രാജാവ് ഒറ്റപ്പെട്ട് നിൽക്കുമ്പോൾ രക്ഷപ്പെടാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു ട്രിക്കുണ്ട് ചെസിൽ, 'റൂൾ ഓഫ് ദി സ്ക്വയർ'. മഹാരാഷ്ട്രയിൽ ശരദ്‌ പവാറിന്റെ ചില നീക്കങ്ങളെ സമാന രീതിയിലെന്ന് കണ്ടാൽ തെറ്റുപറയാൻ പറ്റില്ല. പാര്‍ട്ടിയില്‍ അജിത് പവാറിന്റെ നീക്കങ്ങളുടെ മുനയൊടിച്ച്‌ രാജി പ്രഖ്യാപനത്തിലൂടെ കവചം തീർത്ത് മുമ്പിൽ രണ്ട് വർക്കിങ് പ്രസിഡന്റുമാരെ ചുമതലയേൽപ്പിച്ച് അദ്ദേഹം ശക്തനെന്ന് ഒന്നു കൂടി തെളിയിച്ചു.

To advertise here,

അത്ര ചെറുതല്ലാത്ത 'പവാർ പ്ലേ': രാഷ്ട്രീയഭേദമന്യേ ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന പ്രായോഗിക രാഷ്ട്രീയ ചാണക്യൻ. എന്ത്, എപ്പോൾ, എവിടെ, എങ്ങനെ പ്രവർത്തിക്കും എന്ന കാര്യം നിഗൂഢം. മനസ്സിലുള്ള കാര്യങ്ങൾ ഊഹിച്ചെടുക്കാൻ അടുപ്പമുള്ളവർക്ക് അസാധ്യം. പതുങ്ങിയിടത്ത് നിന്ന് എതിർപാളയത്തിലേക്ക് പ്രഹരശേഷിയുള്ള ശരങ്ങളെയ്യാനും രാഷ്ട്രീയ തന്ത്രങ്ങൾ മെനയാനും കെൽപ്പുള്ള നേതാവ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ പല പാർട്ടികൾക്കും പലപ്പോഴായി പവാർ ഏൽപ്പിച്ച പ്രഹരങ്ങൾ അത്ര ചെറുതല്ല. "രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളും സ്ഥിരം മിത്രങ്ങളും ഇല്ല, ഉള്ളത് സ്ഥാനങ്ങളും പാർട്ടിയും മാത്രം" എന്നത് വായിക്കും മുമ്പ്, പവാറിന്റെ കാര്യത്തിൽ ചെറിയൊരു തിരുത്തലുമാകാം, 'രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളേയും മിത്രങ്ങളാക്കി മാറ്റാൻ സാധിക്കും' എന്നു കൂടി തിരുത്തി വായിക്കേണ്ടി വരും.

2024- ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സമവാക്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ജനം. ഏറ്റവും ഒടുവിലെ രാഷ്ട്രീയ നാടകങ്ങളിൽ ഒന്നാണ് മഹാരാഷ്ട്രയിലെ പവാറിന്റ 'ട്രിപ്പിൾ ഷോക്ക്'. എൻ.സി.പി. അധ്യക്ഷ സ്ഥാനം രാജിവെക്കുന്നു, തിരികെ അധ്യക്ഷനാകുന്നു, പാർട്ടിയിലെ ശക്തനായ നേതാവ് അജിത് പവാറിനെ ഗാലറിയിലേക്ക് തള്ളി മകൾ സുപ്രിയ സുലെയേയും പ്രഫുൽ പട്ടേലിനേയും വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കുന്നു, എല്ലാം ശടപടേന്ന്.

ഒരു സൂചന പോലും നൽകാതെയായിരുന്നു ശരദ്‌ പവാറിന്റെ രാജി. തന്റെ ആത്മകഥയുടെ രണ്ടാം ഭാഗത്തിന്റെ പ്രസിദ്ധീകരണ സമയത്ത് പാർട്ടിപ്രവർത്തകരെ ഞെട്ടിച്ചു കൊണ്ട് രാജിപ്രഖ്യാപനം. 'എൻ.സി.പി. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നു, പുതിയ അധ്യക്ഷനെ ഉന്നതതല യോഗത്തിൽ തീരുമാനിക്കും' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. രാജി പ്രഖ്യാപനം ഞെട്ടലോടെയാണ് അണികൾ കേട്ടത്. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നേതാക്കളും പാർട്ടി പ്രവർത്തകരും പവാറിനോട് അഭ്യർഥിച്ചു, വികാരാധീനരായി, പ്രതിഷേധിച്ചു. ആലോചിക്കാം എന്ന് മാത്രം പറഞ്ഞ അദ്ദേഹം രണ്ട് ദിവസത്തിനുശേഷം രാജിയിൽ നിന്ന് പിൻവാങ്ങി.

പവാറിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ എൻ.സി.പിയില്‍ പുതിയ അധ്യക്ഷനെക്കുറിച്ചുള്ള ചർച്ചകളും സജീവമായി. പാർട്ടിയിലെ രണ്ടാമനായി കണക്കാക്കപ്പെടുന്ന അജിത് പവാറിനായിരുന്നു സാധ്യതകൾ. ഒപ്പം, പവാറിന്റെ മകളും എം.പിയുമായ സുപ്രിയ സുലെയുടെ പേരുകളും ഉയർന്നു. തിരഞ്ഞെടുക്കാൻ മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി ഉന്നതതല സമിതിയേയും പവാർ നിയോഗിച്ചിരുന്നു. ചർച്ചകൾ പുരോഗമിക്കെ രാജിപ്രഖ്യാപനത്തിൽ നിന്ന് പിന്തിരിഞ്ഞ് അദ്ദേഹം വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് പ്രവേശിച്ചു.

എന്തിനായിരുന്നു പവാറിന്റെ രാജി നാടകം?

പൊടുന്നനെ ഉണ്ടായ രാജി നാടകം എന്തിനായിരുന്നു? ഒരൊറ്റ രാജി പ്രഖ്യാപനത്തിൽ കൂടി പവാർ എന്താണ് പാർട്ടി പ്രവർത്തകരേയും നേതൃത്വത്തേയും മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിച്ചത്? രാജിയിൽ കൂടി ആരൊക്കെയാണ് ഉന്നം വെച്ചത്? ചോദ്യങ്ങൾ ഒരുപാടുണ്ട്. അപശ്ശബ്ദങ്ങളായി, അഭ്യൂഹങ്ങളായി പല ഉത്തരങ്ങളും പലയിടങ്ങളിലായി ഉയരുന്നുണ്ട്.

placeholder
ശരദ് പവാർ | Photo: മാതൃഭൂമി
ശരദ് പവാർ | Photo: മാതൃഭൂമി

പാർട്ടിയിൽ പ്രവർത്തകർക്കിടയിൽ തന്നോടുള്ള മതിപ്പ് കുറയുന്നു എന്ന് തോന്നിത്തുടങ്ങിയിടത്തു നിന്നുള്ള ചിന്തയാകാം ഇത്തരത്തിൽ രാജി നാടകത്തിന് പിന്നിലെന്നാണ് പലവൃത്തങ്ങളും വ്യക്തമാക്കുന്നത്. ജനങ്ങളുടെ പിന്തുണ വ്യക്തമാക്കാൻ വേണ്ടി ഇത്തരത്തിൽ ഒരു നാടകം കളിച്ചു എന്നും, അതല്ല നേരത്തെ പാർട്ടി വിട്ട് ബി.ജെ.പിയുമായി സഖ്യം ചേർന്ന്, എന്നാൽ പിന്നീട് വീണ്ടും എൻ.സി.പി.യിൽ തിരിച്ചെത്തിയ അജിത് പവാർ വീണ്ടും ബി.ജെ.പിയുമായി അടുക്കുന്നതാണ് രാജിക്ക് പിന്നിൽ എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിന്നു. എന്നാൽ ഇക്കാര്യങ്ങളിലൊന്നും തന്നെ ശരദ്‌ പവാർ പ്രതികരിച്ചില്ല. അഭ്യൂഹങ്ങളും ചർച്ചകളും ഉയർന്നു കൊണ്ടേയിരുന്നു.

പുറമെ നിന്ന് നോക്കിക്കാണുമ്പോൾ, പവാറിന്റെ രാജി കൃത്യമായ പദ്ധതികളോടെത്തന്നെ ആയിരുന്നു എന്ന് വേണം വിലയിരുത്താൻ. ഭരണം നഷ്ടപ്പെട്ടതോടെ പാർട്ടിയോടും അധ്യക്ഷനോടും ജനങ്ങൾക്കുള്ള മതിപ്പ് അദ്ദേഹത്തിന് മനസ്സിലാക്കാൻ വേണ്ടിയിട്ടായിരുന്നു ഇത്തരത്തിലുള്ള നാടകം എന്ന് മാത്രമല്ല പാർട്ടി തലപ്പത്തേക്ക് അടുത്തതായി ആര് വരണമെന്ന് തീരുമാനിക്കാനുള്ള ഇടവേള കൂടിയായിരുന്നു ആ രണ്ട് ദിവസമെന്നും വിദഗ്ദർ വിലയിരുത്തുന്നു. പവാറിന് ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം സുപ്രിയ സുലെയിലും അജിത് പവാറിലും ചുറ്റിപ്പറ്റിയുള്ളതായിരുന്നു. രണ്ടുദിവസത്തിൽ അദ്ദേഹം ഇക്കാര്യങ്ങൾ മനസ്സിലാക്കി രാജി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി. ശേഷം വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ നിശ്ചയിച്ച ആളെ എത്തിക്കുകയും ചെയ്തു.

എന്നാൽ മഹാരാഷ്ട്രയിലെ ശിവസേന - കോൺഗ്രസ് സഖ്യത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് അദ്ദേഹം ഇത്തരത്തിൽ ഒരു നാടകത്തിന് മുന്നിട്ടിറങ്ങിയതെന്നാണ് ബി.ജെ.പി. ആരോപിക്കുന്നത്. മഹാവികാസ് അഘാഡി സഖ്യത്തിൽ എൻ.സി.പി. നശിച്ചു പോകും എന്ന് ഭയപ്പെട്ട പവാർ രാജി നാടകത്തിന് മുന്നിട്ടിറങ്ങിയതെന്നാണ് ബി.ജെ.പി. അധ്യക്ഷൻ ചന്ദ്ര ശേഖർ ഭവൻകുലെ ആരോപിക്കുന്നത്. അതേസമയം വരാനിരിക്കുന്ന തിരഞ്ഞെടിപ്പിൽ ജയസാധ്യതയുള്ളയിടങ്ങളിൽ സ്ഥാനാർഥികളെ ശക്തിപ്പെടുത്തണം എന്ന ആഹ്വാനവുമായി പവാർ തന്നെ രംഗത്തെത്തിയത് ഈ ആരോപണത്തിന് ബലമേകുന്നുണ്ട്.

പാർട്ടി അധ്യക്ഷനറിയാതെ 'സഖ്യം'

2019 തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മഹാരാഷ്ട്രയിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി, പൊടുന്നനെ ഉണ്ടായ രാഷ്ട്രീയ നാടകങ്ങളുടെ തുടക്കം. എൻ.സി.പിയിലെ രണ്ടാമനായ അജിത് പവാറിന്റെ കൂറുമാറ്റമാണ് പാർട്ടിയെ ഏറെ പ്രതിസന്ധിയിലാക്കിയത്. പാർട്ടി പോലും അറിയാതെയാണ് എം.എൽ.എമാരേയും കൂട്ടി അജിത് പവാർ ബി.ജെ.പി. നേതൃത്വത്തിനരികിലെത്തിയത്. രാജ്ഭവനിൽ നിന്ന് എം.എൽ.എമാർ വിളിച്ചപ്പോഴാണ് ശരത് പവാർ വിവരം അറിയുന്നത്. ഇക്കാര്യം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി എന്നാണ് അദ്ദേഹം തന്റെ ആത്മകഥയിൽ വിവരിക്കുന്നത്.

'2019 നവംബർ 23-ന് പുലർച്ചെ 6.30-ന് ആ കോൾ വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. അജിത് പവാറും ഏതാനും എൻ.സി.പി. എം.എൽ.എമാരും രാജ്ഭവനിലുണ്ടെന്നും അജിത്, ഫഡ്‌നാവിസിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുകയാണെന്നും പറഞ്ഞ് വിളിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. രാജ്ഭവനിൽ ഉണ്ടായിരുന്ന ഏതാനും ചില എം.എൽ.എ.മാരെ വിളിച്ചപ്പോൾ 10 എം.എൽ.എമാർ അജിതിനൊപ്പം ഉണ്ടെന്ന് അവരിലൊരാൾ പറഞ്ഞു. ഇതൊക്കെ സംഭവിച്ചത് ഞാൻ കൂടി സഖ്യത്തെ പിന്തുണക്കുന്നു എന്നതു കൊണ്ടാണെന്ന് അവർ പറഞ്ഞു.എന്നാൽ ഇതെല്ലാം എം.വി.എ. (മഹാരാഷ്ട്ര വികാസ് അഘാഡി) യെ തോൽപ്പിക്കാനുള്ള ബി.ജെ.പിയുടെ പദ്ധതിയായിരുന്നു. ഉടൻ തന്നെ ഞാൻ ഉദ്ധവ് താക്കറയെ വിളിച്ചു. അജിത് ചെയ്യുന്നതെല്ലാം തെറ്റാണെന്നും എൻ.സി.പിയും ഞാനും ഇതിനെ പിന്തുണക്കുന്നില്ലെന്നും അദ്ദേഹത്തോട് പറഞ്ഞു. എന്റെ പേര് ഉപയോഗിച്ച് എം.എൽ.എമാരെ രാജ് ഭവനിലേക്ക് എത്തിക്കുകയായിരുന്നു. പതിനൊന്ന് മണിക്ക് മാധ്യമങ്ങളെ കാണാൻ ഉദ്ധവിനേയും ഞാൻ ക്ഷണിച്ചു' -  പവാർ തന്റെ ആത്മകഥയായ 'ലോക് മസെ സംഗതി'യിൽ എൻ.സി.പിയിലുണ്ടായ പിളർപ്പിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമായിരുന്നു.

placeholder
അജിത് പവാറും ദേവേന്ദ്ര ഫഡ്നവിസും | Photo: PTI
അജിത് പവാറും ദേവേന്ദ്ര ഫഡ്നവിസും | Photo: PTI

പവാറിന്റെ പിന്തുണയോടെയല്ല സഖ്യം എന്ന് മനസ്സിലാക്കിയതോടെ എം.എൽ.എമാർ തിരികെ എൻ.സി.പിയിൽ എത്തുകയും അജിത് പവാറും തിരികെ പാർട്ടിയിൽ എത്തുകയും ചെയ്തു. തുടർന്ന് ശിവസേനയുമായി സഖ്യത്തിൽ സർക്കാർ രൂപീകരിക്കുകയായിരുന്നു. ഇതും അധികകാലം തുടർന്നില്ല. ശിവസേനയിൽ നിന്ന് ഒരുകൂട്ടം എം.എൽ.എമാരേയും അടർത്തിയെടുത്ത് ഏക്നാഥ് ഷിന്ദെ ദേവേന്ദ്ര ഫഡ്നവിസിനൊപ്പം ചേർന്ന് അധികാരത്തിലെത്തി.

വിമതനെപ്പോലെ, ഒറ്റപ്പെട്ട്

അജിത് പവാർ പലപ്പോഴായി പാർട്ടിയിൽ വിമതനെപ്പോലെത്തന്നെ തുടർന്നു പോന്നിരുന്നു.പലപ്പോഴും താൻ പാർട്ടിയിൽ തഴയപ്പെടുന്നുണ്ടെന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങുകയും അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എൻ.സി.പി. ദേശീയ സമ്മേളനത്തിൽ പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് അജിത് പവാർ ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. പിന്നീട് സുപ്രിയ സുലെ അനുനയിപ്പിച്ച് വേദിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മാത്രമല്ല, ശിവസേനയിൽ നിന്ന് കൂറുമാറി ഏക്നാഥ് ഷിന്ദേക്കൊപ്പം എൻ.ഡി.എയിൽ എത്തിയ 16 എം.എല്‍.എ. മാരെ സുപ്രീംകോടതി അയോഗ്യരാക്കിയാല്‍ ബദല്‍ എന്നനിലയില്‍ അജിത്പവാറിനേയും കൂടെയുള്ള എം.എല്‍.എ. മാരേയും ബി.ജെ.പി. ഒരുക്കി നിര്‍ത്തിയിരിക്കുന്നുവെന്ന അഭ്യൂഹങ്ങളും ഇതിനിടെ ഉയർന്നിരുന്നു. പവാറിന്റെ രാജി പ്രഖ്യാപനത്തിന് പിന്നിൽ ഇതും ഒരു കാരണമായി രാഷ്ട്രീയ നിരീക്ഷകർ ഉയർത്തിക്കാട്ടുന്നുണ്ട്. എന്നാൽ ഇതിനെയൊക്കെ പരസ്യമായിത്തന്നെ തള്ളിക്കൊണ്ട് ശരത് പവാറിന് രംഗത്തെത്തേണ്ടി വന്നു എന്നതും വസ്തുതയാണ്.

പതിവുതെറ്റിക്കാത്ത മക്കൾ രാഷ്ട്രീയും

രാഷ്ട്രിയത്തിൽ മക്കൾ നേതൃത്വത്തിലേക്ക് എത്തുന്ന പതിവ് എൻ.സി.പിയിലും തുടർന്നു. ശരത് പവാറിൽ നിന്ന് അജിത് പവാറിന്റെ കൈയിൽ എൻ.സി.പിയുടെ കടിഞ്ഞാൺ ലഭിക്കുമെന്ന് നിരവധി കോണിൽ നിന്ന് പരക്കെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവസാനം മകൾ സുപ്രിയ സുലെയുടെ കൈയിൽ തന്നെ പാർട്ടിയുടെ കടിഞ്ഞാൺ എത്തി. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, 'യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഞാൻ അവിടെ എത്തിയത്. അതിനാൽ ഞാനുൾപ്പെടെയുള്ളവർക്കുനേരെ നിങ്ങൾക്ക് സ്വജനപക്ഷപാതം ആരോപിക്കാൻ കഴിയില്ല' എന്നായിരുന്നു സുപ്രിയയുടെ മറുപടി.

placeholder
ശരദ് പവാറും മകൾ സുപ്രിയ സുലെയും | Photo: PTI
ശരദ് പവാറും മകൾ സുപ്രിയ സുലെയും | Photo: PTI

'പാർലമെന്റിൽ എന്റെ പ്രകടനത്തെക്കുറിച്ച് ശ്രദ്ധിച്ചിട്ടുണ്ടോ. ഇപ്പോൾ പാർലമെന്റ് നടത്തിക്കൊണ്ടുപോകുന്നത് എന്റെ അച്ഛനോ അമ്മാവനോ അമ്മയോ അല്ല. ലോക്‌സഭയിലെ ചാർട്ട് പരിശോധിച്ചാൽ കാണാം പാർലമെന്റിൽ മികച്ചപ്രകടനമാണ് ഞാൻ കാഴ്ചവെക്കുന്നതെന്ന്. കുടുംബവാഴ്ചയല്ല അവിടെ നടക്കുന്നത്' - സുപ്രിയ.

പാർട്ടി നിയന്ത്രണം കൈവിട്ട അജിതിന്റെ അടുത്ത നീക്കം എന്ത്?

പാര്‍ട്ടിയെ നിയന്ത്രണത്തിലാക്കാൻ ശ്രമം നടത്തിവരുന്ന സഹോദര പുത്രന്‍ അജിത് പവാര്‍ മാത്രമാണ് ശരത് പവാറിന്റെ രാജി അംഗീകരിക്കുന്നുവെന്ന് പറഞ്ഞ എന്‍.സി.പിയിലെ ഏക നേതാവ്. പവാറിന്റെ തീരുമാനം അംഗീകരിക്കേണ്ടതുണ്ടെന്നും പാര്‍ട്ടിക്ക് പുതിയ നേതൃത്വം വരട്ടെയെന്നുമാണ് അജിത് പവാര്‍ ആദ്യം പ്രതികരിച്ചതെങ്കിലും ശരദ് പവാറിന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ കണ്ട് അദ്ദേഹത്തിനും പിന്നീട് തന്റെ പ്രസ്താവന തിരുത്തേണ്ടിവന്നു. പവാറിന് ശേഷം പാർട്ടിയുടെ തലപ്പത്ത് എത്തേണ്ടിയിരുന്നത് താൻ ആണെന്ന് അജിത് പവാറിന് വ്യക്തമായി അറിയാമെന്നത് കൊണ്ട് തന്നെയാണ് അദ്ദേഹം ഇക്കാര്യം അംഗീകരിച്ചതെന്ന തരത്തിൽ സോഷ്യൽ മീഡിയയും ചർച്ചയാക്കി.

സുപ്രിയ സുലെയേയും പ്രഫുൽ പട്ടേലിനേയും എൻ.സി.പി. വർക്കിങ് പ്രസിഡന്റ് ആക്കിയതോടെ സൈഡിലേക്കൊതുക്കിയ അജിത് പവാറിന്റെ അടുത്ത നീക്കം എന്താകും? നേരത്തെ ബിജെപിക്കൊപ്പം ചേർന്ന അജിത് വീണ്ടും തന്റെ അനുയായികൾക്കൊപ്പം എൻ.ഡി.എയിൽ ചേരുമോ എന്ന തരത്തിലുള്ള ചർച്ചകളും നടക്കുന്നുണ്ട്. എന്നാൽ, 'മഹാരാഷ്ട്ര നിയമസഭാ നേതാവെന്നനിലയിൽ അജിത് പവാറിന് ഇപ്പോൾതന്നെ ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ട്' എന്നായിരുന്നു ശരദ് പവാറിന്റെ മറുപടി. 'മഹാരാഷ്ട്ര രാഷ്ട്രീയത്തിലാണ് തനിക്ക് താത്പര്യം, ഇതിൽ സന്തോഷവാനാണ്' അജിത് പവാർ പ്രതികരിച്ചത് ഇപ്രകാരമാണ്. മറുപടി ഇങ്ങനെയൊക്കെ ആണെങ്കിലും പാർട്ടിയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ നേതാവിന്റെ അടുത്ത തീരുമാനം എന്താണ് എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

പവാർ; രാഷ്ട്രീയത്തിലെ അതികായൻ

പുണെ കോളേജിൽ നിന്ന് വിദ്യാർഥി രാഷ്ട്രീയത്തിലൂടെയുള്ള യാത്രയാണ് ശരദ് പവാറിനെ ഇന്നു കാണുന്ന രാഷ്ട്രീയ ഗോദയിലെ അതികായനായി വളർത്തിയത്. ഗൂഢ രാഷ്ട്രീയ നീക്കങ്ങളിൽ കൂടി അദ്ദേഹം പലപ്പോഴായി അണികളേയും നേതാക്കളേയും എതിരാളികളേയും ഞെട്ടിച്ചു കൊണ്ടിരുന്നു. എതിരാളിയെ പോലും തന്റെ സൗഹൃദവലയത്തിലെത്തിക്കാനുള്ള മിടുക്ക് രാഷ്ട്രീയ ഭേദമന്യേ സുഹൃദ്ബന്ധങ്ങൾ ശക്തിപ്പെടുത്താൻ അദ്ദേഹത്തെ സഹായിച്ചു. എതിരാളികൾ പോലും അദ്ദേഹത്തെ അംഗീകരിച്ചു തുടങ്ങിയത് ഇക്കാരണത്താലായിരുന്നു. അണികളോട് ആഴത്തിലുള്ള ആത്മബന്ധം സൃഷ്ടിച്ച് പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകുന്ന പവാറിനെ ജനങ്ങളും അംഗീകരിച്ചു. അങ്ങനെയാണ് 1958-ൽ അദ്ദേഹം എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെടുന്നത്, തന്റെ 27-ാം വയസിൽ കോൺഗ്രസിൽ നിന്ന് മത്സരിച്ചായിരുന്നു എം.എൽ.എ. ആകുന്നത്.

placeholder
സോണിയാഗാന്ധിയ്ക്കും സിതാറാം കേസരിക്കുമൊപ്പം ശരത് പവാർ | Photo: മാതൃഭൂമി ആർക്കൈവ്സ്
സോണിയാഗാന്ധിയ്ക്കും സിതാറാം കേസരിക്കുമൊപ്പം ശരത് പവാർ | Photo: ആർക്കൈവ്സ്

യൂത്ത് കോൺഗ്രസിലായിരിക്കെ ഗ്രാമങ്ങളിൽ ചെന്ന് അണികൾക്കിടയിൽ പ്രവർത്തിച്ച അടിത്തറ ശക്തിപ്പെടുത്തിയ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതായിരുന്നു വസ്തുത. ഈ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് പിളർത്തി വലന്ത് ദാദാ പാട്ടീൽ സർക്കാരിനെ താഴെയിട്ട് ജനതയുമായുള്ള സഖ്യത്തിലൂടെ 1978-ൽ പവാറിന്റെ നേതൃത്വത്തിൽ സർക്കാർ അധികാരമേറ്റത്. പത്ത് വർഷങ്ങൾക്ക് ശേഷം, തന്റെ 38-ാം വയസിലായിരുന്നു അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. കാലങ്ങൾക്കിപ്പുറം, മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിന്ദെയുടെ നേതൃത്വത്തിൽ വിമതനീക്കത്തിനൊടുവിൽ ബി.ജെ.പി. അധികാരത്തിൽ വന്നത്, 1978-ൽ പവാറിന്റെ നേതൃത്വത്തിൽ സംഭവിച്ചതിന് സമാനമാണ് എന്നത് കാലത്തിന്റെ കാവ്യനീതി.

1969-ൽ കോൺഗ്രസ് പാർട്ടി പിളർന്നപ്പോൾ ഇന്ദിരയ്ക്കൊപ്പമായിരുന്നു പവാർ. വസന്ത് റാവു നായിക് മന്ത്രിസഭയിൽ ആഭ്യന്തരം പവാറിന്റെ കൈയിലും. 1977-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ദിര തോറ്റു, ജനതാ സഖ്യം അധികാരത്തിലേറി. പവാർ കോൺഗ്രസ് (യു) യിലേക്ക് ചേക്കേറി.

placeholder
ഇന്ദിരാ ഗാന്ധിക്കൊപ്പം ശരദ് പവാർ | Photo: https://twitter.com/Ahmad_Shakeel
ഇന്ദിരാ ഗാന്ധിക്കൊപ്പം ശരദ് പവാർ | Photo: https://twitter.com/Ahmad_Shakeel

1980-ൽ ഇന്ദിരാഗാന്ധി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ പവാറിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിനെ പിരിച്ചുവിട്ടു (Article - 356 അടിസ്ഥാനത്തിൽ). പിന്നീട് കോൺഗ്രസ് അധികാരത്തിലെത്തി. 1985-ൽ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട പവാർ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി. എം.പി. സ്ഥാനം ഉപേക്ഷിച്ചായിരുന്നു പവാർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ജനതാ പാർട്ടിയും ബിജെപിയും പ്രതിപക്ഷത്തിന്റെ ഭാഗമായി, പവാർ പ്രതിപക്ഷ നേതാവും.1987-ൽ ശിവസേനയുടെ ഉദയമാണ് പവാറിനെ വീണ്ടും കോൺഗ്രസ് (ഐ)ൽ എത്തിച്ചത്.  1988-ൽ എസ്.ബി ചവാനെ
രാജീവ് ഗാന്ധി കേന്ദ്ര മന്ത്രിയാക്കിയതോടെ പവാർ വീണ്ടും മുഖ്യമന്ത്രിയായി.

1991-ൽ രാജീവ് ഗാന്ധി വധത്തെത്തിന് പിന്നാലെ, പവാർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സ്വയം മുന്നോട്ട് വന്നു, അവകാശവാദം ഉന്നയിച്ചെങ്കിലും നരസിംഹ റാവുവിന് വേണ്ടി വഴിമാറിക്കൊടുക്കേണ്ടി വന്നു എന്നതാണ് ചരിത്രം. വിട്ടുവീഴ്ചയുടെ പ്രതിഫലമെന്നോണം ആഭ്യന്തരം പവാറിനും.1993-ലെ ബോംബെ കലാപത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയായിരുന്ന സുധാകർ റാവു നായ്ക്കിന്‌ സ്ഥാനം ഒഴിയുന്നു. കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പവാർ വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രിപദത്തിലേക്ക്. തുടർന്നങ്ങോട്ട് പവാറിനെ, ആരോപണങ്ങളും വിവാദങ്ങളും വിടാതെ പിന്തുടർന്നു. സ്ഫോടന പരമ്പരകളും പോലീസ് വെടിവെപ്പും പവാറിനെ പ്രതിക്കൂട്ടിലാക്കി.

1995-ൽ ശിവസേന - ബി.ജെ.പി. സഖ്യം അധികാരത്തിലെത്തി. പ്രതിപക്ഷനേതാവായി പവാറും. 1997-ൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സീതാറാം കേസരിയുമായി മത്സരിച്ച് പരാജയപ്പട്ടു. വിദേശത്ത് ജനിച്ച സോണിയാ ഗാന്ധി കോൺഗ്രസ് നേതൃത്വത്തിൽ വരുന്നതിനെച്ചൊല്ലിയുള്ള അഭിപ്രായഭിന്നത പവാറിനെ പുതിയ പാർട്ടി രൂപീകരണത്തിലെത്തിച്ചു. അഞ്ചുവർഷങ്ങൾക്ക് ശേഷം യു.പി.എ. സഖ്യത്തിൽ അദ്ദേഹം മഹാരാഷ്ട്രയിലും കേന്ദ്രത്തിലും സർക്കാർ രൂപീകരണത്തിൽ പങ്കാളിയായി. തുടർന്ന് 2004 മുതൽ കൃഷി വകുപ്പ്, ബിസിസിഐ, ഐസിസി പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു.

മനം മാറുമോ പ്രതിപക്ഷ സഖ്യത്തിലെ പ്രധാനിയുടെ?

എൻ.ഡി.എ. സഖ്യത്തിനെതിരേ രാജ്യത്ത് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നേരിടാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ പ്രതിപക്ഷ നിരയിൽ ഏറ്റവും മുതിർന്ന നേതാവിന് പലപ്പോഴും പ്രതിപക്ഷ നിലപാടുകളോട് എതിരഭിപ്രായങ്ങളാണ് ഉണ്ടാകാറ്. പല വിഷയങ്ങളിലും എൻ.ഡി.എയ്ക്ക് അനുകൂല നിലപാടാണ് പാവാർ കൈക്കൊണ്ടത്. അദാനി - മോദി വിഷയത്തിൽ മോദിക്കൊപ്പം നിന്ന പവാർ രാഹുൽ ഗാന്ധിയെ തള്ളിപ്പറഞ്ഞു. അദാനിവിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി.ക്കുമെതിരേ കടന്നാക്രമണം നടത്തിവരുന്ന പ്രതിപക്ഷത്തെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു പവാർ രംഗത്തെത്തിയത്. ഹിൻഡൻബർഗ് റിപ്പോർട്ടിനേയും രാഹുൽ ഗാന്ധിയേയും തള്ളി അദാനിയെ പൂർണ്ണമായും പിന്തുണക്കുന്ന നിലപാടായിരുന്നു പവാറിന്റേത്. കോൺഗ്രസ് പാർലമെന്റിൽ ആവശ്യപ്പെട്ട സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി.) അന്വേഷണത്തിനോടും വിയോജിച്ചു.

മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് സംബന്ധിച്ച വിഷയത്തിൽ, 'ഡിഗ്രി സർട്ടിഫിക്കറ്റാണോ ഇപ്പോഴത്തെ മുഖ്യ പ്രശ്നം' എന്നായിരുന്നു പ്രതിപക്ഷനിരയോട് അദ്ദേഹത്തിന്റെ മറുചോദ്യം. സവർക്കർ വിഷയത്തിലും അദ്ദേഹത്തിന് കടുത്തനിലപാട് സ്വീകരിക്കാൻ സാധിച്ചില്ല. 'സവർക്കറിന്റെ പല ആശയങ്ങളോടും പൊരുത്തപ്പെടാൻ കഴിയില്ലെങ്കിലും അദ്ദേഹത്തെ അപമാനിക്കുന്നതിനോട് യോജിക്കാനാവില്ല' എന്നായിരുന്നു മറുപടി. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച കൂടി നടത്തിയതോടെ ദേശീയ മാധ്യമങ്ങൾ അടക്കം പവാർ എൻ.ഡി.എ. പക്ഷത്തേക്ക് ചേക്കേറുന്നു എന്ന തരത്തിലുള്ള ചർച്ചകളും സജീവമാക്കി. എന്നാൽ, പിന്നീട് ഇതെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പവാർ തന്നെ രംഗത്തെത്തി.

placeholder
പ്രതിപക്ഷ പാർട്ടി നേതാക്കൾ | Photo: ANI
പ്രതിപക്ഷ പാർട്ടി നേതാക്കൾ | Photo: ANI

വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ നിരയിൽ വേറിട്ട ശബ്ദം ആയതു കൊണ്ട് തന്നെ പ്രതിപക്ഷ പാർട്ടി നിരയിലും ആശങ്കകൾ ഉടലെടുത്തിട്ടുണ്ട്. ഇതിനിടെ അജിത് പവാർ 2019-ൽ ബി.ജെ.പിയിൽ എത്തിയത് പവാറിന്റെ അറിവോടെയാണ് എന്ന വാർത്തകളും പുറത്തുവന്നിരുന്നു.ഇതിനുള്ള മറുപടികളൊക്കെ അദ്ദേഹം തന്റെ ആത്മകഥയിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

പവാറിന്റെ 'ഒളിച്ചുകളി'

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയുള്ള എൻ.സി.പിയുടെ രാഷ്ട്രീക്കളി രാജ്യവും പ്രതിപക്ഷ പാർട്ടികളും ഒന്നടങ്കം ഉറ്റുനോക്കുന്നുണ്ട്. പ്രതിപക്ഷ നിരയിലെ മുതിർന്ന നേതാവിന്റെ കഴിഞ്ഞ കുറച്ചു കാലങ്ങളായിത്തുടരുന്ന ചാഞ്ചാട്ടം മാധ്യമങ്ങളിലും വാർത്തയാകുന്നുണ്ട്. എൻ.ഡി.എ. സഖ്യത്തെ നേരിടാൻ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും കൈകോർത്ത് ഒന്നിക്കുമ്പോഴാണ് സഖ്യത്തിലുള്ള മുതിർന്ന പാർട്ടി നേതാവ് ശരദ്‌ പവാറിന്റെ 'ഒളിച്ചുകളി' എന്നത് ഏറെ ശ്രദ്ധേയമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് എന്തുകൊണ്ടും പ്രതിപക്ഷ നിരയ്ക്ക് അഗ്നിപരീക്ഷയാകും എന്നത് കൊണ്ട് തന്നെ എൻ.ഡി.എയെ നേരിടാൻ വേണ്ടി പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുമ്പോൾ മുതിർന്ന അംഗം കൂടെയുണ്ടാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ശരത് പവാർ രംഗത്തിറങ്ങിയാൽ തന്നെ എൻ.സി.പിയിലെ ശക്തനായ അജിത് പവാർ ഏത് പക്ഷത്തായിരിക്കും എന്നും രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നുണ്ട്.

കപ്പിനും ചുണ്ടിനുമിടയ്ക്ക് നഷ്ടപ്പെട്ട പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇനി താൻ ഇല്ലെന്ന് നേരത്തെ തന്നെ പവാർ വ്യക്തമാക്കിക്കഴിഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന പ്രതിപക്ഷത്തെയാണ് കാലഘട്ടത്തിന്റെ ആവശ്യം എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

'പ്രതിപക്ഷപാർട്ടികൾ ഒരുമിച്ചുവന്നാൽ ഒരാളെ പ്രധാനമന്ത്രിസ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നത് ഒരു ചെറിയ കാര്യമാണ്. താൻ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ്. അടുത്ത ലോക്‌സഭാതിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിനാൽ പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിലില്ല' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രാഷ്ട്രപതി പദവും ഇത്തരത്തിൽ  തട്ടിപ്പോയതാണ്.

വഴങ്ങേണ്ടിടത്ത് വഴങ്ങിയും ഇടയേണ്ടിടത്ത് ഇടഞ്ഞും രാഷ്ട്രീയ ചേരി തിരിവുകൾക്കൊപ്പം, പദവികൾക്കൊപ്പം സഞ്ചരിച്ചും പവാർ എന്ന അതികായൻ തന്റെ 82-ാം വയസിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ തല ഉയർത്തി നിൽക്കുന്നു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പും ശേഷമുള്ള രാഷ്ട്രീയ സമവാക്യങ്ങൾക്കും വേണ്ടി രാജ്യവും കാത്തിരിക്കുന്നു.

പ്രധാനമന്ത്രിപദം. പവാര്‍ ആഗ്രഹിച്ചിട്ടും രാഷ്ട്രീയം പയറ്റിയിട്ടും കിട്ടാതെ പോയ കസേര. പൊതുമിനിമം പരിപാടിയും പൊടിതട്ടിയെടുക്കുന്ന യുപിഎയും 2024 ലില്‍ എന്തെങ്കിലും അത്ഭുതങ്ങള്‍ കാട്ടിയാല്‍ പവാര്‍ നോ പറയാന്‍ നില്‍ക്കുമെന്ന് പവാറിനെ അറിയുന്നവര്‍ പറയില്ല. പ്രായോഗിക രാഷ്ട്രീയത്തിന്റെ കളരി പവാറില്‍ നിന്ന് പഠിച്ച് വളര്‍ന്നതാണ് അജിത്ത്. അതില്‍ ഒരു പക്ഷേ സുപ്രിയ സുലെ ജൂനിയറായിരിക്കും. അതാണ് പവാര്‍ ഇനി നേരിടാന്‍ പോകുന്ന വെല്ലുവിളിയും.