ്ടായിരുന്നില്ല.
അങ്ങനെയിരിക്കെയാണ് പുതുതായി കണ്ടെത്തിയ ഒരു മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസിന് ഒരു കൈയെഴുത്ത് കുറിപ്പ് ലഭിക്കുന്നത്. 'വിവേകശൂന്യമായ, പരസ്പര ബന്ധമില്ലാത്ത വാചകങ്ങള് ചേര്ത്തെഴുതിയ ഒരു കുറിപ്പായിരുന്നു അത്. ഒരുപക്ഷേ കൊലയാളിയുടെ മനസ്സ് പ്രതിഫലിപ്പിക്കുന്ന ഒന്ന്.' കേസ് അന്വേഷിച്ച ഒരു മുതിര്ന്ന പോലീസുദ്യോഗസ്ഥന് പറഞ്ഞത് ഇപ്രകാരമാണ്. പക്ഷേ ആ കുറിപ്പിലെ ഒരു വാചകം തെറിച്ചുനിന്നിരുന്നു. അതിങ്ങനെയായിരുന്നു.' കുലത്തിലേക്ക് സ്വാഗതം'. കൊലയാളി ഒരു സ്വവർഗാനുരാഗി തന്നെയാണെന്ന് പോലീസിനെ വിശ്വസിപ്പിക്കാന് ആ വാചകം ധാരാളം മതിയായിരുന്നു.
കൂടുതല് അന്വേഷണത്തില് മുതിര്ന്ന പോലീസ് ഉദ്യോഗസ്ഥര് കൊലയാളി പിന്തുടരുന്ന ചില രീതികള് ശ്രദ്ധിച്ചു.
1) ഓരോ ഭാഗത്തും മൂന്നുതവണ കൊലയാളി മര്ദിക്കുന്നുണ്ട്.
2) പത്തില് എട്ട് കൊലപാതകങ്ങളും വ്യാഴാഴ്ച രാത്രിയാണ് നടത്തിയിട്ടുള്ളത്.
ഇതോടെ കൊലപാതകങ്ങള് ഏതെങ്കിലും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായിട്ടാണോ എന്ന സ്വാഭാവിക സംശയം പോലീസിനും പൊതുജനങ്ങള്ക്കുമിടയില് ബലപ്പെട്ടു. ഒരു വഴിത്തിരിവിനായി കഷ്ടപ്പെട്ടുക്കൊണ്ടിരുന്ന മുംബൈ പോലീസിന് ഒടുവില് ഒരു തുമ്പ് കിട്ടി.
വീണ്ടും ഒരു വഴിത്തിരിവെന്ന പോലെ മറൈന് ലൈന്സ് റെയില്വേ സ്റ്റേഷന് സമീപത്ത് പൊതു ശൗചാലയത്തില് നിന്ന്, അവിടെ വെച്ചായിരുന്നു അവസാന മൃതദേഹം കണ്ടെത്തിയത്, പോലീസ് നായ ചാര നിറത്തിലുള്ള ഒരു ഷര്ട്ട് കണ്ടെത്തി. ദശരഥ് റാണ ഗ്യാങ്ങിലെ രവീന്ദ്ര കണ്ട്രോളിന്റേതാണ് ആ ഷര്ട്ടെന്ന് തെരുവില് കഴിയുന്നവര് പോലീസിനെ അറിയിച്ചു.
2007 ജനുവരി 22ന് പോലീസ് നായ്ക്കള് ആ ഷര്ട്ടിന്റെ ഉടമസ്ഥനെ കണ്ടെത്തി. പോലീസ് അബ്ദുള് റഹീമിനെ കണ്ടെത്തി. അതിനകം മതം മാറിയ കണ്ട്രോള് അബ്ദുള് റഹീം എന്ന പുതിയ പേര് സ്വീകരിച്ചിരുന്നു. കൊലപാതകിയെ കണ്ടെത്തിയെന്ന വാര്ത്ത ആശ്വാസത്തോടെയാണ് നഗരം ശ്രവിച്ചത്. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും അവര് ആ വാര്ത്ത ആഘോഷമാക്കി. ദക്ഷിണ മുംബൈയിലെ രാത്രി ജീവിതം പഴയപടിയായി. പരമ്പര കൊലയാളിയെ പേടിച്ച് വീട്ടില് അടച്ചിരിക്കുന്നവര് പുറത്തിറങ്ങാന് തുടങ്ങി. പക്ഷേ, ഇതോടെ എല്ലാം അവസാനിച്ചെന്നാണ് നിങ്ങള് കരുതിയതെങ്കില് നിങ്ങള്ക്ക് തെറ്റി.
കണ്ട്രോളിന് പോലീസ് സ്റ്റേഷന് ഒരു അപരിചിതമായ ഇടമായിരുന്നില്ല. അല്ലെങ്കില് പോലീസ് സ്റ്റേഷന് കണ്ട്രോള് അപരിചിതനായ ഒരാളായിരുന്നില്ല. കുഴപ്പം പിടിച്ച കൂട്ടുകെട്ടുകളും അയല്ക്കാരുമെല്ലാമായി വളര്ന്ന അല്പം കുഴപ്പം പിടിച്ച ഒരുവന്. എങ്ങനെയും വിജയിക്കണം, പണക്കാരനാകണം. അതുമാത്രമായിരുന്നു അവന്റെ ലക്ഷ്യം.
കൗമാരത്തില് തന്നെ ദശരഥ് റാണെ നയിച്ചിരുന്ന ഒരു മുംബൈ സംഘത്തില് അവന് ചേര്ന്നിരുന്നു. നിയമവിരുദ്ധ പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്നവരില് നിന്നും വാറ്റുണ്ടാക്കി വില്ക്കുന്നവരില് നിന്നും പണം തട്ടിയെടുക്കുക എന്നുള്ളതായിരുന്നു കണ്ട്രോളിന്റെ ജോലി. അധികം വൈകാതെ ജയില് അയാളുടെ രണ്ടാംവീടായി മാറി. മദ്യവും മയക്കുമരുന്നും വേശ്യാലയങ്ങളിലെ പതിവുസന്ദര്ശനവുമായിരുന്നു അയാളുടെ വിനോദങ്ങള്. അത്തരമൊരു രാത്രിയിലാണ് അവൻ അഞ്ജലി എന്ന ലൈംഗിക തൊഴിലാളിയെ കണ്ടുമുട്ടുന്നത്. താമസിയാതെ അവര് തമ്മില് പ്രണയത്തിലായി. 25,000 രൂപ കൊടുത്ത് അവന് അവളുടെ മാഡത്തിന്റെ കൈയില് നിന്ന് അവളെ മോചിപ്പിച്ചു. വൈകാതെ അവന് മതപരിവര്ത്തനം നടത്തി അബ്ദുള് റഹീം എന്ന പേര് സ്വീകരിച്ചു. അതുവരെയുള്ള ജീവിതത്തില് നിന്നെല്ലാം പിന്വാങ്ങി പുതിയൊരു ജീവിതം നയിക്കാന് തീരുമാനിച്ചു. ഇരുണ്ട ലോകത്തെ കുറിച്ച് വളരെ വ്യക്തമായ ധാരണയുള്ള അവന് പോലീസിന് വിവരം നല്കുന്നനവരില് പ്രധാനിയായി.
അതുകൊണ്ടുതന്നെ കൊലപാതകക്കുറ്റം ആരോപിച്ച് അവനെ പോലീസ് അറസ്റ്റ് ചെയ്തതോടെ അക്ഷരാര്ഥത്തില് അവന് അത്ഭുതപ്പെട്ടു. മാധ്യമലോകം വീണ്ടും സര്ക്കസുകളിൽ ആരംഭിച്ചു.
ധോബിതലാവ് പ്രദേശത്തുനിന്നാണ് അബ്ദുള് റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് ഒരു റിപ്പോര്ട്ടില് പറയുന്നത്. പോലീസ് അറസ്റ്റുചെയ്യുമ്പോള് റഹിം ധരിച്ചിരുന്നത് രക്തംപുരണ്ട ഒരു ഷര്ട്ടായിരുന്നു. അയാളുടെ കൈയില് ഒരു വെട്ടുകത്തിയുമുണ്ടായിരുന്നു. പക്ഷേ അലക്കുകാരുടെ പ്രദേശത്ത് നിന്ന് പിടിയിലാകുന്ന റഹീമിനെ പോലൊരു കുറ്റവാളി അലക്കിയ വസ്ത്രം കിട്ടാന് യാതൊരു ബുദ്ധിമുട്ടുമില്ലാത്ത ഒരിടത്തുനിന്ന് തെളിവാകുന്ന രക്തംപുരണ്ട ഷര്ട്ട് ധരിച്ച് പിടിയിലാകുക! പക്ഷേ, മാധ്യമങ്ങള് യുക്തിയില് അപ്പോഴും തല്പരരായിരുന്നില്ല.
പോലീസ് തന്നെ മനഃപൂര്വം ടാര്ഗെറ്റ് ചെയ്യുന്നതാണെന്നാണ് റഹിം മാധ്യമങ്ങളോട് പറഞ്ഞത്. 'ഞാന് എല്ലായ്പ്പോഴും എന്റെ നീണ്ടമുടിയുടെ പേരിലും താടിയുടെ പേരിലും മതത്തിന്റെ പേരിലും ഉന്നംവെക്കപ്പെടുകയാണ്. ഞാനെല്ലാം ഉപേക്ഷിച്ച് ഒരു പുതിയ ജീവിതം ആരംഭിച്ചിട്ടും എന്നെ അവര് ജീവിക്കാന് അനുവദിക്കുന്നില്ല.' റഹിം പറയുന്നു. മുംബൈ പോലീസ് അവനെ ചോദ്യം ചെയ്തപ്പോഴും സമാനമായിരുന്നു റഹിമിന്റെ പ്രതികരണം.' സാര് എനിക്ക് കൊലപാതകങ്ങള് സംബന്ധിച്ച് യാതൊരു അറിവുമില്ല. എനിക്കൊരു മകളുണ്ട്. മതം മാറിയതിന് ശേഷം ഞാന് നിയമവിരുദ്ധമായ പ്രവര്ത്തനങ്ങളെല്ലാം അവസാനിപ്പിച്ചിട്ടുണ്ട്.'
എന്നാല് പിടിയിലാകുന്ന എല്ലാ കുറ്റവാളികളും തങ്ങളുടെ നിഷ്കളങ്കത തെളിയിക്കാന് ശ്രമിക്കുന്നതിന്റെ ഭാഗമായി പറയുന്ന സ്ഥിരം വാചകങ്ങളായി മാത്രമേ റഹിമിന്റെ പ്രതികരണത്തെയും അവര് മുഖവിലയ്ക്കെടുത്തുള്ളൂ. ഏതായാലും ഏക തെളിവായ കൈയെഴുത്ത് കുറിപ്പ് ആധാരമാക്കി പ്രതി റഹിം തന്നെയാണോയെന്ന് ഉറപ്പിക്കാന് പോലീസ് തീരുമാനിച്ചു. പോലീസ് അവനെക്കൊണ്ട് മറ്റുകുറിപ്പുകള് എഴുതിച്ചു. ആ രണ്ട് കുറിപ്പുകളും താരതമ്യം ചെയ്ത പോലീസ് രണ്ടുകുറിപ്പുകളിലെയും കൈയക്ഷരം ഒരുപോലെയാണെന്ന് കണ്ടെത്തി. തന്നെയുമല്ല റഹിമിനെ ആയുധമായ വെട്ടുകത്തിയുള്പ്പടെയാണല്ലോ അറസ്റ്റ് ചെയ്തതും. എന്നാല് കണ്ടെത്തിയ ഏഴുമൃതദേഹങ്ങളില് രണ്ടുപേരെ കല്ലുപയോഗിച്ച് മര്ദിച്ചാണ് കൊലപ്പെടുത്തിയിരുന്നത്, വെട്ടുകത്തി പോലുള്ള ആയുധങ്ങളില് നിന്നുള്ള പരിക്കേറ്റ് കൊല്ലപ്പെട്ടവര് അക്കൂട്ടത്തില് ഒരാള് പോലുമുണ്ടായിരുന്നില്ല!
ഒരു നാര്കോഅനാലിസിസ് പരിശോധനയ്ക്കായി മുംബൈ പോലീസ് റഹിമുമായി ബെംഗളുരുവിലേക്ക് തിരിച്ചു. പരിശോധനയെ തുടര്ന്ന് വന്ന റിപ്പോര്ട്ട് ഞെട്ടിക്കുന്നതായിരുന്നു. 15 പേരെ താന് കൊലപ്പെടുത്തിയെന്നും ഇരുപതോളം ക്രിമിനല് കേസുകളിലെ പ്രതിയാണ് താനെന്ന് നാര്ക്കോ ടെസ്റ്റില് അയാള് സമ്മതിച്ചുവെന്നുമായിരുന്നു ആ റിപ്പോര്ട്ടിന്റെ ഉള്ളടക്കം. തന്നെയുമല്ല കൊലപാതകത്തിന് മുന്നോടിയായി ഇരകളെ ബിയര് കുടിപ്പിക്കാറുള്ളതായി അയാള് കുറ്റസമ്മതം നടത്തിയെന്നും പോലീസ് അറിയിച്ചു. പക്ഷേ ഒരാള്ക്കെതിരേ പോലും ലൈംഗികാതിക്രമം നടത്തിയതായി അയാള് സമ്മതിച്ചില്ല. കാരണം അദ്ദേഹത്തിന്റെ വിശ്വാസങ്ങള്ക്കും അനുഷ്ഠാനങ്ങള്ക്കും എതിരാണ് സ്വവർഗാനുരാഗം..
പോലീസ് കൊലയാളിയെന്ന് സംശയിക്കുന്ന റഹിമല്ല ഇരകളെ ലൈംഗികമായി ആക്രമിച്ചതെങ്കില് പിന്നെ ആര്? റഹിം ഇരകളെ കൊലപ്പെടുത്തി ഇരുട്ടില് അപ്രത്യക്ഷനാകുന്നതുവരെ അപരിചിതനായ ഒരാള് കാത്തുനിന്നിരുന്നോ? അങ്ങനെയാണെങ്കില് കൊലപാതകത്തിന് പിന്നില് രണ്ടുകൊലയാളികളുണ്ടായിരുന്നോ? ഒരു പരമ്പരകൊലയാളിയും അജ്ഞാതനായ സ്വവര്ഗാനുരാഗിയും? എന്തിനേറെ പറയുന്നു ഒരു സ്വകാര്യ ചാനല് ഒരുപടി കൂടി കടന്ന് റഹിമിന് കൊലപാതകങ്ങള് നടത്തുന്നതിന് ഒരു സഹായികൂടിയുണ്ടായിരുന്നു എന്ന നിഗമനം പോലും നടത്തി. ഈ കേസുകള് മെല്ലെ ഒരു തമാശയായി മാറി.
സുശാന് കുഞ്ഞുരാമന് ആയിരുന്നു പ്രതിഭാഗം വക്കീല്. റഹിമിന് വേണ്ടി വാദിച്ച അദ്ദേഹം കേസിലെ പിശകുകളും കേസ് എത്രത്തോളം മോശമായാണ് കേസന്വേഷണം നടത്തിയത് എന്ന കാര്യവും വാദത്തില് ചൂണ്ടിക്കാണിച്ചു. എന്നാല് കൈയക്ഷരം മാച്ച് ചെയ്യുന്നതാണെന്ന വാദമാണ് പ്രോസിക്യൂഷന് ഉയര്ത്തിയത്. റഹിം മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും കുറച്ചുവര്ഷങ്ങള് മുമ്പുവരെ ഒരു ക്രിമിനലായിരുന്നുവെന്നും ഗുണ്ടാസംഘത്തില് ജോലി ചെയ്തിട്ടുണ്ടെന്നുമെല്ലാം പ്രോസിക്യൂഷന് ചൂണ്ടിക്കാണിച്ചു.
2009 സെപ്റ്റംബറിലാണ് റഹിമിനെതിരായ കുറ്റാരോപണങ്ങള് നിലനില്ക്കുന്നതല്ലെന്ന് കാണിച്ച് കോടതി എല്ലാം തള്ളുന്നത്. പോലീസും മാധ്യമങ്ങളും ചൂണ്ടിക്കാണിച്ച വസ്തുതകളെല്ലാം തെളിയിക്കുന്നതില് പ്രോസിക്യൂഷന് പരാജയപ്പെട്ടു. ജയിലില് നിന്ന് പുറത്തിറങ്ങിയ റഹിം ആദ്യം ചെയ്തത് താടി വടിച്ചുകളയുകയാണ്. തന്റെ നീണ്ട മുടിയും അയാള് മുറിച്ചു. കാണുമ്പോള് തന്നെ പേടിക്കുന്ന തന്റെ ഭീകരരൂപത്തില് നിന്ന് മോചനം അതിനുവേണ്ടിയായിരുന്നു അയാളുടെ ശ്രമം. പക്ഷേ പേരിനൊപ്പം ചേര്ന്ന ബിയര്മാന് എന്ന വിശേഷണം അയാളെ വിട്ടുപോയില്ല. അതുമാത്രമല്ല റഹിമിന് ജോലി നല്കാന് ആരും തയ്യാറായില്ല. എല്ലാവരും അയാളെ അവഗണിക്കുകയും ചെയ്തു.
മുംബൈയില് എവിടെയെങ്കിലും ഒരു മൃതദേഹം കണ്ടെത്തിയാല് പോലീസ് ആദ്യം കസ്റ്റഡിയിലെടുക്കുക റഹിമിനെയാണ് എന്ന സ്ഥിതിയായി. പലപ്പോഴും കസ്റ്റഡിയില് ക്രൂരമായ ചോദ്യംചെയ്യലുകള്ക്കും പീഡനങ്ങള്ക്കും അയാള് ഇരയായിക്കൊണ്ടിരുന്നു. കോടതിഅനുമതി ഇല്ലാതെ അയാളുടെ ഡിഎന്എ പരിശോധനപോലും പോലീസ് നടത്തി.
ഈ ദിവസം വരെ മുംബൈയിലെ ബിയര്മാന് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞിട്ടില്ല. മുംബൈയിലെ അരഡസനിലേറെ വന്ന കൊലപാതകങ്ങള്ക്ക് ഒരു നിരപരാധി വിലകൊടുക്കേണ്ടി വന്നപ്പോള് രക്ഷപ്പെട്ടത് ഒരു പരമ്പരക്കൊലയാളിയാണ്.
മാധ്യമ ഇടപെടലുകള് ഒരു കേസന്വേഷണത്തെ ദോഷകരമായി ബാധിച്ചതിന്റെ ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് ബിയര്മാന് കേസുകള്. പത്രങ്ങളും ന്യൂസ് ചാനലുകളും അന്വേഷണത്തിന്റെ ഓരോ ഘട്ടവും വിശദമായി റിപ്പോര്ട്ട് ചെയ്തപ്പോള് അത് യഥാര്ഥ കൊലയാളിക്ക് രക്ഷപ്പെടാനുള്ള പഴുതുകള് കൂടിയായിരുന്നോ തുറന്നുകൊടുത്തിരുന്നത്? മാധ്യമങ്ങളുടെ ആവേശം കാര്യങ്ങള് കുഴച്ചുമറിച്ചു എന്നുള്ളത് ഒരു തര്ക്കവുമില്ലാത്ത കാര്യമാണ്. കേസ് എത്രയും പെട്ടന്ന് അവസാനിപ്പിക്കുന്നതിനായി പോലീസിനുമുകളിലുണ്ടായ സമ്മര്ദം അവരുടെ അന്വേഷണത്തെ ബാധിച്ചുവെന്നതിലും സംശയമില്ല, അത് നയിച്ചതാകട്ടേ തെറ്റായ ആളെ കേസില് പ്രതിയാക്കുന്നതിലേക്കും അത് നയിച്ചു.
ആരായിരുന്നു യഥാര്ഥ ബിയര് മാന് പരമ്പരക്കൊലയാളി? അവന് എവിടെയെങ്കിലുമിരുന്ന് ഈ ലേഖനം വായിക്കുന്നുണ്ടാകുമോ? അവന് വിജയച്ചിരി ചിരിക്കുന്നുണ്ടാകുമോ?
പുനരാഖ്യാനം: രമ്യ ഹരികുമാര്
(യഥാര്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എഴുതിയ ഡെഡ്ലി ഡസന്: ഇന്ത്യാസ് മോസ്റ്റ് നൊട്ടോറിയസ് സീരിയല് കില്ലേഴ്സ്, ഇന്ത്യാസ് മണി ഹെയ്സ്റ്റ് തുടങ്ങിയ ബെസ്റ്റ്സെല്ലര് ക്രൈം ത്രില്ലറുകളുടെ രചയിതാവാണ് അനിര്ബന് ഭട്ടാചാര്യ. സാവ്ധാന് ഇന്ത്യ, ക്രൈം പട്രോള് തുടങ്ങിയ ടിവി ഷോകളുടെ നിര്മാതാവുമാണ് അദ്ദേഹം.)
Content Highlights: Mumbai's notorious 'Beer Killer', Crimegate column by Anirban Bhattacharyya
Published: 24 Aug 2023, 12:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented