'83 വയസായില്ലേ, അവസാനിപ്പിച്ചുകൂടേ....' അജിത് പവാറിന്റെ ഈ ഒരൊറ്റ ചോദ്യത്തിലുണ്ട് അയാളുടെ മോഹവും മോഹഭംഗങ്ങളും. ആ രോഷമാണ് അജിത് പവാർ എൻ.സി.പിയുടെ പിളർപ്പുവരെ കൊണ്ടെത്തിച്ചതും. ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്നറിയിച്ച് തനിക്കെതിരേ നിലയുറപ്പിച്ച ഭീഷ്മാചാര്യർക്ക് ശരശയ്യ ഒരുക്കാൻ കൂരമ്പുകൾ ഇനിയും ബാക്കിയുണ്ട് അയാളുടെ ആവനാഴിയിൽ. പക്ഷേ, തോൽപിക്കൽ അത്ര എളുപ്പമായിരിക്കില്ലെന്ന്‌ മാത്രം. മറുകണ്ടം ചാടലും പുതിയ പാർട്ടി രൂപീകരണമൊന്നും ശരദ് പവാറിന് പുത്തരിയല്ല.

To advertise here,

ബാരാമതിയിലെ കേവലമൊരു കരിമ്പു സൊസൈറ്റിയിൽനിന്ന് പവാർ ഇന്നു കാണുന്ന പവറിലേക്കെത്തിയത് ഇതേ മറുകണ്ടം ചാടലും പുതിയ പാർട്ടിയുണ്ടാക്കിയുമൊക്കെ തന്നെയാണ്. ഒറ്റപ്പാർട്ടിക്ക് കീഴിലോ ഒറ്റ ചിഹ്നം കൊണ്ടുമാത്രമോ പടുത്തയർത്തിയ ജയങ്ങളല്ല പവാറിന്റേത്. അതുകൊണ്ട് തന്നെ, ഒറ്റരാത്രികൊണ്ട് പ്രതിപക്ഷത്തിരുന്നവർ മന്ത്രിക്കസേരയിലും, അതിലൊരാൾ (ഉറ്റബന്ധു തന്നെ) ഉപമുഖ്യമന്ത്രിയുമാകുന്ന 'രാഷ്ട്രീയതന്ത്രം'  പവാറിനെ ഞെട്ടിച്ചില്ല. 2019-ലെ നാടകം അജിത് ആവർത്തിച്ചു. അന്നത് പൊളിക്കാൻ പവാറിന് കഴിഞ്ഞു. ഇത്തവണ പക്ഷേ, അജിത്തിന് ഇടത്തും വലത്തുമുള്ളത് പവാറിന്റെ വിശ്വസ്തരായ പ്രഫുൽ പട്ടേലും ഛഗൻ ഭുജ്ബലുമാണ്‌.

അജിത് പവാറിന്റെ കൂടുമാറ്റം ശരദ് പവാറിനെ തകർക്കാൻ പോന്നതല്ല. പക്ഷേ, പാർട്ടി പിളർത്തി ഈ രീതിയിലൊരു ഇറങ്ങിപ്പോക്കും തന്റെ ചിരകാല സുഹൃത്തുക്കളും മനസാക്ഷി സൂക്ഷിപ്പുകാർ വരെ ശത്രുപാളയത്തിലെത്തിയതുമാകും അയാളെ അൽപമെങ്കിലും തളർത്തിയിരിക്കുക. എക്കാലവും തനിക്കൊപ്പം നിന്ന ഛഗൻ ഭുജ്പൽ, സുനിൽ തത്കരെ എന്തിന് പ്രഫുൽ പട്ടേലടക്കം ഇറങ്ങിപ്പോയവരിലുണ്ട്. അവരിൽ പലരും ബി.ജെ.പിക്കൊപ്പം നിൽക്കാൻ ശരദ് പവാറിനെ നിർബന്ധിക്കുന്നുവെന്ന അഭ്യൂഹങ്ങൾ പരന്നിട്ട് മാസങ്ങളുമായി. അജിത് പവാറിന്റെ അധികാരമോഹം പലപ്പോഴും മറനീക്കി പുറത്തുവന്നതുമാണ്‌. നാല് വർഷത്തിനിടെ മൂന്ന് തവണ ഉപമുഖ്യമന്ത്രിയായ മറ്റൊരു നേതാവും ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലുണ്ടാവില്ല. ശരദ് പവാർ അറിഞ്ഞാണ് മഹാരാഷ്ട്രയിൽ ഇങ്ങനെയൊരു നാടകം അരങ്ങേറിയെന്നത് രാഷ്ട്രീയനിരീക്ഷകരിൽ ചിലരെങ്കിലും പറയുന്നത് ഇതേ കാരണങ്ങൾ ചൂണ്ടാക്കാട്ടിയാണ്. 

placeholder
ജൂലായ് അഞ്ചിന്ബാന്ദ്രയില്‍ നടന്ന മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഛഗന്‍ ഭുജ്ബലിനും പ്രഫുല്‍ പട്ടേലിനുമൊപ്പം| Photo: ANI
ജൂലായ് അഞ്ചിന്ബാന്ദ്രയിൽ നടന്ന മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഛഗൻ ഭുജ്ബലിനും പ്രഫുൽ പട്ടേലിനുമൊപ്പം| Photo: ANI

കളമറിഞ്ഞ് കളിച്ച ബി.ജെ.പി.: അന്ന് ശിവസേന, ഇന്ന് എൻ.സി.പി.

എൻ.സി.പിയും ശിവസേനയും തമ്മിലായിരുന്നു ഒരുകാലത്ത് മഹാരാഷ്ട്രയിൽ നേർക്ക്നേർ പോരാട്ടം. അന്ന് ബിജെപിക്ക് അവിടെ കാര്യമായ റോളില്ല. എൻ.ഡി.എ. ഉണ്ടായ കാലം മുതൽ ആ സഖ്യത്തിനൊപ്പം നിൽക്കുന്ന പാർട്ടിയാണ് ശിവസേന. കോൺഗ്രസിനെ നേരിട്ടത് ശിവസേന-ബി.ജെ.പി. സഖ്യമായിരുന്നു. പവാർ കോൺഗ്രസ് പിളർത്തി എൻ.സി.പിയുണ്ടാക്കിയെങ്കിലും കോൺഗ്രസും എൻ.സി.പിയും സഖ്യകക്ഷികളായി ഒരു വശത്ത് തുടർന്നു. 2014-ൽ മോദി വന്ന ശേഷം കോൺഗ്രസിൽനിന്ന് പല പ്രമുഖരും ബി.ജെ.പിയിൽ ചേക്കേറി. അപ്പോഴും വലിയ പരിക്കില്ലാതെ നിന്ന എൻ.സി.പിയാണ് ഇപ്പോൾ നെടുകെ പിളർന്നിരിക്കുന്നത്‌. 

മറുവശത്ത് ലോക്‌സഭയിലേക്ക് ബി.ജെ.പിക്ക് കൂടുതൽ സീറ്റ് നൽകി സംസ്ഥാനത്ത് വലിയ കക്ഷിയായി ശിവസേന തുടർന്നുപോന്നു. 2014-ൽ സീറ്റ് ചർച്ചയിൽ അലസിപ്പിരിഞ്ഞ് 25 വർഷത്തെ ബന്ധം മുറിച്ച് ഒറ്റയ്ക്ക് ഒറ്റയ്ക്ക് മത്സരിച്ചു. മറുവശത്ത് എൻ.സിപി.യും കോൺഗ്രസും തനിച്ച് മത്സരിച്ചു. ഫലം വന്നപ്പോൾ ബി.ജെ.പി. വൻ മുന്നേറ്റം നടത്തി. ശിവസേന ജൂനിയറായി. ബി.ജെ.പിക്ക് കൈകൊടുക്കാൻ അവൻ നിർബന്ധിതരായി.

placeholder
അജിത് പവാര്‍ | Photo: PTI
അജിത് പവാർ | Photo: PTI

2019-ൽ 105 സീറ്റ് ബിജെപിയും 56 സീറ്റ് ശിവസേനയും ജയിച്ച് എൻ.ഡി.എ സഖ്യം 161 സീറ്റ് നേടി. രണ്ടര വർഷം ബിജെപി മുഖ്യമന്ത്രിയും രണ്ടരവർഷം ശിവസേന മുഖ്യമന്ത്രിയും മഹാരാഷ്ട്ര ഭരിക്കാമെന്നായിരുന്നു തിരഞ്ഞെടുപ്പ് ഡീൽ. എന്നാൽ, ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് അത് സമ്മതമായിരുന്നില്ല. സഖ്യം പിരിഞ്ഞു. രായ്ക്ക്രാമാനം കൂടുതൽ സീറ്റ് കിട്ടിയ എൻ.സി.പിയിലെ ഒരുവിഭാഗത്തെ കൂട്ടുപിടിച്ച് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയും അജിത് പവാറിനെ ഉപമുഖ്യമന്ത്രിയുമാക്കി സർക്കാരുണ്ടാക്കി. പക്ഷേ, അന്ന് എൻ.സി.പി. പിളർത്താൻ അജിത് പവാറിനായില്ല. പുതിയ സർക്കാരിന്റെ ആയുസ് വെറും 80 മണിക്കൂറിലേക്കൊതുങ്ങി. പിന്നാലെ ശിവസേനയും എൻ.സി.പിയും കോൺഗ്രസും ചേർന്ന് മഹാ വികാസ് അഘാഡി എന്ന പുതിയ സഖ്യത്തിന് കീഴിൽ സർക്കാർ രൂപീകരിച്ചു, ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി. ബി.ജെ.പി. പുറത്തുമായി. പക്ഷേ, ശരദ് പവാർ അജിത്തിനെ കൈവിട്ടില്ല. സഹോദരപുത്രനെ വഴിതെറ്റിയ കുഞ്ഞാടായി കണക്കാക്കി എല്ലാം ക്ഷമിച്ച് തിരികെക്കൂട്ടി. അപ്പോഴും താക്കറെ സർക്കാരിലെ ഉപമുഖ്യമന്ത്രിപദം അജിത്ത് പവാറിന് സ്വന്തം 

രണ്ടര വർഷത്തിന് ശേഷം 2022 ജൂണിൽ അതിനാടകീയമായി ഉദ്ദവിന് താഴെയിറങ്ങേണ്ടി വന്നു. വിമതനീക്കത്തിലൂടെ ശിവസേനയെ പിളർത്തി ഷിന്ദേയെ മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയാക്കി ബി.ജെ.പി. പകരം വീട്ടി. ഉപമുഖ്യമന്ത്രി പദവി തെറിച്ചതോടെ എൻ.സി.പി. നേതാക്കളെ ചാക്കിട്ട് പിടിച്ച് ബി.ജെ.പിക്കൊപ്പം നിർത്താൻ കിണഞ്ഞു ശ്രമിക്കുകയായിരുന്നു അജിത് പവാറും കൂട്ടരും. കൃത്യം ഒരു വർഷം കഴിയുമ്പോൾ അന്ന് കളിച്ച് ജയിച്ച അതേ കളി ബി.ജെ.പി. വീണ്ടും പുറത്തെടുത്തു. അന്ന് ബി.ജെ.പിയെ സഹായിക്കാൻ കളത്തിലിറങ്ങിയ അതേ അജിത് പവാർ വീണ്ടും കളത്തിൽ. ഇത്തവണ വിമതനീക്കത്തിലൂടെ എൻ.സി.പിയെ പിളർത്താൻ അജിത് പവാറിനായി. എൻ.സി.പിയിലെ നല്ലൊരു വിഭാഗം നേതാക്കൾ ബി.ജെ.പി. പാളയത്തിലെത്തി. 2019-ൽ ബി.ജെ.പി. നീട്ടിയ അതേ ഉപമുഖ്യമന്ത്രിക്കസേര ഇപ്പോഴിതാ വീണ്ടും അജിത് പവാറിന് തന്നെ സ്വന്തമായിരിക്കുന്നു. ഒപ്പം കൂടെ വന്ന  30 എം.എൽ.എമാരിൽ എട്ട് പേർക്ക്‌ മന്ത്രിസ്ഥാനവും. എന്നാൽ പുറത്തുള്ള ശരദ് പവാർ സംഘമാണോ അതോ ബി.ജെ.പിക്കൊപ്പം പോയ വിമതരാണോ യഥാർത്ഥ എൻ.സി.പിയെന്ന് ഇപ്പോഴും ആർക്കും വ്യക്തതയില്ല. നിയമനടപടി സ്വീകരിക്കാനൈാരുങ്ങുകയാണ് ശരദ് പവാറും സംഘവും. എന്നാൽ, മുന്നേ പോയ ഷിൻഡെയും കൂട്ടരും ഇപ്പോഴും ത്രിശങ്കുവിലാണെന്ന കാര്യം അജിത് പവാർ ഓർക്കാതിരിക്കില്ല. 

placeholder
ജൂലായ് അഞ്ചിന് ശരദ്പവാര്‍ വിളിച്ചു ചേര്‍ത്ത എന്‍.സി.പി യോഗത്തിനിടെ പാര്‍ട്ടിയോടുള്ള വിശ്വസ്തത തെളിയിക്കാന്‍ സത്യവാങ്മൂലം നല്‍കുന്ന പ്രവര്‍ത്തകര്‍
ജൂലായ് അഞ്ചിന് ശരദ് പവാർ വിളിച്ചു ചേർത്ത എൻ.സി.പി. യോഗത്തിനിടെ പാർട്ടിയോടുള്ള വിശ്വസ്തത തെളിയിക്കാൻ സത്യവാങ്മൂലം നൽകുന്ന പ്രവർത്തകർ

ശരദ് പവാറും എൻ.സി.പിയും പിന്നെ അജിത് 'പവറും'

എൻ.സി.പിയെന്നാൽ മഹാരാഷ്ട്രക്കാർക്ക് അന്നുമിന്നും ശരദ് പവറാണ്. മറ്റേത് നേതാവും അതിന് പിന്നിലേ വരൂ. ഇന്നും അണികൾക്കിടയിലെ ക്രൗഡ്പുള്ളറാണ് പവാർ. അയാളെ കേൾക്കാൻ ഇന്നും മഹാരാഷ്ട്രയിൽ ജനമിരമ്പും. പിളർപ്പിന് ശേഷം രാഷ്ട്രീയ ഗുരുവായ വൈ.ബി.ചവാന്റെ സമാധിദിനത്തിൽ ശരദ് പവാറിനെ കേൾക്കാനെത്തിയ ജനസാഗരവും അതിന് അടിവരയിടുന്നുണ്ട്. അജിത് പവാർ ബി.ജെ.പിയ്ക്കൊപ്പം ചേരാൻ വിമതനീക്കം നടത്തുന്നുവെന്ന വാർത്ത പരന്നതോടെയാണ് കഴിഞ്ഞ മേയ് മാസത്തിൽ അജിത് പവാറിന്റെ രാജി നാടകം അരങ്ങേറിയത്. പാർട്ടിയിലെ തന്റെ അപ്രമാദിത്തം കൂടിയാണ് അതിലൂടെ അദ്ദേഹം തെളിയിച്ചത്. ശരദ് പവാറിന്റെ തീരുമാനത്തെ അനുസരിക്കൂ രാജിവെയ്ക്കട്ടെ എന്ന നിലപാടായിരുന്നു അജിത് പവാറിന്. എന്നാൽ 'അയ്യോ അച്ഛാ പോവല്ലേ' വികാരത്തോടെ   പാർട്ടി ഒന്നടക്കം ശരദ് പവാറിനൊപ്പം നിൽക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാർട്ടിയിൽ തന്റേത് തന്നെയാണ് ഇപ്പോഴും അവസാനവാക്കെന്ന അജിത് പവാറിനുള്ള താക്കീത് കൂടിയായി രാജിപ്രഖ്യാപനം

രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കയറ്റിയതും വളർത്തിയതും ഇളയച്ഛനാണെങ്കിലും ഒരു ഘട്ടത്തിനപ്പുറം തനിക്ക് സ്ഥാനമില്ലെന്ന ചിന്തയും അധികാരമോഹവും അജിത് പവാറിനെ എല്ലാ കാലത്തും അസ്വസ്ഥനാക്കിയിട്ടുണ്ട്. പല ഘട്ടത്തിലും അജിത് പവാർ അത് തുറന്ന് കാട്ടിയിട്ടുമുണ്ട്. എൻ.സി.പിയുടെ സ്ഥാപകദിനത്തിൽ അജിത് പവാർ ഇരിക്കെയാണ് മകൾ സുപ്രിയ സുലയെയും പ്രഫുൽ പട്ടേലിനെയും ശരദ് പവാർ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റുമാരാക്കിയത്. അധികാരം കാണുമ്പോൾ മലക്കം മറിയുന്ന നേതാവ്, അത് സഹോദരപുത്രനാണെങ്കിലും വിശ്വസിക്കരുതെന്ന് ഒരുപക്ഷേ ശരദ് പവാറിനെ അനുഭവം പഠിപ്പിച്ചിരിക്കാം. താനെന്ന ലക്ഷ്മണരേഖ മറികടക്കാൻ അജിത് പവാറിന് ഒരു പ്രയാസവുമുണ്ടാവില്ലെന്ന് ശരദ് പവാർ മനസിലാക്കിയിട്ടുണ്ടാവണം. കാരണം 1999-ൽ സോണിയ ഗാന്ധിയുടെ വിദേശപൗരത്വത്തെച്ചൊല്ലി കോൺഗ്രസിൽനിന്ന് രാജിവെച്ച് എൻ.സി.പിയെന്ന പുതിയ പാർട്ടിയുണ്ടാക്കിയ പവാറും അത്തരമൊരു 'രേഖ'യും ഗൗനിച്ചിട്ടില്ല. അവിഭക്ത കോൺഗ്രസിൽനിന്നു ഗ്രൂപ്പുകളികളിലേക്കും അവിടെനിന്ന് സാങ്മയ്‌ക്കൊപ്പം സ്വന്തം പാർട്ടിയുണ്ടാക്കി പോയപ്പോഴും അധികാരമോഹം തന്നെയാണ് ശരദ് പവാറിനെയും നയിച്ചത്. അന്നുമുതൽ വെള്ളവും വളവും നൽകി വളർത്തിയ പാർട്ടിയെയും കൂടെ നിർത്തിയ ഛഗൻ ഭുജ്പൽ അടക്കമുള്ള നേതാക്കളെയുമാണ് അജിത് പവാർ പിഴുതെടുത്തത്. 

പാർട്ടിയിൽ എക്കാലവും ശരദ് പവാറിന്റെ വിശ്വസ്തരായിരുന്നു പ്രഫുൽ പട്ടേലും ഛഗൻ ഭുജ്പലുമെല്ലാം. ശിവസേനയിലെ ആദ്യകാല നേതാക്കാളിലൊരാളായ ഭുജ്പൽ തനിക്കും മുകളിൽ മുരളീമനോഹർ ജോഷിയെ പ്രതിഷ്ഠിച്ചപ്പോഴാണ് അവിടം വിട്ട് കോൺഗ്രസിലെത്തിയത്. ശരദ് പവാറിന്റെ പിന്തുണയോടെ കോൺഗ്രസിലെത്തിയ ഭുജ്​ബൽ ശരദ്​ പവാറിന്റെ നിഴലായി എൻ.സി.പിയ്ക്കൊപ്പമായി പിന്നീട്. പാർട്ടിയിലെ ഏറ്റവും ശക്തനായ ഒ.ബി.സി. നേതാവായി വളരാൻ ഭുജ്പലിന് അധികകാലം വേണ്ടിവന്നില്ല. ഭുജ്പലും പ്രഫുൽ പട്ടേലും പോയതാണ് ശരദ്​ പവാവാറിന് ഇരുട്ടടിയായത്. ഇരുവരും അണികൾക്കിടയിൽ സർവസമ്മതർ, ശരദ്​ പവാറിന്റെ വിശ്വസ്തർ. രണ്ട് മാസം മുൻപ് നടന്ന ശരദ് പവാറിന്റെ രാജി നാടകത്തിൽ പോലും ഒപ്പം നിന്ന് ശക്തി തെളിയിച്ചയാളാണ് പ്രഫുൽ പട്ടേൽ. 

മകൾ സുപ്രിയയെ മുൻനിരയിലെത്തിച്ചപ്പോഴുണ്ടായ നേതാക്കൾക്കിടയിലെ അതൃപ്തിയും അധികാരമോഹവും എൻ.സി.പിയെ പിളർത്തുന്നതിൽ പ്രധാന കാരണങ്ങളായി. ശിവസേന പിളർത്തി ഏകനാഥ് ഷിന്ദേയെ തനിക്കൊപ്പം നിർത്തിയ ബി.ജെ.പി. അതേ കളി തിരഞ്ഞെടുപ്പ് മുൻനിർത്തി എൻ.സി.പിയിലും കളിക്കുമെന്ന് ശരദ് പവാറിന് നേരത്തേ സൂചന കിട്ടിയതാണ്. ഷിന്ദേ ബി.ജെ.പിക്കൊപ്പം നിന്നപ്പോൾ അതേ താത്പര്യം അജിത് പവാർ മുന്നോട്ട് വെച്ചപ്പോഴും ശരദ് പവാർ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നതാണ് സത്യം. 

എക്കാലവും ശരദ്​ പവാർ പൊളിറ്റിക്സിൽ വിശ്വസിക്കുന്നയാളാണ് അജിത് പവാർ. കളിയറിഞ്ഞ് കളം പിടിക്കുന്നവരിൽ മിടുക്കൻ. ശരദ്​ പവാറിനോളമില്ലെങ്കിലും അജിത് പവാർ ജനസമ്മതിയിൽ ഒട്ടു പിന്നിലല്ല. 2019-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ 1.65 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് അജിത് പവാർ ഏഴാം വട്ടം എം.എൽ.എ. ആയത്. കഴിഞ്ഞ നാല് വർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാർക്ക് കീഴിൽ ഇത് മൂന്നാം തവണയാണ് അജിത് പവാർ ഉപമുഖ്യമന്ത്രിയാകുന്നത്. പാർട്ടിയിൽ അർഹമായ സ്ഥാനം ലഭിച്ചില്ലെന്നും മുഖ്യമന്ത്രിയാകാനുള്ള അവസരമുണ്ടായിട്ടും ശരദ് പവർ തനിക്കാ പദവി തന്നില്ലെന്ന് കഴിഞ്ഞ ദിവസമാണ് അജിത് പവാർ തുറന്നടിച്ചത്. 

placeholder
ജൂലായ് അഞ്ചിന്‌ ബാന്ദ്രയില്‍ നടന്ന എന്‍സിപി നേതാക്കളുടെ യോഗത്തിനിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സംസ്ഥാന മന്ത്രി ഛഗന്‍ ഭുജ്ബലും | Photo: ANI
ജൂലായ് അഞ്ചിന്‌ ബാന്ദ്രയിൽ നടന്ന എൻ.സി.പി. നേതാക്കളുടെ യോഗത്തിനിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സംസ്ഥാന മന്ത്രി ഛഗൻ ഭുജ്ബലും | Photo: ANI

ബി.ജെ.പിയുമായുള്ള അവിശുദ്ധകൂട്ടുകെട്ട് പക്ഷേ മറനീക്കി പുറത്ത് വന്നത് പക്ഷേ 2019-ലെ തിരഞ്ഞെടുപ്പോടെയാണ്. ഏപ്രിലിൽ നടന്ന വിമതനീക്കം മണത്തറിയാൻ ശരദ് പവാറിനായെങ്കിലും ഏറ്റവും അവസാനത്തേതിൽ അയാൾ അമ്പേ പരാജയപ്പെട്ടുപോയി. 2019-ലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പിയുമായി സഖ്യരൂപീകരണ ചർച്ചകൾ നടത്തിയിരുന്നെന്ന ശരദ് പവാറിന്റെ വെളിപ്പെടുത്തൽ വാസ്തവത്തിൽ കുരുക്കിലാക്കിയത് അദ്ദേഹത്തെ തന്നെയാണ്. അധികാരത്തിനായി ബി.ജെ.പി. ആർക്കൊപ്പവും കൂട്ടുകൂടുമെന്ന് കാണിക്കാനാണ് അന്ന് ചർച്ച നടത്തിയതെന്ന് ന്യായീകരിക്കുന്നുണ്ടെങ്കിലും പുതിയ പിളർപ്പിന് ശരദ്​ പവാറിന്റെ മൗനാനുവാദം ലഭിച്ചില്ലെന്ന് എങ്ങനെ വിശ്വസിക്കാനാകുമെന്ന് ചോദിക്കുന്നവരും കുറവല്ല. 

വിനയായത് അഴിമതിക്കേസുകളോ? 

73,000 കോടി രൂപയുടെ അഴിമതി നടത്തിയ ഏറ്റവും അഴിമതിക്കാരായ പാർട്ടികളിലൊന്നാണ് എൻ.സി.പിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് അജിത് പവാറിന്റെ കൂടുമാറ്റം. ഇപ്പോൾ ബി.ജെ.പിക്ക് അഴിമതിക്കേസെന്താ പ്രശ്‌നമല്ലേ എന്ന് ശരദ്​ പവാർ അടക്കമുള്ളവർ ചോദിക്കുന്നതും അതുകൊണ്ടാണ്. ജലസേചന പദ്ധതികളുമായി  ബന്ധപ്പെട്ടാണ് അഴിമതിയാരോപണങ്ങളേറെയും. ഈ വകുപ്പ് കൈകാര്യം ചെയ്തതാകട്ടെ അജിത് പവാറും.  അജിത് പവാറിനെതിരേയുള്ള അഴിമതിയാരോപണങ്ങൾ നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും അന്വേഷിക്കുകയാണ്. പ്രഫുൽ പട്ടേലും സുനിൽ തത്കരെയുമടക്കം മന്ത്രിസ്ഥാനത്തെത്തിയ ആറ് പേരും അഴിമതി നിഴലിലാണ്. 

placeholder
ഛഗന്‍ ഭുജ്ബാലും അജിത് പവാറും | Photo: PTI
ഛഗൻ ഭുജ്ബാലും അജിത് പവാറും | Photo: PTI

എൻ.സി.പിയുടെ ഭാവി സുപ്രിയയുടെ കൈകളിലോ?

മകൾ സുപ്രിയ സുലെയെ പാർട്ടി തലപ്പത്തെത്തിക്കാനാണ് അജിത് പവാറിനെ ഒതുക്കിയതെന്ന വിമർശം ശരദ് പവാർ കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ബാരാമതിയിൽ നിന്നുള്ള ലോക്‌സഭാംഗമാണ് സുപ്രിയ സുലെ. അജിത് പവാർ അവിടുത്തെ നിയമസഭാംഗവും. കോൺഗ്രസിന് റായ്ബറേലി എത്ര പ്രധാനമായിരുന്നോ അത്ര പ്രധാനമാണ് പവാർ കുടുംബത്തിന് ബാരാമതി. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബാരാമതി ഇരുവിഭാഗത്തിനും അഭിമാനമപ്രശ്‌നമാകുമെന്ന കാര്യത്തിൽ തർക്കമില്ല. ശരദ്​ പവാറിന്റെ മകളിൽ നിന്ന് കഴിവുറ്റ ജനപ്രതിനിധിയെന്ന ലേബലിലേക്ക് ഇന്ന് സുപ്രിയ വളർന്നു കഴിഞ്ഞു. പവാറിന് രാഷ്ട്രീയമറിയാം. മകൾക്ക് പ്രവർത്തനവും.

placeholder
സുപ്രിയ സുലെ | Photo: PTI
സുപ്രിയ സുലെ | Photo: PTI

ലോക്‌സഭയിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങളുന്നയിച്ച എം.പിയാണവർ. പിളർപ്പും തളർച്ചയും കടന്ന് മുന്നേറുമെന്ന് പവാർ പറയുന്നതും സുപ്രിയയിലും ജനങ്ങളിലും അയാൾക്കുള്ള വിശ്വാസം കൊണ്ടു കൂടിയാകണം. അതുകൊണ്ടാവണം പേരോ ചിഹ്‌നമോ മാറിയാലും ജനഹൃദയങ്ങളിൽ തങ്ങളുണ്ടാവുമെന്ന് ശരദ്​ പവാർ ഉറപ്പിച്ചു പറയുന്നതും. പേരിനും ചിഹ്നത്തിനുമുള്ള അവകാശവാദം അജിത് പവാർ ഉന്നയിച്ച് കഴിഞ്ഞു. 42 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് അജിത് പവാർ പറഞ്ഞിരുന്നെങ്കിലും 29 പേരാണ് കഴിഞ്ഞ ദിവസം യോഗത്തിനെത്തിയത്. 13 പേരാണ് ശരദ്​ പവാർ വിളിച്ച യോഗത്തിനെത്തിയത്. അയോഗ്യരാകാതിരിക്കണമെങ്കിൽ 36 പേരുടെ പിന്തുണയാണ് അജിത് പവാറിനാവശ്യം. ഇരുപക്ഷത്തും ചേരാതെ നിൽക്കുന്ന 11 പേരുടെ നിലപാടാണ് ഇനി നിർണായകം. ആ നിലപാട് ആശ്രയിച്ചായിരിക്കും എൻ.സി.പിയുടെ ഭാവിയും. പാർട്ടി പിളർത്തി നേതാക്കൾ കൈവിട്ടെന്ന സത്യത്തോട് ശരദ് പവാർ പൊരുത്തപ്പെട്ടു കഴിഞ്ഞു. പ്രായവും രോഗം തളർത്തിയ ശരീരവും പിന്നോട്ടടിച്ചാലും തനിക്കുള്ളിലെ രാഷ്ട്രീയ യുവത്വത്തെ പുറത്തെടുക്കാൻ പവാറിനായാൽ ഒരു പക്ഷേ ഇതുവരെ കാണാത്ത സംഭവവികാസങ്ങൾക്കാകാം മഹാരാഷ്ട്ര സാക്ഷ്യം വഹിക്കുക. 

placeholder
ശരദ് പവാറിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച മുംബൈയിലെ യശ്വന്ത്‌റാവു ചവാന്‍ സെന്ററില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ പ്രവര്‍ത്തകര്‍ | Photo: ANI
ശരദ് പവാറിന്റെ നേതൃത്വത്തിൽ ബുധനാഴ്ച മുംബൈയിലെ യശ്വന്ത്‌റാവു ചവാൻ സെന്ററിൽ നടന്ന പാർട്ടി യോഗത്തിൽ പ്രവർത്തകർ

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഏവരും എഴുതിത്തള്ളിയ ഘട്ടത്തിൽ മഴ നനഞ്ഞ് പ്രസംഗിക്കുന്ന പവാറിന്റെ പ്രസംഗം മഹാരാഷ്ട്ര മറന്നിട്ടുണ്ടാവില്ല. ഫലം വന്നപ്പോൾ പ്രവചനങ്ങളെ കടത്തിവെട്ടി 53 എം.എൽ.എമാരിലേക്ക് എൻ.സി.പി. എത്തിയത്. നേതാക്കൾ മറുകണ്ടം ചാടിയാലും അണികൾ കൂടെയുണ്ടാവുമെന്ന ചങ്കുറപ്പാണ് പവാറിനെ നയിക്കുന്നത്. ഇപ്പോൾ അരങ്ങേറിയത് നാടകമല്ലെങ്കിൽ പവാറും പവാറും തമ്മിൽ പവറിന് വേണ്ടിയുള്ള പോരാട്ടമാകും 2024-ൽ കാണാനാകുക.

placeholder
ശരദ് പവാറിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച മുംബൈയിലെ യശ്വന്ത്‌റാവു ചവാന്‍ സെന്ററില്‍ നടന്ന പാര്‍ട്ടി യോഗത്തിനിടെ പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുക്കുന്നു | Photo: ANI
ശരദ് പവാറിന്റെ നേതൃത്വത്തിൽ ബുധനാഴ്ച മുംബൈയിലെ യശ്വന്ത്‌റാവു ചവാൻ സെന്ററിൽ നടന്ന പാർട്ടി യോഗത്തിനിടെ പ്രവർത്തകർ പ്രതിജ്ഞയെടുക്കുന്നു | Photo: ANI

പുകയുന്ന അതൃപ്തി, ഷിന്ദേയുടെ ഭാവി

ശിവസേനയിൽ ഉദ്ദവ് കഴിഞ്ഞാൽ ഏറ്റവും ശക്തനായ നേതാവാണ് ഏക്‌നാഥ് ഷിന്ദേ. ശിവസൈനികരുടെ വീരമറാത്തക്കാരൻ. അർപ്പണബോധവും, ആത്മവീര്യവും കഠിനാധ്വാനവുമാണ് ഓട്ടോ ഡ്രൈവറിൽനിന്ന് ഷിന്ദേയെ ബാൽ താക്കറെയുടെ വസതിയായ 'മാതോശ്രീ'യുടെ വരെ വിശ്വസ്തനായി വളർത്തിയത്. പാർട്ടിക്കാരുടെ പ്രിയപ്പെട്ട ഭായിയായി ഷിന്ദേ പനപോലെ വളർന്നു. പക്ഷേ, കൃത്യം ഒരു വർഷം മുൻപ് അതേ ശിവസേനയിൽ വിമത ശബ്ദമുയർത്തി. നാൽപതോളം എം.എൽ.എമാരെ കൂട്ടി ഗുവാഹത്തിയിലേക്ക് പോയ ഷിന്ദേ തിരികെയെത്തിയത് ബി.ജെ.പിയുടെ സഹായത്തോടെയാണ്. പേടിപ്പിച്ചും അനുനയിപ്പിച്ചും എന്തിന് മുഖ്യമന്ത്രി പദം വരെ ശിവസേന വെച്ചു നീട്ടിയിട്ടും ഷിന്ദേ തിരികെപ്പോയില്ല. ഷിന്ദേയെ ബി.ജെ.പി. മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി വാഴിച്ചു. ബി.ജെ.പി. നേതാവും മുൻമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് ഉപമുഖ്യമന്ത്രിയുമായി. 

ഇനിയൊരു നിയമസഭാ തിരഞ്ഞെടുപ്പും ലോക്​സഭാ തിരഞ്ഞെടുപ്പും പടിക്കലെത്തി നിൽക്കുമ്പോൾ ഏക​നാഥ് ഷിന്ദേയെ കാത്തിരിക്കുന്നത് നിർണായക ദിവസങ്ങളാണ്. മാത്രമല്ല, അന്ന് ഷിന്ദേയ്ക്കൊപ്പം ശിവസേനയിൽനിന്ന് പുറത്തെത്തിയ 16 എം.എൽ.എമാരുടെ ഭാവിയും തുലാസിലാണ്. ഉദ്ദവ് സർക്കാരിനെ വീഴ്ത്തി ശിവസേന പിളർത്തിയതിന് ഷിന്ദേയ്ക്കും എം.എൽ.എമാർക്കുമെതിരേ സുപ്രീംകോടതി വിധി വരാനിരിക്കുന്നതേയുള്ളൂ. അവർക്കായി അന്നൊഴിച്ചിട്ടിരുന്ന മന്ത്രി കസേരകളിൽനിന്നാണ് എൻ.സി.പിയിൽ നിന്നെത്തിയ എട്ട് മന്ത്രിമാർക്ക് സീറ്റ് നൽകിയത്. ബാക്കിയുള്ളവ വീതം വെച്ചാലും ശിവസേനയ്ക്ക് അർഹമായ സ്ഥാനം ലഭിക്കില്ലെന്നതും ഷിന്ദേയെ വലയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉദ്ദവ് താക്കറെയ്ക്കൊപ്പം ചേരാൻ എം.എൽ.എമാർ ശ്രമിച്ചാൽ ഷിന്ദേയ്ക്ക് തടുക്കാനാവുമെന്നും തോന്നുന്നില്ല. ഉദ്ദവ് സമീപിച്ചാൽ ഉചിതമായ തീരുമാനമെടുക്കുമെന്ന എംഎൽഎ മാരിൽ ചിലരുടെ പരസ്യ പ്രതികരണവും ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്. 

placeholder
ഏക്‌നാഥ് ഷിന്റെ | photo: PTI
ഏക്‌നാഥ് ഷിന്ദേ | photo: PTI

സുപ്രീം കോടതി വിധിയോ മറ്റേതെങ്കിലും തരത്തിലുള്ള അട്ടിമറിയോ ഉണ്ടായാൽ പിടിച്ചുനിൽക്കാനുള്ള തുറുപ്പു ചീട്ടാണ് ബി.ജെ.പിക്ക് എൻ.സി.പി. ഇതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പ്രയോഗിക്കാമായിരുന്ന 'ബാർഗെയ്ൻ പവർ' കൂടിയാണ് ഷിന്ദേക്ക് നഷ്ടമാകുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.-ശിവസേന സഖ്യം നേടിയെടുത്ത 48-ൽ 41 സീറ്റെന്ന വമ്പൻ ജയം ഇക്കുറി ഷിന്ദേയെ കൂടിനിർത്തി ആവർത്തിക്കാനാകുമോ എന്ന കാര്യത്തിലും ബി.ജെ.പിക്ക് സംശയമുണ്ട്. 288 അംഗനിയമസഭയിലേക്ക് അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഷിന്ദേ പക്ഷത്തിന് ജനങ്ങൾക്കിടയിൽ എത്രമാത്രം സ്വീകാര്യതയുണ്ടെന്ന ചോദ്യവും മുഴച്ചു നിൽക്കുന്നു. കാരണം താക്കറെ കുടുംബത്തിന്റെ തണലില്ലാത്ത ശിവസേന ശിവസേനയല്ലെന്ന് വിശ്വസിക്കുന്നവരാണ് മഹാരാഷ്ട്രക്കാരിലേറെയും. അങ്ങനെവരുമ്പോൾ ഷിന്ദേയെ തഴയാനും ഒരു പക്ഷേ ബി.ജെ.പി. മടിച്ചേക്കില്ല. 

ഉപമുഖ്യമന്ത്രിയായ അജിത് പവാറിന്റെ ആത്യന്തിക ലക്ഷ്യം മുഖ്യമന്ത്രി കസേരയാണ്. ഇപ്പോഴത്തെ കണക്കുവെച്ച് നോക്കിയാലും ഷിന്ദേ പക്ഷത്തെക്കാൾ എം.എൽ.എമാർ അജിത്തിനൊപ്പമുണ്ട്. സ്വാഭാവികമായും അജിത്തിന് തന്റെ ലക്ഷ്യത്തിലേക്ക് ഇത് അനുകൂല ഘടകമാണ്. മറുവശത്ത് അധികാരവും മന്ത്രിക്കസേരയും സ്വപ്‌നം കണ്ട ഇറങ്ങിപ്പോന്ന എം.എൽ.എമാർ ഒപ്പം നിൽക്കുമോ എന്ന ഭയം ഷിന്ദേയെ ബുദ്ധിമുട്ടിക്കും. ബി.ജെ.പിക്കാകട്ടെ കൂറുമാറ്റത്തിൽ വിധി എതിരായാലും തത്കാലം സർക്കാർ സുരക്ഷിതമായി. എല്ലാത്തിനുമൊടുവിൽ ഒരു പക്ഷത്തും ഇല്ലാതെ നിൽക്കുന്ന 11 എം.എൽ.എമാരാകും ശരദ് പവാറാണോ അജിത് പവാറാമോ വലിയവൻ എന്ന് തെളിയിക്കുക. കാരണം കൂറുമാറ്റത്തിന്റെ വാൾ അജിത്തിന് മുന്നിലുണ്ട് വലിയ പ്രതിസന്ധിയായി. അതുകൊണ്ട് തന്നെ മറാത്ത നാടകത്തിൽ ഇനിയും രംഗങ്ങൾ ബാക്കിയുണ്ട്‌. 

ശിവസേനയും എൻ.സി.പിയും പൊളിച്ചു.അടുത്തത് കോൺഗ്രസാകുമോ? മുൻ മുഖ്യമന്ത്രി അശോക് ചവാൻ മനംമാറ്റത്തിലാണ് എന്ന റിപ്പോർട്ടുകളുമുണ്ട്. അതുകൂടി നടന്നാൽ വിലാസമില്ലാത്ത മഹാവിഘാസ് അഖാഡിയാകുമോ ശേഷിക്കുക എന്നും പറയാനാകില്ല

placeholder
അജിത് പവാറും ഏക്‌നാഥ് ഷിന്റെയും | Photo: PTI
അജിത് പവാറും ഏക്‌നാഥ് ഷിന്റെയും

ശിവസേന, എൻ.സി.പി.; ബിജെപി ലിസ്റ്റിൽ അടുത്തത് ജെ.ഡി.യുവോ

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരേ പടയൊരുക്കം ശക്തമാക്കാൻ പ്രതിപക്ഷ കക്ഷികൾ അണിയറയിൽ നീക്കം നടത്തുന്നതിനിടയിലാണ് എൻ.സി.പി. പിളർപ്പെത്തിയിരിക്കുന്നത്. ലോക്‌സഭയിൽ വിരലിലെണ്ണാവുന്ന എം.പിമാരേ എൻ.സി.പിയ്ക്കുള്ളൂവെങ്കിലും പ്രതിപക്ഷ കൂട്ടായ്മയിൽ ചെറുതല്ലാത്ത സ്ഥാനമാണ് ശരദ്​ പവാറിന്. എൻ.സി.പിയിലുണ്ടായ നാടകീയ നീക്കം പ്രതിപക്ഷ സംഘത്തിന്റെ ആത്മവീര്യം കെടുത്തുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.. ലോക്‌സഭ തിരഞ്ഞടുപ്പിന് മുന്നോടിയായി സംയുക്ത പ്രതിപക്ഷത്തിന്റെ യോഗം ബാംഗ്ലൂരിൽ ചേരാനിരിക്കെയാണ് ഇത്തരമൊരു ഷോക്ക് ട്രീറ്റ്‌മെന്റ്. ബെംഗളൂരുവിലെ യോഗം സംബന്ധിച്ച വിവരങ്ങളും അജണ്ടയും ശരദ്​ പവാർ പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് എൻ.സി.പി. പിളർന്നത് എന്നതും പ്രതിപക്ഷ കൂട്ടായ്മയിൽ ചെറുതല്ലാത്ത ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ബീഹാറിലും ഉത്തർപ്രദേശിലുമെല്ലാം ഇതേ നാടകം തന്നെ അരങ്ങേറുമോയെന്ന ഭയവും കക്ഷികൾക്കിടയിലുണ്ട്. ജെ.ഡി.യു. നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാർ സ്വീകരിച്ച ഏക സിവിൽ കോഡ് അനുകൂലനയമാണ് ഈ ചിന്തയ്ക്ക് ആക്കം കൂട്ടുന്നത്. എതിർസ്വരങ്ങൾ ഇല്ലാതാക്കാൻ ഏതടവും പയറ്റുന്ന ബി.ജെ.പി. കുതന്ത്രമായി പുതിയ നീക്കങ്ങളെ വിലയിരുത്തിയാൽ തെറ്റ് പറയാനാവില്ല. 

അഭിമാനം നൽകാത്ത രാഷ്ട്രീയ മാതൃക

എല്ലാ പാർട്ടികൾക്കും നിർണായകമാണ് വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ്. ഭിന്നിപ്പിച്ചും സഖ്യം ചേർന്നും ഏതു വിധേനയും വോട്ട് വീഴ്ത്താനുള്ള കഠിനാധ്വാനത്തിലാണ് ബി.ജെ.പി. ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്​സഭ സീറ്റുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ആ നിലയ്ക്ക് എന്ത് വിലകൊടുത്തും നേതാക്കളെ കൂടെക്കൂട്ടാനാവും ബി.ജെ.പി. ശ്രമം. ജനാധിപത്യരീതിയിൽ അധികാരത്തിലേറിയ സർക്കാരിനെ നോക്കുകുത്തിയാക്കുന്ന രാഷ്ട്രീയ മാതൃകയിൽ ആകൃഷ്ടരാവുന്ന പ്രാദേശിക പാർട്ടികൾ ഇനിയുമുണ്ട് രാജ്യത്ത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ രാജ്യം കണ്ട രാഷ്ട്രീയ നാടകങ്ങളിലെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ് മഹാരാഷ്ട്രയിൽ അരങ്ങേറിയത്.