ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്കരികെ സെമി ഫെെനലെന്ന് വിശേഷിപ്പിച്ചിരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയുടെ ആഘാതത്തിലാണ് കോൺ​ഗ്രസ്. ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി തങ്ങളുടെ സർവാധിപത്യം സ്ഥാപിച്ചത് തെല്ലൊന്നുമല്ല കോൺ​​ഗ്രസിന്റെ ആത്മവിശ്വാസത്തെ തകർത്തത്. ഉൾപ്പാർട്ടി കലഹങ്ങൾക്ക് പേരുകേട്ട രാജസ്ഥാനും കെെയിൽ നിന്നും വഴുതിപ്പോയ മധ്യപ്രദേശും ഛത്തീസ്​ഗഢും കെെവിട്ടതോടെ കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ കേന്ദ്രം പിടിക്കാനൊരുങ്ങുന്ന ഇന്ത്യ സഖ്യത്തിന്റെ ഭാവിയും ചോദ്യം ചിഹ്നമായി. 

To advertise here,

കർണാടകത്തിലെ മിന്നുന്ന വിജയവും ഭാരത് ജോഡോ യാത്രയ്ക്ക് ലഭിച്ച സ്വീകാര്യതയും മുന്നിൽക്കണ്ടായിരുന്നു കോൺ​ഗ്രസ് തിരഞ്ഞെടുപ്പിനെ സമീപിച്ചത്. എന്നാൽ, ഉത്തരേന്ത്യ കാത്തുവച്ച വിധി മറ്റൊന്നായിരുന്നു. ദക്ഷിണേന്ത്യയ്ക്കു പുറത്ത് കോൺ​ഗ്രസിന് ഇനി ഭരണമുള്ളത് ഹിമാചലിൽ മാത്രമാണ്. ഇന്ത്യാ സഖ്യത്തിന്റെ മുഖമായി തങ്ങളെ അവതരിപ്പിക്കുന്ന കോൺ​ഗ്രസിനേറ്റ വൻ തിരിച്ചടിയാണ് നിലവിലെ ഫലം. സഖ്യം ബലപ്പെടുത്തുന്നതിനെക്കുറിച്ച നേതൃത്വം സംസാരിക്കുമ്പോഴും നിലവിൽ തമ്മിൽ തമ്മിൽ മത്സരിക്കുന്ന സാഹചര്യവും ഇവിടങ്ങളിൽ നാം കണ്ടു. 

തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ഡിസംബർ ആറാം തീയതി സഖ്യത്തിലെ ചില നേതാക്കളെ ഉൾപ്പെടുത്തി ഒരു യോ​ഗം വിളിച്ചിരുന്നു കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ. മാസങ്ങൾക്ക് ശേഷമാണ് നേതാക്കൾ ഒരു യോ​ഗം കൂടുന്നതെന്ന് ഓർക്കണം. തിരഞ്ഞെടുപ്പ് തിരക്കുകൾക്കു ശേഷമായിരിക്കും കോൺ​ഗ്രസ് ഇനി യോ​ഗം വിളിക്കുന്നതെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും നേരത്തെ പരിഹസിച്ചിരുന്നു. നവംബർ രണ്ടാം തീയതി നിതീഷ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു മാസം പിന്നിടുമ്പോൾ വലിയൊരു തോൽവിയുടെ നടുക്കത്തിലാണ് കോൺ​ഗ്രസ്. മാസങ്ങൾക്കപ്പുറം ലോക്സഭാ തിര‍ഞ്ഞെടുപ്പാണ്. ഇന്ത്യാ സഖ്യത്തിന്റെ ആത്മവിശ്വാസവും കെട്ടുറപ്പും തകരാതെ നോക്കുകയെന്നതായിരിക്കും കോൺ​ഗ്രസ് നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിനിടയിൽ, നിലപാട് കടുപ്പിച്ച് നിതീഷും കെജ്​രിവാളും മമതയും വിലപേശുമെന്നത് സംശയാതീതമാണ്.

നഷ്ടപ്പെടുന്ന ഹിന്ദിരാജ്യം
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺ​ഗ്രസിനുള്ള കെട്ടുറപ്പ് നിലവിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇല്ല എന്നതാണ് തോൽവിയിൽ നിന്നും കരകയറാനുള്ള കോൺ​ഗ്രസ് ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നത്. കർണാടകയിൽ ഡി.കെ. ശിവകുമാറും തെലങ്കാനയിൽ രേവന്ത് റെഡ്ഡിയും കോൺ​ഗ്രസിനുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രേവന്തും ഡി.കെയും ആരാണെന്ന ചോദ്യത്തിന് കോൺ​ഗ്രസിന് ഉത്തരമില്ല. രാഹുലും പ്രിയങ്കയും നേതൃത്വം നൽകുന്നുണ്ടെങ്കിലും പ്രാദേശികമായി വൻ ജനാവലിയെ ആകർഷിക്കാനുതകുന്ന നേതാക്കൾ പല സംസ്ഥാനങ്ങളിലും ഇന്ന് കോൺ​ഗ്രസിനില്ല എന്നതാണ് വാസ്തവം. 

നിലവിലെ ചിത്രം പരിശോധിക്കുമ്പോൾ ഹിന്ദി ഹൃദയഭൂമിയിൽ നിന്നും പൂർണമായും തൂത്തെറിയപ്പെട്ട നിലയിലാണ് കോൺ​ഗ്രസ്. ഭരണത്തിലുള്ളതാകട്ടെ, നാലു ലോക്​സഭാ സീറ്റുകൾ മാത്രമുള്ള ഹിമാചലിലും. ഉത്തർ പ്രദേശും, മധ്യപ്രദേശും, ​രാജസ്ഥാനുമടങ്ങുന്ന വൻ സംസ്ഥാനങ്ങളിലെ വോട്ടുകൾ 2024-ൽ തങ്ങളിലേക്കെത്തിക്കാൻ കോൺ​ഗ്രസിന് ഏറെക്കുറെ അസാധ്യമാണ്. തിരഞ്ഞെടുപ്പിനെ നേരിടാൻ സഖ്യം രൂപവത്ക്കരിച്ചെങ്കിലും ചർച്ചകൾ എവിടെയും എത്തിയിട്ടില്ലെന്നതും ഈ അവസരത്തിൽ നാം നോക്കിക്കാണേണ്ടതാണ്. 

മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും ‘ഇന്ത്യ’ കക്ഷികളുടെ ശക്തികേന്ദ്രങ്ങളിൽ കൃത്യമായ രീതിയിൽ സീറ്റ് വിഭജനം നടത്താൻ കോൺ​ഗ്രസ് തയ്യാറായിരുന്നെങ്കിൽ ഇന്ന് ഇത് അല്ലായിരുന്നേനെ ഫലം. പലയിടങ്ങളിലും തങ്ങൾക്കുള്ളിലെ ഒന്നും രണ്ടും സ്ഥാനാർഥികളെയാണ് കോൺ​ഗ്രസിന് നേരിടേണ്ടി വന്നത്. എസ്.പി.യുമായി മധ്യപ്രദേശിലും രാജസ്ഥാനിലും സഖ്യമുണ്ടാക്കാതിരുന്നതിനോട് ഏത് വിധത്തിലാണ് അഖിലേഷ് യാദവ് പ്രതികരിച്ചതെന്ന് നാം കണ്ടതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മാത്രമായൊരു സഖ്യം ആവശ്യമില്ലെന്ന് ഇതിനോടകം എസ്.പി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഉത്തർപ്രദേശിൽ കോൺ​ഗ്രസിനുണ്ടാക്കാൻ പോകുന്ന ആഘാതം ചില്ലറയായിരിക്കില്ല. 

ഇന്ത്യാ സഖ്യത്തിനുള്ളിൽ തന്നെ വോട്ടുകൾ വിഭജിക്കപ്പെട്ടതാണ് കനത്ത തോൽവിയിലേക്ക് നയിച്ചതെന്നായിരുന്നു ഫലത്തിന് പിന്നാലെ മമതാ ബാനർജിയുടെ ആദ്യ പ്രതികരണം. ലക്ഷ്യം കോൺ​ഗ്രസാണെന്ന് വ്യക്തം. മുന്നണി ഭദ്രമായി നിലനിൽക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ജനാധിപത്യപരമായ ചില വിട്ടുവീഴ്ചകൾക്ക് ഇനിയെങ്കിലും കോൺ​ഗ്രസ് തയ്യാറാകണമെന്ന് പറഞ്ഞുവയ്ക്കുന്നുണ്ട് മമത.  തങ്ങളില്ലാതെ നിങ്ങൾക്കാവില്ലെന്നും പറയാതെ പറയുന്നുണ്ടവർ.

ഭദ്രം ദക്ഷിണേന്ത്യ
കൃത്യമായ രാഷ്ട്രീയം പറഞ്ഞ് തന്നെയായിരുന്നു കോൺ​ഗ്രസ് കർണാടകയിൽ അധികാരം പിടിച്ചെടുത്തത്. ടിപ്പു മുതൽ ജാതി സമവാക്യങ്ങളിൽ വരെ വിവാദം കണ്ടെത്താനുള്ള ബി.ജെ.പി ശ്രമത്തെ തികഞ്ഞ് അവജ്ഞയോടെയാണ് അന്നാട്ടിലെ ജനങ്ങൾ തള്ളിക്കളഞ്ഞത്. തെലങ്കാനയിലും മറ്റൊന്നല്ലായിരുന്നു സ്ഥിതി. അധികാരക്കൊതിയും അഴിമതിയാരോപണങ്ങളും കെ.സി.ആറിന്റെ മുഖ്യമന്ത്രിമോഹത്തിന് വിനയായി. തെലങ്കാന രൂപീകരിക്കപ്പെട്ട നാൾ മുതൽ സംസ്ഥാനത്ത് ഭരണം ഉറപ്പാക്കിയ അതികായനെ താഴെയിറക്കി ജനങ്ങൾ അധികാരം കോൺ​ഗ്രസിന് കെെമാറി.

placeholder
തെലങ്കാനയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന കോൺ​ഗ്രസ് നേതൃത്വം | Photo:ANI

എന്നാൽ, ദക്ഷിണേന്ത്യയിലെ രീതിയല്ല അങ്ങ് ഉത്തേരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺ​ഗ്രസ് പഴറ്റിയത്. തീവ്രഹിന്ദുത്വയെ മൃദുഹിന്ദുത്വം കൊണ്ട് നേരിടാനുള്ള ശ്രമത്തിൽ പാർട്ടിക്ക് കെെപൊള്ളി. പതിറ്റാണ്ടുകളായി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ആവനാഴിയിലെ ഏറ്റവും വലിയ ആയുധമാണ് രാമക്ഷേത്ര നിർമാണം. തീർഥാടനസൗകര്യമൊരുക്കുന്നതിന്റെ കാര്യത്തിൽ യു.പിയിലെ ഭക്തർക്കു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും മധ്യപ്രദേശിലെ വോട്ടർമാർക്ക് ലഭിക്കുമെന്ന് അമിത് ഷാ നേരിട്ട് വന്ന് ഉറപ്പുനൽകി. എന്നാൽ, 'ബാബരിയുടെ താഴുകൾ തുറന്നത് രാജീവാ'ണെന്നായിരുന്നു കമൽനാഥിന്റെ പ്രതികരണം. മതേതരകക്ഷികളുമായി ചേർന്ന് രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനൊരുങ്ങുന്ന കോൺ​ഗ്രസിൽ നിന്നും ഉയർന്ന വാദമാണിതെന്ന് നോക്കണം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നെഹ്രുവിയൻ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന കോൺ​ഗ്രസ് ഉത്തരേന്ത്യയിലെത്തുമ്പോൾ കളം മാറ്റി ചവിട്ടുന്നെന്ന ആരോപണം അരക്കിട്ടുറപ്പിക്കുന്നതാണ് ഇത്തരം പ്രസ്താവനകൾ. 

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാഹചര്യം അനുകൂലമാക്കണമെങ്കിൽ കോൺ​ഗ്രസ് ഏറെ വിയർപ്പൊഴുക്കേണ്ടി വരും. കേരളവും, തമിഴ്നാടും ബി.ജെ.പി വിരുദ്ധ സംസ്ഥാനങ്ങളായി തുടരുമെന്ന് തന്നെ കരുതാം. ഇരുസംസ്ഥാനങ്ങളിലുമായി 59 സീറ്റുകളുണ്ട് ലോക്സഭയിൽ. തമിഴ്നാട്ടിൽ സ്റ്റാലിന്റെ നില സുരക്ഷിതമാണ്. കേരളത്തിൽ ഇത്തവണ 19-1 പോലെ തരം​ഗമൊന്നുമുണ്ടായില്ലെങ്കിലും സീറ്റ് ബി.ജെ.പിയിലേക്ക് പോകില്ലെന്ന ആത്മവിശ്വാസം കോൺ​ഗ്രസിനുണ്ട്. 

നിലവിലെ അനുകൂല സാഹചര്യം തുടർന്നാൽ കർണാടകയും തെലങ്കാനയും കോൺ​ഗ്രസിന് കൂടുതൽ സീറ്റുകൾ നൽകിയേക്കാം. എന്നിരുന്നാലും, നിലവിലെ ബി.ജെ.പിയുടെ തേരോട്ടത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ സാഹചര്യം ലോക്സഭയിൽ തുടരാനാകുമോ എന്ന ഭയവും പാർട്ടിക്കുണ്ട്. സംസ്ഥാനഭരണം തങ്ങളുടെ കെെപ്പിടിയിലൊതുക്കിയെങ്കിലും അത്ര എളുപ്പമായിരിക്കില്ല ലോക്സഭയിൽ സ്ഥിതി. ആന്ധ്രയിൽ വെെ.എസ് ജ​ഗന്റെ പ്രതാപത്തിന് കാര്യമായ പരിക്കുകളില്ലാത്തിടത്തോളം വൈഎസ്ആര്‍ കോണ്‍ഗ്രസ് തന്നെ സംസ്ഥാനത്ത് അധീശത്വം തുടരും. ഒഡിഷയിലും സ്ഥിതി അനുകൂലമായേക്കാം. 

ദക്ഷിണേന്ത്യ ഭദ്രമായി കോൺ​ഗ്രസിനൊപ്പം തുടരുമ്പോഴും ചോദ്യചിഹ്നമാകുന്നത് മധ്യ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ്. ബിഹാർ നിതീഷിലൂടെയും ബം​ഗാൾ മമതയിലൂടെയും പിടിക്കാനാകുമെന്ന് കോൺ​ഗ്രസ് കരുതുന്നുണ്ട്. മഹാരാഷ്ട്രയിലെ 48 സീറ്റുകളും പ്രധാനമാണ്. ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടിയുടെ തീരുമാനം നിർണായകമാണ്. സഖ്യത്തിൽ ഏതെങ്കിലും തരത്തിലുള്ള വിള്ളലുണ്ടായാൽ ഡൽഹി കോൺ​ഗ്രസിന് കെെവിട്ടുപോകും. 

ഇന്ത്യാ സഖ്യത്തിലെ പ്രധാനികളെല്ലാം കേന്ദ്രം ഭരണം രൂപീകരിക്കുന്നതിനാവശ്യമായ സംഖ്യ ഉറപ്പ് നൽകുമ്പോഴും ഹിന്ദി ഹൃദയഭൂമിയിലെ കോൺ​ഗ്രസിന്റെ പ്രകടനം ഏത് വിധത്തിലായിരിക്കുമെന്നതാണ് പാർട്ടി നേതൃത്വത്തെ കുഴക്കുന്നത്. 150-നടുത്ത് സീറ്റുകളുണ്ട് ഹിന്ദി ഹൃ​ദയഭൂമിയിൽ. കോൺ​ഗ്രസും ബി.ജെ.പിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് ഇവിടങ്ങളിൽ. തങ്ങളാൽ ഒരു ഉറപ്പും നൽകാനാവാത്ത നിലയിലാണ് കോൺ​ഗ്രസ് ഇവിടങ്ങളിലുള്ളതെന്നതാണ് സഖ്യം നേരിടുന്ന പ്രധാന വെല്ലുവിളി. 

placeholder

ജോഡോ യാത്രയും സനാതന ധർമവും 
ഭാരത് ജോഡോ കോൺ​ഗ്രസ് പ്രവർത്തകർക്കേകിയ ഊർജ്ജം ചില്ലറയല്ല. നിരന്തര തോൽവികളിൽ വീണുകിടന്ന പാർട്ടിയെ തിരികെ ഉയർത്തെഴുന്നേൽപ്പിക്കാനുള്ള ദൗത്യവുമായി അവർക്ക് മുന്നിൽ പക്വതയുള്ള നേതാവായി രാഹുൽ സംസാരിച്ചു. ഭരണഘടനയുടെ മൂല്യങ്ങളും മതേതര ചിന്താ​ഗതിയും രാഹുൽ ഉയർത്തിപ്പിടിച്ചപ്പോൾ ജനാധിപത്യ വിശ്വാസികളും രാഹുലിനൊപ്പം അണിനിരന്നു. പിന്നാലെ, കർണാടക കൂടെ അനുകൂലമായതോടെ പാർട്ടി തിരിച്ചുവരവിന്റെ പാതയിലാണെന്ന് പ്രവർത്തകർ വിശ്വസിച്ചു. കർണാടകയ്ക്ക് പിന്നാലെ കേന്ദ്രവും തങ്ങൾക്കൊപ്പം ഇങ്ങ് പോരുമെന്ന് അവർ സ്വപ്നം കണ്ടു. എന്നാൽ, മാസങ്ങൾക്കിപ്പുറം അവർ തിരിച്ചറിയുന്നുണ്ടാകാം, ആ ലക്ഷ്യം എത്ര അകലെയാണെന്ന്.  

ജോഡോ യാത്രയ്ക്ക് പിന്നാലെ അനുകൂലമായിരുന്ന നിരവധി സാഹചര്യങ്ങൾ നിലനിർത്തിക്കൊണ്ടുപോകാൻ കോൺ​ഗ്രസിന് സാധിച്ചില്ല. മുന്നോട്ട് വച്ച വിഷയങ്ങളുടെ മെറിറ്റ് വോട്ടാക്കി മാറ്റാൻ ഇനിയും കോൺ​ഗ്രസിന് സാധിച്ചിട്ടില്ല. ജാതി സെൻസസ് മുതൽ സനാതന ധർമം വരെയുള്ള വിഷയങ്ങളിൽ സഖ്യത്തിനുള്ളിൽ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. 

ജാതി സെൻസസുമായി ബന്ധപ്പെട്ട വിഷയത്തിൽ കണക്കുകൾ നൽകാത്തത് കോൺ​ഗ്രസായിരുന്നുവെന്നായിരുന്നു അഖിലേഷ് യാദവിന്റെ പരിഹാസം. അവർ തിരഞ്ഞുകൊണ്ടിരിക്കുന്ന വോട്ട് അവരുടെ കൂടെ ഇല്ല എന്ന് കോൺഗ്രസിന് ബോധ്യപ്പെട്ടിരിക്കുന്നു. വെറും വോട്ടിന് വേണ്ടിയുള്ള പ്രഹസനമാണ് കോൺ​ഗ്രസ് നടത്തുന്നതെന്നും യാദവ് ആഞ്ഞടിച്ചു. ഉദയനിധി സ്റ്റാലിന്റെ സനാതന വിവാദവും തിരിച്ചടിച്ചു. പ്രസ്താവന നിമിഷനേരംകൊണ്ട് ബി.ജെ.പി ഐ.ടി സെൽ ഏറ്റെടുത്തു. മോദി മുതൽ അമിത് ഷാ വരെയുള്ളവർ വിഷയത്തിൽ പ്രതികരിച്ചു. 

തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപാണ് രാഹുലിന്റെ പനൗതി പരാമർശം കൂടെയുണ്ടാകുന്നത്.  ദുശ്ശകുനം സ്റ്റേഡിയത്തിൽ എത്തിയതോടെ ഇന്ത്യ ലോകകപ്പ് ഫെെനൽ പരാജയപ്പെട്ടുവെന്ന് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ കത്തിക്കയറി. അധികം വെെകാതെ തന്നെ തനിക്കു നാക്കു പിഴച്ചെന്ന് രാഹുൽ തിരിച്ചറി‍ഞ്ഞിട്ടുണ്ടാകാം. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി വിഷയം പ്രചരിപ്പിക്കുന്നതിന് വലതുപക്ഷ പ്രൊഫെെലുകൾക്ക് അധികം തലപുകയ്ക്കേണ്ടി വന്നില്ല. 

placeholder
Rahul Gandhi, Sonia Gandhi | Photo: AFP
രാഹുലും സോണിയയും | Photo:AFP

അവകാശവാദവുമായി നിതീഷ്, അടങ്ങിയിരിക്കുമോ മമത?
പ്രതിപക്ഷ സഖ്യത്തിന്റെ ശിൽപിയാണ് നിതീഷ്, വള്ളം കരയ്ക്കടുപ്പിക്കാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കുകയുള്ളൂ. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ജെ.ഡി.യു സംസ്ഥാന ജനറൽ സെക്രട്ടറി നിഖിൽ മണ്ഡൽ എക്സിൽ കുറിച്ച വാക്കുകളാണിത്. ഏറെ വെെകിയില്ല, ഫലം ഭാവിയിലേക്കുള്ള സന്ദേശമാണെന്ന് ചൂണ്ടിക്കാട്ടി ബിഹാർ മന്ത്രി വിജയ് കുമാർ ചൗധരിയും രം​ഗത്തെത്തി. ഒട്ടും അപ്രതീക്ഷിതമല്ലായിരുന്നു ഇത്തരം പ്രസ്താവനകൾ. കോൺ​ഗ്രസ് വീഴുന്നിടത്ത് ആദ്യം ഉയരുന്ന ചോദ്യം ഇന്ത്യ മുന്നണിയുടെ നേതൃത്വത്തെക്കുറിച്ചാണെന്ന നല്ല ബോധ്യമുണ്ട് നിതീഷ് കുമാറിന്. സഖ്യം അധികാരത്തിലേറിയാൽ പ്രധാനമന്ത്രിപദം ആരലങ്കലിക്കുമെന്ന ചോദ്യത്തിലേക്കുള്ള ചെറിയ സൂചനകളായിരിക്കണം ജെ.ഡി.യു ലക്ഷ്യം വയ്ക്കുന്നത്. 

എന്നാൽ വിചാരിക്കുന്നത്ര എളുപ്പമായിരിക്കില്ല നിതീഷിന് കാര്യങ്ങൾ. സ്ത്രീകൾ വിദ്യാഭ്യാസം നേടുമ്പോൾ ജനസംഖ്യാനിരക്ക് കുറയുന്നുവെന്ന നിതീഷിന്റെ പരാമർശം ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. വിഷയത്തിൽ ക്ഷമാപണവുമായി നിതീഷ് രം​ഗത്തെത്തിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല. സഖ്യത്തിന്റെ നേതൃത്വത്തിലേക്ക് നിതീഷ് വരുന്നത് രാജ്യത്ത് സ്ത്രീ വോട്ടർമാരിലും ചെറുപ്പക്കാരിലും ഏത് രീതിയിൽ പ്രതിഫലിക്കുമെന്നതും ചോദ്യചിഹ്നമാണ്. ആർ.ജെ.ഡി., ജെ.ഡി.യു ആഭ്യന്തകലഹമാണ് അദ്ദേഹം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. തേജസ്വി യാദവിനെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദത്തിലേക്കെത്തിക്കാനുള്ള ആർ.ജെ.ഡി ശ്രമം നിതീഷിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. വിഷയം രൂക്ഷമായാൽ പാർട്ടി പിളർപ്പിലേക്ക് നീങ്ങിയേക്കാമെന്ന ബോധ്യവും അദ്ദേഹത്തിനുണ്ട്. 

ആഭ്യന്തര കാര്യങ്ങളിൽ സമവാക്യത്തിലെത്തിയാലും മമതാ ബാനർജിയെന്ന വൻ വെല്ലുവിളി നിതീഷിന് മറികടക്കാനാകുമോ എന്നത് കണ്ടറിയണം. 42 ലോക്സഭാ സീറ്റുകളുണ്ട് ബം​ഗാളിൽ. അത്ര വേ​ഗം തള്ളിക്കളയാനാകില്ല മമതയെ. നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ ജനസ്വാധീനത്തിൽ നിതീഷിനേക്കാളും ഒട്ടും പിറകിലല്ല മമത. അല്ലെങ്കിൽ, രാജ്യത്തെ മൊത്തം ചിത്രം കണക്കിലെടുക്കുമ്പോൾ ഒരു നേതാവെന്ന നിലയിലെ താരപരിവേഷത്തിൽ ഒരുപടി മുമ്പിൽ തന്നെയാണ് മമത.

ൾപ്പാർട്ടി കലഹങ്ങളും നീരസങ്ങളും പറഞ്ഞുതീർത്ത് ഒന്നിത്തുനീങ്ങാനുള്ള തീരുമാനത്തിലാണ് ആറാം തീയതിയിലെ  ‘ഇന്ത്യ’ സഭാനേതാക്കളുടെ യോഗം അവസാനിച്ചത്. നിലവിലെ തിരിച്ചടിയോടെ സഖ്യം കളമൊഴിഞ്ഞുവെന്ന് ആരും ധരിക്കേണ്ടകില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നുണ്ട്. യോ​ഗം വെെകുന്നതിൽ പല പ്രമുഖരും തങ്ങളുടെ വിമർശനം ഉന്നയിച്ചു. മമത ബാനർജി കോൺഗ്രസ്സിനെതിരേ ഉന്നയിക്കുന്ന വിമർശനങ്ങൾ ഇന്ത്യയെ ദുർബലപ്പെടുത്തുന്നുവെന്ന് അധീർരഞ്ജൻ ചൗധരിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് തൃണമൂൽ യോ​ഗത്തിൽ നിന്നും വിട്ടുനിന്നെങ്കിലും ഇനിയങ്ങോട്ട് സജീവമാകാനുള്ള തീരുമാനത്തിലാണെന്നാണ് നിലവിലെ കണക്കുകൂട്ടൽ. 

പോയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരിക്കും കോൺ​ഗ്രസ്. ഭരണഘടനയ്ക്കും മതേതരത്വത്തിനും വേണ്ടിയാണ് പോരാട്ടമെന്ന് ‘ഇന്ത്യ’-യും വ്യക്തമാക്കുന്നുണ്ട്. കോൺ​ഗ്രസ് തങ്ങളുടെ പിടിവാശികൾ മാറ്റി വച്ച് കൃത്യമായ രീതിയിൽ സീറ്റുവിഭജനം നടത്തേണ്ടതുണ്ട്. മുന്നിൽ നിന്നും നയിക്കേണ്ടതും കോൺ​ഗ്രസ് തന്നെയാണ്. വൻമരങ്ങൾ കടപുഴകിയ ഒട്ടനവധി ഉദ്ദാഹരണങ്ങളുണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ. ഇതേ, പ്രതീക്ഷയിൽ തന്നെയായിരിക്കണം കോൺ​ഗ്രസും ‘ഇന്ത്യ’-യും.