കരിങ്കുന്നം : ജനവാസമേഖലയിൽ രൂക്ഷമായ മലിനീകരണം സൃഷ്ടിക്കുന്ന പ്ലൈവുഡ് ഫാക്ടറികൾക്കെതിരേ കരിങ്കുന്നം ഗ്രാമപ്പഞ്ചായത്ത് 14-ാം വാർഡിൽ (മൂരിപ്പാറ) ചേർന്ന പ്രത്യേക ഗ്രാമസഭ പ്രമേയം പാസാക്കി. മൂരിപ്പാറ അങ്കണവാടിയിലാണ് പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചത്. കരിങ്കുന്നം വടക്കംമുറിയിൽ നിലവിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിക്ക് പുറമേ പുതിയൊരു ഫാക്ടറിയുടെ നിർമാണ പ്രവർത്തനങ്ങൾകൂടി ആരംഭിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മറ്റ് പ്രദേശങ്ങളിൽ ഇത്തരം ഫാക്ടറികൾ ജനജീവിതത്തിന് ഉണ്ടാക്കുന്ന മാരകമായ ആരോഗ്യ-പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് പ്രദേശവാസികൾ സംഘടിച്ചത്.
ഗ്രാമസഭയിൽ ക്വാറംതികയാതിരിക്കാനും ജനകീയ സമരത്തെ കിംവദന്തികൾ പ്രചരിപ്പിച്ച് പരാജയപ്പെടുത്താനും ചില തത്പരകക്ഷികളുടെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ ഇത്തരം നീക്കങ്ങളെ അതിജീവിച്ച് പ്രദേശവാസികൾ ഒറ്റക്കെട്ടായി ഗ്രാമസഭയിൽ പങ്കെടുക്കുകയായിരുന്നു.
ജനവാസമേഖലയിൽ മാരക രോഗങ്ങൾക്ക് കാരണമാകാവുന്ന പുതിയ പ്ലൈവുഡ് ഫാക്ടറിക്ക് യാതൊരു കാരണവശാലും അനുമതി നൽകരുതെന്ന് ആവശ്യപ്പെടുന്ന പ്രമേയം ജേക്കബ് കൊല്ലൻമാരുപറമ്പിൽ അവതരിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോൺ, വൈസ് പ്രസിഡന്റ് സജി ഫിലിപ്പ്, മറ്റ് വാർഡ് മെമ്പർമാർ എന്നിവർ സഭയിൽ പങ്കെടുത്തു.
സന്തോഷ് പാറക്കൽ, ടോമി കല്ലേൽ, ജോജി മൂന്നുപറ എന്നിവർ സംസാരിച്ചു. പ്രത്യേക ഗ്രാമസഭ പ്രമേയം പാസാക്കിയതോടെ മലിനീകരണത്തിനെതിരേയുള്ള കരിങ്കുന്നത്തെ ജനകീയ സമരം കൂടുതൽ ശക്തിയാർജിച്ചിരിക്കുകയാണ്.
Published: 23 Nov 2026, 12:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented