മറയൂർ : മറയൂർ-കാന്തല്ലൂർ റോഡ് നവീകരണം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നു. മെറ്റിൽ, എം.സാൻഡ് അടക്കമുള്ള നിർമാണ സാമഗ്രികൾ ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി ഉത്തരവിലൂടെ നീക്കിയതിനെ തുടർന്നാണ് റോഡ് നവീകരണം പുനരാരംഭിക്കുന്നതിന് സാഹചര്യം ഒരുങ്ങിയത്. ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജായി തിരഞ്ഞെടുക്കപ്പെട്ട കാന്തല്ലൂരിന് റോഡ് നവീകരണം പൂർത്തിയാകുന്നത് വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും ഏറെ പ്രയോജനം ഉണ്ടാകും. മറയൂർ- കാന്തല്ലൂർ റോഡിൽ ആനക്കോട്ടപ്പാറ മുതൽ കാന്തല്ലൂർ വരെയുള്ള ഒൻപത് കിലോമീറ്റർ ദൂരം ഏഴ് കോടി രൂപ ചിലവിൽ ബി.എം.ബി.സി. നിലവാരത്തിൽ നവീകരിക്കാൻ പണം അനുവദിച്ചിട്ട് മാസങ്ങളായി. തമിഴ്നാട് പഴനിപാപ്പം പെട്ടിയിൽ ടാറിങ്ങ് മിക്സിങ്ങ് പ്ളാന്റ് സ്ഥാപിച്ചാണ് പണി നടത്താൻ തീരുമാനിച്ചത്. ഇറാൻ-അമേരിക്കൻ യുദ്ധ സാഹചര്യത്തിൽ നിർമാണ സാമഗ്രികളുടെ വില ഇരട്ടിയായതിനെ തുടർന്ന് കരാറുകാരൻ സർക്കാരിനെ സമീപിച്ച് അനുകൂല തീരുമാനം എടുക്കാൻ മാസങ്ങൾ വൈകി. തീരുമാനം അനുകൂലമായപ്പോൾ മെറ്റലും ടാറും പ്ളാന്റിൽ സംഭരിച്ചു. നിലവിലെ ടാറിങ് മുഴുവൻ ഇളക്കി ടാറിങ്ങിന് അനുകൂലമാക്കും വിധം റോഡൊരുക്കിയപ്പോഴാണ് തമിഴ് നാട്ടിലെ പുതിയ സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഇത് മൂലം പണി നിർത്തിവയ്ക്കേണ്ടി വന്നു. വിവിധ തലങ്ങളിൽ നിവേദനങ്ങൾ നല്കിയെങ്കിലും പണി പുനരാരംഭിക്കുവാൻ കഴിഞ്ഞില്ല. റോഡ് കുത്തിപ്പൊളിച്ച് ഇട്ടതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി. കോതമംഗലം ഭാഗത്ത് നിന്നും നിർമാണ സാമഗ്രികൾ ഇറക്കി ഒന്നാം ഘട്ടം ടാറിങ് നടത്തിയെങ്കിലും മെറ്റിൽ കിട്ടാത്തതിനെ തുടർന്ന് പണി വീണ്ടും നിർത്തി വയ്ക്കേണ്ടി വന്നു. ഹൈക്കോടതി ഉത്തരവ് ഇപ്പോൾ അനുകൂലമായി വന്ന സാഹചര്യത്തിലാണ് റോഡിന്റെ പണി വീണ്ടും ആരംഭിക്കുവാൻ കഴിഞ്ഞത്.
ഗതാഗതം നിരോധിച്ചു
ബുധനാഴ്ച മുതൽ പണി പൂർത്തിയാകുന്നതുവരെ രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ മറയൂർ കാന്തല്ലൂർ റോഡിലെ ഗതാഗതം നിരോധിച്ചു. രാവിലെയും വൈകീട്ടും ഒരു മണിക്കൂർ ഇളവ് നല്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.
Published: 22 Nov 2026, 01:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented