ന്ത്യന്‍ രാഷ്ട്രീയത്തിന്റെ നാഡീഞരമ്പുകളില്‍ അലിഞ്ഞുചേര്‍ന്നതാണ് രാഷ്ട്രീയാത്രകള്‍. ജനങ്ങള്‍ക്കിടയിലേക്കുള്ള യാത്രകള്‍, ജനങ്ങളോടൊപ്പമുള്ള യാത്രകള്‍. രാജ്യത്തിന്റെ ജാതകം തന്നെ മാറ്റിയെഴുതിയവയായിരുന്നു ആ യാത്രകള്‍ പലതും. ഗാന്ധിജി ദണ്ഡിയാത്രയും ഇന്ത്യയുടെ ആത്മാവിനെ അറിയാന്‍ കല്‍ക്കരി തീവണ്ടിയില്‍ രാജ്യത്തിന്റെ മുക്കും മൂലയും ലക്ഷ്യമാക്കി നടത്തിയ യാത്രകളും ഈ മഹാരാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ ഊര്‍ജ്ജമായി. യാത്രകള്‍ നടത്തി രാജ്യത്തിന്റെ ഹൃദയം കീഴടക്കുന്ന ചരിത്രം തുടങ്ങുന്നത് ദണ്ഡിയില്‍ നിന്നുതന്നെയാണ്. 240 കിലോ മീറ്ററാണ് അന്ന് ഗാന്ധിജിയും അനുയായികളും കാല്‍നടയായി നടന്നു തീര്‍ത്തത്. പിന്നീടും രാജ്യം കണ്ടു നിരവധി അനവധിയാത്രകള്‍. കീഴടക്കാനും വിജയിക്കാനും ചേര്‍ത്തുനിര്‍ത്താനും ഭിന്നിപ്പിക്കാനും ആ യാത്രകള്‍ക്കായി. ഗാന്ധിജിയില്‍നിന്ന് തുടങ്ങി രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്രയില്‍ എത്തിനില്‍ക്കുകയാണ് ഇന്ത്യയുടെ രാഷ്ട്രീയ യാത്രകളുടെ ചരിത്രം.

To advertise here,

രഥയാത്രകളുടെ മുന്‍ഗാമി

ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയില്‍ രഥയാത്രകള്‍ക്കുള്ള പങ്ക് നിര്‍ണായകമാണ്. എന്നാല്‍ ആ രഥയാത്രകള്‍ക്ക് കാരണമായൊരു യാത്രയുണ്ട്. തെലുങ്കുദേശം പാര്‍ട്ടി നേതാവ് എന്‍.ടി. രാമറാവു നടത്തിയ രഥയാത്ര. 1982-ല്‍ ഷെവര്‍ലേ വാന്‍ രൂപമാറ്റം വരുത്തിയായിരുന്നു എന്‍.ടി.ആറിന്റെ യാത്ര. ചൈതന്യരഥം എന്ന് ഈ വാഹനത്തിന് അദ്ദേഹം പേരും നല്‍കി. ചൈതന്യരഥത്തിലേറി എന്‍.ടി.ആര്‍. സഞ്ചരിച്ചത് 40,000 കിലോ മീറ്ററാണ്. ഒന്‍പത് മാസത്തിനിടെ സംസ്ഥാനമൊന്നാകെ നാല് തവണയെങ്കിലും അദ്ദേഹം പര്യാടനം നടത്തി. റോഡരികില്‍ കാണുന്ന ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിച്ചും രഥത്തിലും മരച്ചുവട്ടിലും കിടന്നുറങ്ങിയും വഴിയരികില്‍ കുളിച്ചും 1983 ജനുവരിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ അദ്ദേഹം ഹൈദരാബാദിലേക്ക് മടങ്ങിയില്ല.

placeholder
എന്‍.ടി രാമറാവു

ഇതിനിടയില്‍ നടന്ന രണ്ട് ആണ്‍മക്കളുടെ വിവാഹത്തില്‍പ്പോലും അദ്ദേഹം പങ്കെടുത്തില്ല. വഴിനീളെ ജനങ്ങള്‍ ദിവസങ്ങളോളം എന്‍.ടി.ആറിനെ കേള്‍ക്കാനായി മാത്രം കാത്തുനിന്നിരുന്നു. ജനങ്ങളുടെ മനസിലേക്ക് മാത്രമല്ല, ഗിന്നസ് റെക്കോഡിലേക്കും എന്‍.ടി.ആര്‍. അന്ന് രഥം ഓടിച്ചുകയറ്റി. 294-ല്‍ 200 സീറ്റുകള്‍ സ്വന്തമാക്കി എന്‍.ടി.ആര്‍. അധികാരത്തിലേറുകയും ചെയ്തു.

ചന്ദ്രശേഖറിന്റെ ഭാരത് യാത്ര

placeholder
ചന്ദ്രശേഖര്‍

1983 ജനുവരിയില്‍ മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ 4000-ത്തില്‍പരം കിലോമീറ്ററുകള്‍ താണ്ടി പദയാത്ര നടത്തി. ഭാരത് യാത്ര എന്ന പേരില്‍ ആരംഭിച്ച പദയാത്രയുടെ തുടക്കം കന്യാകുമാരിയില്‍ നിന്നായിരുന്നു. ജനത പാര്‍ട്ടിയുടെ അധ്യക്ഷനായിരുന്ന ചന്ദ്രശേഖര്‍ പാര്‍ട്ടിയെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര നടത്തിയത്. ജനസംഘം വിട്ടുപോവുകയും ബി.ജെ.പിയായി ശക്തിപ്രാപിക്കുകയും ചെയ്തതോടെ ജനത പര്‍ട്ടിയുടെ പ്രസക്തി കുറഞ്ഞു. ഈ ഘട്ടത്തിലാണ് ചന്ദ്രശേഖര്‍ ഭാരത് യാത്രയുമായി മുന്നോട്ട് വരുന്നത്. അടിയന്തരാവസ്ഥയുടെ എട്ടാം വാര്‍ഷികനാളില്‍ ജൂണ്‍ 25-ന് രാജ്ഘട്ടിലാണ് യാത്രസമാപിച്ചത്.

അന്ന് തന്നെയാണ് ഇന്ത്യ ഏകദിന ലോകചാമ്പ്യന്മാരായതും. യാത്ര വന്‍വിജയമായിരുന്നുവെങ്കിലും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഇന്ദിര ഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തെ അതിജീവിക്കാന്‍ ഭാരത യാത്രയ്ക്ക് കഴിഞ്ഞില്ല. കര്‍ഷകര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, കുട്ടികള്‍, കലാകാരന്‍മാര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങി സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരോട് സംവദിച്ചുകൊണ്ടായിരുന്നു ചന്ദ്രശേഖര്‍ നടന്നുനീങ്ങിയത്.  

ആനപ്പുറത്തേറി ഇന്ദിര ഗാന്ധിയുടെ ബെല്‍ച്ചിയാത്ര

placeholder
ഇന്ദിര ഗാന്ധി

വ്യത്യസ്തമായൊരു യാത്രയാണ് ഇന്ദിര ഗാന്ധി ബെല്‍ച്ചിയിലേക്ക് നടത്തിയത്.  ഒറ്റ രാത്രികൊണ്ട് പൂര്‍ത്തിയാക്കിയ ആ യാത്ര സമാനതകളില്ലാത്തതാണ്. 1977-ല്‍ ബീഹാറിലെ ബെല്‍ച്ചിയില്‍ രാജ്യത്തെ നടുക്കിയ ഒരു സംഭവമുണ്ടായി. ഉയര്‍ന്ന ജാതിക്കാരായ ഭൂവുടമകള്‍ ദളിതരായ 11 പേരെ തീയിലേക്ക് എറിഞ്ഞ് അതിക്രൂരമായി കൊലപ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികളോ ജനപ്രതിനിധികളോ ബെല്‍ച്ചിയിലേക്ക് തിരിഞ്ഞുനോക്കിയില്ല. തൊട്ടുമുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ ബീഹാറിലേക്ക് ഇന്ദിര പുറപ്പെട്ടു.

കൂക്കിവിളികളോടെയാണ് ബീഹാര്‍ ഇന്ദിരയെ വരവേറ്റത്. കോണ്‍ഗ്രസുകാര്‍ പോലും ഇന്ദിരയെ പിന്തിരിപ്പിക്കാന്‍ ആവുന്നത് നോക്കി. എതിര്‍പ്പുകളെ വകവെക്കാതെ ഇന്ദിര മുന്നോട്ടുനീങ്ങി. കാറിലാണ് യാത്ര തുടങ്ങിയതെങ്കിലും ചതുപ്പില്‍ കാര്‍ താണുപോയി. കാറിനെ കെട്ടിവലിക്കാന്‍ ട്രാക്ടര്‍ വേണ്ടിവന്നു. എന്നാല്‍ ട്രാക്ടറും പൂണ്ടുപോകുന്ന അവസ്ഥയില്‍ ഇന്ദിര ചെളിയിലേക്ക് ഇറങ്ങിനടന്നു. ആ ശ്രമവും ദുഷ്‌കരമായപ്പോള്‍ ആനപ്പുറത്തുകയറി അവര്‍ ബെല്‍ച്ചിയിലെ ഗ്രാമത്തിലേക്ക് ചെന്നു.  തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയെ പരാജയപ്പെടുത്തിയ നാട്ടിലേയ്ക്ക് ദുര്‍ഗയുടെ  പരിവേഷത്തിലാണ് ഇന്ദിര വന്നിറങ്ങിയത്. ബെല്‍ച്ചിയിലെ കണ്ണീരൊപ്പിയ ആ യാത്ര കോണ്‍ഗ്രസിന് സമ്മാനിച്ചത് 1980-ലെ പൊതുതിരഞ്ഞെടുപ്പ് വിജയിക്കാനുള്ള ഊര്‍ജ്ജമാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ച അദ്വാനിയുടെ രഥയാത്രകള്‍

രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിക്കുറിക്കുന്നതായിരുന്നു എല്‍.കെ. അദ്വാനി നടത്തിയ രഥയാത്രകള്‍. ബി.ജെ.പിയുടെ തേരോട്ടത്തിന് കാരണമായെന്ന് മാത്രമല്ല, മതം രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാനും സ്വാധീനം ചൊലുത്താനും തുടങ്ങിയത് അദ്വാനിയുടെ യാത്രകള്‍ക്ക് ശേഷമാണ്. 1991-ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 1990 സെപ്റ്റംബര്‍ 25-ന് സോമനാഥില്‍നിന്നാണ് അദ്വാനി രഥയാത്ര ആരംഭിച്ചത്. ഒക്ടോബര്‍ 30-ന് അയോധ്യയില്‍ സമാപിക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ യാത്ര സമസ്തിപൂരില്‍ എത്തിയപ്പോള്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് അദ്വാനിയെ അറസ്റ്റ് ചെയ്തു. യാത്ര പൂര്‍ത്തിയാക്കാനായില്ലെങ്കിലും 87 സീറ്റില്‍നിന്ന് 1991-ലെ തിരഞ്ഞെടുപ്പില്‍ 120 സീറ്റിലേക്ക് എത്താന്‍ ബി.ജെ.പിക്കായി. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള സഹതാപതരംഗമില്ലായിരുന്നെങ്കില്‍ രഥയാത്ര ബി.ജെ.പിയെ 1991-ല്‍ അധികാരത്തിലെത്തിച്ചാലും അത്ഭുതപ്പെടാനില്ലായിരുന്നു.

 

placeholder
അദ്വാനിയുടെ സ്വര്‍ണ ജയന്തി രഥ് യാത്രയില്‍നിന്ന് 

രാമക്ഷേത്ര നിര്‍മാണം ഉയര്‍ത്തിപ്പിടിച്ചു നടത്തിയ ഈ യാത്രയാണ് ഇന്ത്യയില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശക്തിപകര്‍ന്നതും പിന്നീട് ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിലേക്ക് നയിച്ചതും. പക്ഷേ ബി.ജെ.പിക്ക് ദേശീയ പാര്‍ട്ടിയായി വളരാനും കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞ് രാജ്യത്തിന്റെ അധികാരം പിടിച്ചെടിക്കാനും ഇന്ധനമായത് അദ്വാനിയുടെ ഈ യാത്രയാണ്. അതിന് ശേഷവും എല്‍.കെ. അദ്വാനി യാത്രകള്‍ നടത്തി. 1993 സെപ്റ്റംബറില്‍ ജനപ്രാതിനിധ്യ ബില്ലിലെ ഭേദഗതിക്കെതിരെ. 1997-ല്‍ സ്വര്‍ണ ജയന്തി രഥ യാത്ര. 2006-ല്‍ യു.പി.എ. സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി മറ്റൊരു രഥയാത്രയും അദ്വാനി നടത്തി. ഏറ്റവും കൂടുതല്‍ യാത്രകള്‍ നടത്തിയത് അദ്വാനിയായിരുന്നെങ്കിലും ആഗ്രഹിച്ച പ്രധാനമന്ത്രി കസേര അദ്ദേഹത്തിന് ലഭിച്ചതുമില്ല

മോദിയുടെ ഗൗരവ് യാത്ര

2001-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഒന്‍പത് മാസം ശേഷിക്കേ സര്‍ക്കാരിനെ പിരിച്ചുവിട്ടാണ് നരേന്ദ്രമോദി ഗൗരവ് യാത്ര എന്ന പേരില്‍ യാത്ര നടത്തിയത്. ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് നടത്തിയ യാത്ര വന്‍വിജയമായിരുന്നു. 2002-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ രണ്ടാം തവണയും ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലെത്തുകയും നരേന്ദ്ര മോദി വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

placeholder
ഗൗരവ് യാത്രയില്‍ മോദി

ബിജെപിയുടെ ഏകതാ യാത്ര

1991-ലും 2011-ലുമായി ബി.ജെ.പി. രണ്ട് ഏകതാ യാത്രകള്‍ നടത്തി. 1991-ലെ യാത്ര കന്യാകുമാരിയില്‍ നിന്നാരംഭിച്ച് 14 സംസ്ഥാനങ്ങളിലൂടെ കടന്ന് 1992 ജനുവരി 26-ന് ശ്രീനഗറില്‍ സമാപിച്ചു. അന്നത്തെ ബി.ജെ.പി. അധ്യക്ഷന്‍ മുരളീമനോഹര്‍ ജോഷിയായിരുന്നു യാത്രയ്ക്ക് നേതൃത്വം നല്‍കിയത്. 2011-ലെ യാത്ര കൊല്‍ക്കത്തയില്‍ നിന്നാരംഭിച്ച് വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് 2012 ജനുവരി 16-ന് ശ്രീനഗറില്‍ സമാപിച്ചു. അന്നത്തെ ബി.ജെ.പി. യുവജന വിഭാഗം നേതാവായിരുന്ന അനുരാഗ് ഠാക്കൂറാണ് യാത്രയ്ക്ക് നേതൃത്വം നല്‍കിയത്.

ആന്ധ്രയുടെ ഹൃദയത്തിലൂടെ നടന്ന വൈ.എസ്ആര്‍.

വറ്റിവരണ്ട ആന്ധ്രയുടെ ഹൃദയത്തിലൂടെയാണ് വൈഎസ്ആര്‍ നടന്നുതുടങ്ങിയത്. ആ നടത്തം അവസാനിച്ചത് മുഖ്യമന്ത്രി കസേരയ്ക്ക് മുന്നിലേക്കാണ്. 2003 ഏപ്രില്‍ മൂന്നിനാണ് വൈഎസ്ആര്‍ പ്രജാ പ്രസ്ഥാനം യാത്ര ആരംഭിച്ചത്. 64 ദിവസങ്ങളിലായി 11 ജില്ലകളിലൂടെ 1500 കിലോമീറ്റര്‍ പിന്നിട്ട യാത്രയില്‍ വരള്‍ച്ചയും ജലക്ഷാമവും മാത്രമല്ല ഭരണകക്ഷിയായ ടി.ഡി.പിയുടെ വീഴ്ചകളും ചര്‍ച്ചയായി. കത്തിനിന്ന വേനലില്‍ 44 ഡിഗ്രി ചൂടില്‍ നടത്തിയ യാത്രയില്‍ പലപ്പോഴും വൈഎസ്ആറിന് സൂര്യാഘാതം ഏറ്റു. ഒരടി മുന്നോട്ട് വെക്കാന്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടി. എന്നാല്‍ അസാധ്യമെന്ന് മുന്‍വിധി എഴുതിയവര്‍ക്കുമുന്നില്‍ വൈഎസ്ആര്‍ യാത്ര പൂര്‍ത്തിയാക്കി. അധികാരവരള്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസിനെ ഉയര്‍ത്തെഴുന്നേല്‍പിച്ച യാത്ര ആന്ധ്രയുടെ രാഷ്ട്രീയം പൊളിച്ചെഴുതി, കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചാല്‍ കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി എന്ന പ്രഖ്യാപനം ജനങ്ങള്‍ ഏറ്റെടുത്തു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം വൈഎസ്ആര്‍ ആദ്യം ഒപ്പുവെച്ചത് ഇതുമായി ബന്ധപ്പെട്ട ഫയലില്‍ ആയിരുന്നു. ആന്ധ്രയുടെ ചരിത്രത്തിലെ ഈ ഐതിഹാസിക യാത്ര പിന്നീട് യാത്ര എന്ന പേരില്‍ ചലച്ചിത്രമായി. അഭിനയിച്ചതാകട്ടെ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും.

ജഗന്‍ മോഹന്റെ പ്രജാസങ്കല്‍പ്പ് യാത്ര

വൈ.എസ്.ആറിന് ശേഷം മകന്‍ ജഗന്‍ മോഹനും പ്രതിച്ഛായ നിര്‍മ്മിതിക്കും രാഷ്ട്രീയവനവാസത്തില്‍ നിന്ന് തിരിച്ചുവരവിനായി ആന്ധ്രയിലൂടെ യാത്ര നടത്തി. പക്ഷേ കൈയില്‍ കോണ്‍ഗ്രസ് പതാകയായിരുന്നില്ലെന്ന് മാത്രം. കോണ്‍ഗ്രസിനോട് പിണങ്ങി പാര്‍ട്ടി വിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പതാകയേന്തി ജഗന്‍ നടത്തിയ യാത്ര ചെന്നവസാനിച്ചതും മുഖ്യമന്ത്രി കസേരയിലാണ്. 175 സീറ്റുകളില്‍ 151 സീറ്റുകള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. 2017 നവംബര്‍ ആറിന് തുടങ്ങിയ യാത്ര 341 ദിവസങ്ങളിലായി 3,648 കിലോമീറ്ററുകള്‍ സഞ്ചരിച്ചു. ഏകദേശം രണ്ട് കോടി ജനങ്ങളെ ജഗന്‍ കണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

placeholder
പ്രജാ സങ്കല്‍പ്പ് യാത്രയ്ക്കിടെ ജഗന്‍ മോഹന്‍ റെഡി

പ്രജാ പ്രസ്ഥാനം രണ്ടാം ഭാഗം

placeholder
വൈ.എസ്. ശര്‍മ്മിള

ജഗന്റെ സഹോദരിയും വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി അധ്യക്ഷയുമായ വൈ.എസ്.  ശര്‍മ്മിളയും  അച്ഛന്റെയും സഹോദരന്റെയും പാത പിന്തുടര്‍ന്ന് പദയാത്ര നടത്തി. യാത്ര ആന്ധ്ര വിഭജനത്തിന് ശേഷം തെലങ്കാനയിലൂടെയായിരുന്നു. പ്രജാ പ്രസ്ഥാനം എന്നായിരുന്നു യാത്രയുടെ പേര്.  2021 ഒക്ടോബര്‍ 20-ന് ആരംഭിച്ച പദയാത്ര 4000-ത്തോളം കിലോമീറ്ററുകള്‍ ആണ് താണ്ടിയത്. ശര്‍മ്മിളയുടെ ഈ യാത്ര ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം നേടിയിരുന്നു. ഇത്രയും ദൂരം പദയാത്ര നടത്തിയ ആദ്യ സ്ത്രീയാണ് ശര്‍മ്മിള. ഭരണകക്ഷിയായ ടി.ആര്‍.എസിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ശര്‍മ്മിളയുടെ യാത്ര. യാത്ര ലക്ഷ്യം പൂര്‍ത്തീകരിച്ചു, 2023-ലെ തിരഞ്ഞെടുപ്പില്‍ ബി.ആര്‍.എസ്സായ ചന്ദ്രശേഖര റാവുവിനും കുടുംബഭരണത്തിനും അന്ത്യം കുറിച്ചു. ശര്‍മ്മിളയുടെ യാത്രയ്ക്ക് പിന്നാലെ പി.സി.സി. അധ്യക്ഷനായ രേവന്ത് റെഡ്ഡിയും മല്ലുഭട്ടി വിക്രമാര്‍ക്കയും നടത്തിയ യാത്രകളാണ് 2023-ലെ തിരഞ്ഞെടുപ്പില്‍ ചന്ദ്രശേഖര റാവുവിനെ അടിതെറ്റിച്ച് കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയത്. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തില്‍ ശര്‍മ്മിള തട്ടകം ആന്ധ്രയിലേക്ക് മാറ്റി. അവിടെ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷയായി അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് അവര്‍.

കാല്‍നടയായി ഇടതുകോട്ടകള്‍ വിറപ്പിച്ച മമത ബാനര്‍ജി

പശ്ചിമ ബംഗാളില്‍ 33 വര്‍ഷം നീണ്ട ഇടതുമുന്നണി ഭരണത്തിന് അന്ത്യം കുറിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ പദയാത്രകളാണ്. പശ്ചിമ ബംഗാളിലെ തെരുവുകളിലൂടെ ജനങ്ങളെകേട്ടും അവരില്‍ ഒരാളായും മമത ബാനര്‍ജി നടന്നു

placeholder
മമത ബാനര്‍ജിയുടെ പദയാത്രയില്‍ നിന്ന്

ദീദിയുടെ നടത്തം അവസാനിച്ചത് തൃണമൂലിന്റെ വിജയത്തിലാണ്. ഇടതുമുന്നണിയെ അപ്രസക്തമാക്കികൊണ്ട് 294 സീറ്റുകളില്‍ 277 സീറ്റുകളില്‍ തൃണമൂല്‍ വിജയിച്ചു കയറി. പാര്‍ട്ടിഗ്രാമങ്ങളിലെ ഇടതുകോട്ടകള്‍ നടന്നുകയറി മമത കീഴടക്കി.

നര്‍മദ പരിക്രമ യാത്ര

2017-ല്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങ് നത്തിയ യാത്രയാണ് നര്‍മ്മദ പരിക്രമ യാത്ര. സെപ്റ്റംബര്‍ 30-ന് ആരംഭിച്ച് 3300 കിലോ മീറ്റര്‍ കാല്‍നടയായി യാത്രചെയ്ത് 2018 ഏപ്രില്‍ ഒന്‍പതിനാണ് യാത്ര അവസാനിച്ചത്. ഭാര്യ  അമൃത റായിയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഇതൊരു രാഷ്ട്രീയ യാത്ര അല്ലെന്നും തീര്‍ത്ഥാടനമാണെന്നും അവകാശപ്പെട്ടിരുന്നുവെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ സിങ്ങിന് ശക്തിപകരാൻ യാത്രയ്ക്കായി. ജനങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഈ യാത്രയിലൂടെ കഴിഞ്ഞു.  

രാഹുലിന്റെ ഭാരത് ജോഡോ

സമീപകാലത്ത് രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ യാത്രകളില്‍ ഒന്നാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പാഠം ഉള്‍കൊണ്ട്  തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തെ ഉണര്‍ത്തുകയായിരുന്നു യാത്രയുടെ ലക്ഷ്യം. 'ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം' എന്ന മുദ്രാവാക്യമാണ് യാത്രയിലുടനീളം രാഹുല്‍ ഉയര്‍ത്തി പിടിച്ചത്. 135 ദിവസങ്ങളിലായി 14 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും സഞ്ചരിച്ച് പിന്നിട്ട് 4080 കിലോമീറ്ററാണ് രാഹുലും സംഘവും സഞ്ചരിച്ചത്.

placeholder
ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി

2022 സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് പുറപ്പെട്ട യാത്ര 2023 ജനുവരിയില്‍ ശ്രീനഗറിലാണ് സമാപിച്ചത്. പപ്പുവെന്ന വിളിപ്പേരില്‍ നിന്ന് ബി.ജെ.പിയെ നേരിടാന്‍ പ്രാപ്തിയുള്ള നേതാവെന്ന നിലയിലേക്ക് പ്രതിച്ഛായ നിര്‍മ്മാണവും കോണ്‍ഗ്രസ് ലക്ഷ്യമിട്ടു. മഴ നനഞ്ഞും, മഞ്ഞുകൊണ്ടും മുന്നിലേക്ക് ഓടിയെത്തിയവരെ ചേര്‍ത്ത് പിടിച്ചും വെറുപ്പിന്റെ കമ്പോളത്തില്‍ സ്നേഹത്തിന്റെ കടതുറക്കാന്‍ വന്നവന്‍ എന്ന് ബി.ജെ.പിയെ കടന്നാക്രമിച്ചും രാഹുല്‍ ഇന്ത്യ കണ്ടറിഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ യാത്രയുടെ ഓരോ സ്പന്ദനങ്ങളും വാര്‍ത്തയായി. ഒപ്പം യാത്രയ്ക്കിടെ വെട്ടാതെ നീണ്ടുവളര്‍ന്ന താടിയുമായി മഞ്ഞുപെയ്യുന്ന ശ്രീനഗറില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുന്ന ചിത്രം ഇന്ത്യന്‍ പ്രതിപക്ഷ നിരയുടെ പ്രതീക്ഷയായി. സംഘടന ഉണര്‍ന്നെങ്കിലും ബി.ജെ.പിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തടയാന്‍ രാഹുലിനോ യാത്രയ്‌ക്കൊ കഴിഞ്ഞില്ല. ബി.ജെ.പിയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒരു പരിധിവരെ ഒന്നിപ്പിക്കാനും രാഹുലിനായി. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തെ ഭാരത് ജോഡോ യാത്ര സ്വാധീനിച്ചുവെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.  

ഭാരത് ന്യായ് യാത്ര

ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പാണ് ഭാരത് ന്യായ് യാത്ര. ഇന്ത്യയുടെ കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയായിരുന്നു ഈ യാത്ര. മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് തുടങ്ങി മഹാരാഷ്ട്രയിലെ മുംബൈലാണ് യാത്ര സമാപിച്ചത്. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോയ യാത്ര 2024 മാര്‍ച്ച് 16-നാണ് സമാപിച്ചത്. ദാദറിലെ ശിവാജി പാര്‍ക്കില്‍ യാത്രയുടെ സമാപനസമ്മേളനം ഇന്ത്യ സഖ്യത്തിന്റെ ഐക്യകാഹളമായി.