
ആഗോള വ്യാപാര സംഘടനയുടെ പരമോന്നത നിയമനിര്‍മ്മാണ സമിതിയായ മന്ത്രിതല സമ്മേളനത്തിന്റെ (Ministerial Conference) 13-ാം യോഗം കഴിഞ്ഞ ദിവസം അബുദാബിയില്‍ സമാപിക്കുകയുണ്ടായി. ജനീവയില്‍ നടന്ന 12-ാം മന്ത്രിതല സമ്മേളനത്തില്‍ മത്സ്യ സബ്‌സിഡി നിര്‍ത്തലാക്കണം എന്ന് തത്ത്വത്തില്‍ ഒരു തീരുമാനം അംഗങ്ങള്‍ പൊതുവില്‍ കൈക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ഭക്ഷ്യ, മത്സ്യ സബ്‌സിഡി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍, ഈ സമ്മേളനത്തില്‍, പുതിയ വഴിഞ്ഞിരിവുകള്‍ ഉണ്ടാകുമോ എന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സാകൂതം വീക്ഷിച്ചിരുന്നു. എന്നാല്‍, ഇത്തവണയും ചര്‍ച്ചകള്‍ എവിടെയുമെത്താതെ അവസാനിക്കുകയായിരുന്നു.
സബ്‌സിഡിയും സുസ്ഥിര വളര്‍ച്ചയും
കഴിഞ്ഞ ഒരു നൂറ്റാണ്ടായി നടക്കുന്ന മത്സരാധിഷ്ഠിത മത്സ്യ ബന്ധനത്തിന്റെ ഭാഗമായി ലോകത്തെ കടല്‍ ഭക്ഷ്യ വിഭവങ്ങള്‍ 64% ത്തോളം കുറഞ്ഞു എന്നും ഏതാണ്ട് 35% മത്സ്യങ്ങള്‍ പുനര്‍ജ്ജീവിക്കാന്‍ സാധ്യമാകാത്ത വിധത്തില്‍ ഇതിനോടകം ചൂഷണം ചെയ്യപ്പെട്ടു കഴിഞ്ഞെന്നും FAO പറയുന്നു. കടല്‍ വിഭവങ്ങളുടെ അമിത ചൂഷണം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളുടെ ഉപജീവന മാര്‍ഗം ഇല്ലാതാക്കും എന്നൊരു തിരിച്ചറിവും ആഗോള സംഘടനകള്‍ക്ക് ഉണ്ട്. മത്സ്യ ബന്ധന മേഖലയ്ക്ക് പ്രോത്സാഹനമായി വിവിധ സര്‍ക്കാറിനാല്‍ നല്‍കപ്പെടുന്ന സബ്‌സിഡി കാരണമാണ് ഈ വര്‍ദ്ധിച്ച തോതിലുള്ള ചൂഷണം നടക്കുന്നത് എന്നാണ് ആഗോള വ്യാപാര സംഘടനയുടെ കണ്ടെത്തല്‍. സാങ്കേതികമായി പറഞ്ഞാല്‍, ഈ സബ്സിഡിയുടെ സഹായത്തോടെ നടക്കുന്ന, നിയമവിരുദ്ധമായതും (illegal ) റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും (unreported) അനിയന്ത്രിതമായതുമായ (unregulated) മത്സ്യബന്ധനം (IUU fishing) അവസാനിപ്പിക്കുക, നാമാവശേഷമാകാന്‍ പോകുന്ന മത്സ്യം പിടിക്കുന്നത് തടയുക, പുറം കടലിലെ അനിയന്ത്രിത മത്സ്യബന്ധനം തടയുക എന്നതുമാണ് ആഗോള സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. അതേസമയം മത്സ്യകൃഷിയും ഉള്‍നാടന്‍ മത്സ്യബന്ധനവും ഈ സബ്സിഡിയുടെ പരിധിയില്‍ വരുന്നില്ല.
നയങ്ങളിലെ വൈരുദ്ധ്യം
ഒറ്റനോട്ടത്തില്‍ ഉത്തമ ലക്ഷ്യങ്ങള്‍ എന്ന് തോന്നിക്കുമെങ്കിലും ആഗോള വ്യാപാര സംഘടന രൂപം കൊണ്ട കാലം മുതല്‍ അവര്‍ നടപ്പാക്കിയ നയങ്ങള്‍ വൈരുദ്ധ്യ പൂരിതമായിരുന്നു. പ്രത്യക്ഷത്തില്‍ നിഷ്പക്ഷം എന്ന് തോന്നാമെങ്കിലും വികസിത രാജ്യങ്ങള്‍ക്ക് ആനുകൂല്യം കിട്ടത്തക്ക വിധത്തിലാണ് മത്സ്യ സബ്‌സിഡി ഉള്‍പ്പെടെയുള്ള ഓരോ നയങ്ങളുടേയും അടിസ്ഥാനം. താഴെ കൊടുത്ത പട്ടിക നോക്കുക.
രാജ്യം മത്സ്യത്തൊഴിലാളികള്‍ക്കുള്ള പ്രതി ശീര്‍ഷ സഹായം (ഡോളറില്‍) മത്സ്യത്തൊഴിലാളികള്‍
ഡെന്മാര്‍ക്ക് 75,578 1,499
സ്വീഡന്‍ 65,976 1,471
നെതര്‍ലന്‍ഡ്സ് 42,093 2,596
ഓസ്ട്രേലിയ 9,763 10,000
അമേരിക്ക 4,656 1,74,655
ചൈന 485 91,48,558
മെക്‌സിക്കോ 290 2,30,418
ഇന്‍ഡോനേഷ്യ 90 26,57,247
ഇന്ത്യ 15 89,88,603
FAO യുടെ കണക്കനുസരിച്ച് തന്നെ മത്സ്യബന്ധന മേഖലയില്‍ സബ്‌സിഡി ഏറ്റവും കുറഞ്ഞ അളവില്‍ നല്‍കുന്ന രാജ്യമാണ് ഇന്ത്യ. അതിനും പുറമെ, സര്‍ക്കാര്‍ കണക്കനുസരിച്ച് 10 കോടി ജനങ്ങളാണ് ഇന്ത്യയില്‍ മത്സ്യ ബന്ധന മേഖലയുമായി ബന്ധപ്പെട്ട് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നത്. അതില്‍ തന്നെ, 61% പേര്‍ ദാരിദ്ര രേഖയ്ക്ക് താഴെയുമാണ്. ഇവര്‍ക്കുള്ള സഹായം നിര്‍ത്തി കഴിഞ്ഞാല്‍ അതിന്റെ ആഘാതം രൂക്ഷമായിരിക്കും. അതിനും പുറമെ, ഇന്ത്യയില്‍ മത്സ്യജീവനം ഒരു ഉപജീവനമാര്‍ഗമായാണ് ഇന്നും ലക്ഷങ്ങള്‍ കണക്കാക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനവും വന്‍കിട നൗകകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധവും ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഇല്ല. അതേസമയം, അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ സബ്സിഡിയുടെ നല്ല പങ്കും അപഹരിക്കുന്നത് ഈ വന്‍കിട മത്സ്യബന്ധ നൗകകളാണ്. കൂടുതല്‍ സബ്‌സിഡി കൊടുക്കുന്നവരാണ് ഈ ചൂഷണത്തിന്റെ യഥാര്‍ത്ഥ പ്രതികള്‍ എന്ന വസ്തുത ആഗോള വ്യാപാര സംഘടന സൗകര്യ പൂര്‍വം മറക്കുന്നു.
ഇന്ത്യയുടെ വാദം
മേല്പറഞ്ഞ വൈരുദ്ധ്യമാണ് കഴിഞ്ഞ ഇരുപതു വര്‍ഷമായി ഡബ്‌ള്യു ടി ഓ വേദികളില്‍ ചോദ്യം ചെയ്തു വരുന്നത്. സുസ്ഥിര സമുദ്രവിഭവ പരിപാലനത്തിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്നദ്ധമാണ്. എന്നാല്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന വികസിത രാജ്യങ്ങള്‍ക്കും ഉപജീവനത്തിനായി ഇന്നും പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ തന്നെ കൂടുതലും ആശ്രയിക്കുന്ന ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങള്‍ക്കും ഒരേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു എന്നതാണ് എന്നതാണ് മത്സ്യ സബ്‌സിഡി കരാര്‍ വിവാദത്തിലാകാന്‍ കാരണം. ചെറുകിട മത്സ്യ ബന്ധന രാജ്യങ്ങള്‍ക്ക് കുറഞ്ഞ പക്ഷം 25 വര്‍ഷമെങ്കിലും സബ്‌സിഡി തുടരാന്‍ അനുവദിക്കണം എന്ന വാദത്തിലാണ് ഇന്ത്യ ഉറച്ചു നില്‍ക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായുള്ള ചര്‍ച്ചകളില്‍ ഈ ഒരു നിലപാട് തന്നെയാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. പൊതുവായതും, എന്നാല്‍ വിവേചന പൂര്‍ണ്ണമായ ഉത്തരവാദിത്വങ്ങളും ഓരോരുത്തരുടെ കഴിവും മാനദണ്ണമാക്കിയാണ് മത്സ്യസബ്‌സിഡി തീരുമാനം നടപ്പാക്കേണ്ടത് എന്നാണ് ഇന്ത്യയുടെ വാദം. രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അസമത്ത്വം മുന്‍നിര്‍ത്തി പ്രത്യേകവും വ്യത്യസ്തവുമായ നടപടി ക്രമങ്ങളിലൂടെ (special and differential treatment) തന്നെ വേണം നാം കടന്നു പോകേണ്ടതെന്നും ഇന്ത്യ അബുദാബിയില്‍ ശ്കതമായി വാദിച്ചു. 2024 ല്‍ ഇന്ത്യയുടെ വാദങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് ഇന്തോനേഷ്യയും ബംഗ്ലാദേശും രംഗത്തെത്തി എന്നൊരു പുതുമയും ഇത്തവണത്തെ സമ്മേളനങ്ങള്‍ക്ക് ഉണ്ട്.
സുസ്ഥിരവാദവും ഇന്ത്യയും
കടലിന്റെയും കടല്‍ വിഭവങ്ങളുടേയും സുസ്ഥിരതയെപ്പറ്റി നിലവില്‍ തന്നെ നിലപാടുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍, 1990കള്‍ മുതല്‍, ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെയും കിഴക്കന്‍ മേഖലകളില്‍ ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 14 വരെയും ട്രോള്‍ ബാന്‍ അഥവാ മത്സ്യബന്ധന നിരോധനം നടത്തുന്നത് ഈ പ്രതിബദ്ധതയുടെ പുറത്താണ്. അതിനും പുറമെ, മത്സ്യബന്ധന യാനങ്ങള്‍ക്ക് രജിസ്‌ടേഷന്‍ ഏര്‍പ്പെടുത്തിയതും, അവയെ നിരീക്ഷിക്കാനും തുറമുഖങ്ങളിലെ നിയന്ത്രണങ്ങളുമെല്ലാം ഇന്ത്യയിലെ മത്സ്യ ബന്ധന രീതിയില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മത്സ്യോല്പന്ന കയറ്റ മതി സ്ഥാപനമായ എ എംപഡെ (MPEDA) യുടെ നേതൃത്വത്തില്‍, ചെറുമത്സ്യങ്ങള്‍ വലയില്‍ കുരുങ്ങാതിരിക്കാനായി, ഡയമണ്ട് വലയ്ക്ക് പകരം ചതുരന്‍ വല ഉപയോഗിക്കാനുള്ള പ്രോത്സാഹനങ്ങളും നല്‍കി വരുന്നു.
നാം സ്വീകരിച്ച സുസ്ഥിര മാര്‍ഗങ്ങളെക്കുറിച്ച് അന്താരാഷ്ട്ര വേദികളില്‍ വിശദീകരിക്കകുകയും ചെറുകിട മത്സ്യത്തൊഴിലാളിയുടെ അവകാശ സംരക്ഷണത്തിന് വേണ്ടി വാദിക്കുകയും ചെയ്യുകയും, അതേസമയം ദേശീയ തലത്തില്‍ കൂടുതല്‍ ബോധവല്‍ക്കരണവും നടത്തുകയും ചെയ്യുക എന്ന മാര്‍ഗമാണ് ഇവിടെ ഇന്ത്യന്‍ സര്‍ക്കാരിന് മുന്നില്‍ ഉള്ളത്. സര്‍ക്കാരും ശാസ്ത്രജ്ഞരും ഒരു ഭാഗത്ത് നിന്ന് നിയന്ത്രണങ്ങള്‍ കൊണ്ട് വരികയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും മറുവശത്ത്, മത്സ്യകുഞ്ഞുങ്ങളെ പിടിക്കുന്നത് ഉള്‍പ്പെടെയുള്ള അശാസ്ത്രീയ മത്സ്യബന്ധനം നടക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. മത്സ്യമേഖലയുടെ സുസ്ഥിരതയ്ക്ക് ഓരോ പൗരന്റെയും സഹകരണം അത്യാവശ്യമാണ്.
Content Highlights: World Trade Organization and Fisheries Subsidies
Published: 09 Mar 2024, 09:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented