ന്യൂഡല്‍ഹി: എന്‍സിപി ദേശീയ സമ്മേളനത്തില്‍ നിന്ന് മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അജിത് പവാര്‍ ഇറങ്ങിപ്പോയതിനെ ചൊല്ലി അഭ്യൂഹങ്ങള്‍ ഉയരുന്നു. സമ്മേളനത്തില്‍ സംസാരിക്കാതെ സ്റ്റേജില്‍ നിന്നിറങ്ങിപ്പോയതാണ് ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്. 

To advertise here,

സംസാരിക്കാന്‍ എന്‍സിപി നേതാവ് ജയന്ത് പാട്ടീലിന് അവസരം നല്‍കിയതിന് പിന്നാലെയാണ് സ്റ്റേജില്‍ നിന്ന് അജിത്ത് പവാര്‍ ഇറങ്ങിപ്പോയത്. സംസാരിക്കാന്‍ അവസരം നല്‍കാത്തതില്‍ അസംതൃപ്തി പ്രകടിപ്പിച്ചാണ് അജിത്ത് പവാര്‍ ഇറങ്ങിപ്പോയതെന്നും പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടെന്ന സൂചനകളാണ് ഇതെന്നുമാണ് അഭ്യൂഹങ്ങള്‍. 

പിന്നീട് സംസാരിക്കാനായി അജിത്ത് പവാറിന്റെ പേര് വിളിച്ചിരുന്നെങ്കിലും അദ്ദേഹം വേദിയിലുണ്ടായിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം പുറത്തേക്ക് പോയതാണെന്നും ഉടന്‍ തിരിച്ചുവരുമെന്നും നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. അതിനിടെ സംസാരിക്കാനായി അജിത്ത് പവാറിനെ എന്‍സിപി എംപി സുപ്രിയ സുലേ അനുനയിപ്പിച്ച് വേദിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ശരത് പവാര്‍ സമ്മേളനത്തിന്റെ അവസാന പ്രസംഗം നടത്തിത്തുടങ്ങിയിരുന്നു. പിന്നീടും അജിത്ത് പവാറിന് സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. 

അതേസമയം ദേശീയതലത്തിലുള്ള സമ്മേളനം ആയതിനാലാണ് അജിത്ത് പവാര്‍ സംസാരിക്കാതെ പോയതെന്നാണ് സംഭവത്തെ കുറിച്ച് പിന്നീട് മറ്റൊരു നേതാവ് വിശദീകരിച്ചത്.