മുംബൈ: എന്‍.സി.പി.യിലെ ഇരുവിഭാഗങ്ങളുടെയും നിര്‍ണായകയോഗം മുംബൈയില്‍ നടന്നപ്പോള്‍ ഭൂരിപക്ഷം എംഎല്‍എമാരും അജിത് പവാറിനൊപ്പമാണെന്ന് വ്യക്തമായി. ബാന്ദ്രയില്‍ അജിത് പവാര്‍ പക്ഷം വിളിച്ച് ചേര്‍ത്ത യോഗത്തില്‍ 29 എംഎല്‍എമാരാണ് എത്തിയത്. നരിമാന്‍ പോയിന്റിലെ വൈ.ബി.ചവാന്‍ സെന്ററില്‍ ശരദ്‌ പവാര്‍ വിളിച്ച് യോഗത്തില്‍ 13 എംഎല്‍എമാരും എത്തിയതായാണ് റിപ്പോര്‍ട്ട്. എന്‍സിപിക്ക് ആകെ 53 എംഎല്‍എമാരാണ് ഉള്ളത്. 11 എംഎല്‍എമാരോളം ഇരുപക്ഷത്തിന്റെ യോഗത്തിലും പങ്കെടുക്കുന്നില്ല. ഇവരുടെ നിലപാടായിരിക്കും നിര്‍ണായകമാകുക.

To advertise here,

അജിത് പവാറിനും സംഘത്തിനും കൂറുമാറ്റനിരോധനനിയമം ബാധകമാകാതിരിക്കാന്‍ 36 എം.എല്‍.എ.മാരുടെ (മൂന്നില്‍രണ്ട്) പിന്തുണവേണം. അതേ സമയം തങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അജിത് പവാര്‍. യോഗത്തില്‍ പങ്കെടുക്കാത്ത എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുള്ളവരാണെന്ന് ഇരുപക്ഷവും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. 35 എംഎല്‍എമാരും അഞ്ച് എംഎല്‍സിമാരും തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് അജിത് പവാര്‍ പക്ഷം പറയുന്നത്.

ഇതിനിടെ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള യോഗവേദിയില്‍ ശരദ്‌ പവാറിന്റെ ചിത്രവും ഇടംപിടിച്ചുവെന്നത് ശ്രദ്ധേയമാണ്. പവാറിന്റെ ചിത്രമാണ് ഏറ്റവും വലുതായി നല്‍കിയിട്ടുള്ളതും. അതേ സമയം മകള്‍ സുപ്രിയ സുലേ നിയന്ത്രിക്കുന്ന  വൈ.ബി.ചവാന്‍ സെന്ററിലെ യോഗത്തിലേക്കാണ് ശരദ്‌ പവാര്‍ എത്തിയിട്ടുള്ളത്. ഇരുപക്ഷവും എംഎല്‍എമാരേയും നേതാക്കളേയും അണിനിരത്തി ശക്തിപ്രകടിപ്പിച്ചു.