ഇടുക്കി : ദുബായിലെ നല്ലജോലി ഉപേക്ഷിച്ച് 2011-ൽ നാട്ടിലേക്ക് വരുമ്പോൾ ദിലീപിനും ഭാര്യ ഡീനയ്ക്കും ഒരു ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. നാടിന്റെ സുഗന്ധം അനുഭവിച്ച് ജീവിക്കണം. കൃഷിചെയ്യണം. നാട്ടിലെത്തി കുറച്ച് സ്ഥലത്ത് ആദ്യം കപ്പ നട്ടു. പടിപടിയായി മറ്റ് കൃഷിവിളകളും. ഇപ്പോൾ 15 ഏക്കറിൽ കാർഷിക വനം തീർത്തിരിക്കുകയാണ് വാത്തിക്കുടി രാജമുടി ദിലീപ് നെല്ലിക്കുന്നേൽ. ചാർട്ടേഡ് അക്കൗണ്ടൻസി രംഗത്തും നികുതി പ്രാക്ടീഷണറായും പ്രവർത്തിച്ചിരുന്ന ഇവർ ഇപ്പോൾ പരിപൂർണ കർഷകരാണ്.കപ്പക്കൃഷിയിൽമാത്രം ഒതുങ്ങുന്നതല്ല ദിലീപിന്റെ കൃഷിയിടം. ഏകദേശം 15 ഏക്കർ സ്ഥലത്ത് ജാതി, ഏലം, കുരുമുളക്, കൊക്കോ തുടങ്ങി വിവിധ വിളകൾ കൃഷി ചെയ്യുന്നുണ്ട്. ഹൈബ്രിഡ് തൈകൾ ഉപയോഗിച്ചുള്ള കൃഷിക്കും പ്രാധാന്യം നൽകുന്നു. ഏകദേശം രണ്ടായിരം കുരുമുളകുകൊടികളാണ് കൃഷിയിടത്തിലുള്ളത്. ജാതിയും ഏലവും പ്രധാന വിളകളാണ്.
കൊക്കോക്കൃഷിയും പ്രത്യേകതയാണ്. കാഡ്ബറി കമ്പനിയിലേക്ക് ആവശ്യമായ കൊക്കോ നൽകുന്നുണ്ട്. കൊക്കോക്കൃഷിയുമായി ബന്ധപ്പെട്ട സെമിനാറുകൾ സംഘടിപ്പിക്കാനും തോട്ടം പ്രയോജനപ്പെടുത്തുന്നു. ഡി.എൻ.എ. ഒന്ന് മുതൽ അഞ്ച് വരെയുള്ള ഗണങ്ങൾക്കും ജെമിനി വിഭാഗത്തിനും പുറമേ, കൈകൊണ്ട് എളുപ്പത്തിൽ പൊട്ടിക്കാവുന്ന പ്രത്യേക ഹൈബ്രിഡ് ഇനവും കൃഷിയിലുണ്ട്. ഈ ഇനത്തിന്റെ വിത്തുകൾ ശേഖരിക്കാൻ കൃഷിഭവനിൽനിന്നുൾപ്പെടെ ആളുകൾ എത്താറുണ്ട്.
പാരമ്പര്യത്തിന്റെ കപ്പ
വീട്ടാവശ്യത്തിനുള്ള കപ്പ കൃഷിചെയ്യാൻ എല്ലാ വർഷവും പ്രത്യേക സ്ഥലം മാറ്റിവെക്കുന്ന ദിലീപ് ഇത്തവണ അരയേക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയത്. രാമൻ കപ്പയും മിക്സ്ചർ കപ്പയുമാണ് പ്രധാന ഇനങ്ങൾ. ചാണകപ്പൊടിയും ചാരവും വളമായി ഉപയോഗിക്കുന്നു. വിളവെടുത്ത കപ്പ അരിഞ്ഞ് വാട്ടി ഉണക്കി സൂക്ഷിക്കും.
കപ്പ പറിച്ചെടുക്കുന്നതിനുള്ള പ്രത്യേക പൈപ്പ് സംവിധാനവും കപ്പ അരിയുന്നതിനുള്ള യന്ത്രവും ഉപയോഗിക്കുന്നു. കൃഷിയിടത്തിൽ എലിശല്യം നിയന്ത്രിക്കാൻ പരമ്പരാഗത രീതിയായ എലിക്കുമ്പവും പ്രയോജനപ്പെടുത്തുന്നു.മക്കളായ എലിസബത്ത്, മരിയ, തെരേസ എന്നിവരും എൺപത്തിരണ്ടുകാരിയയ അമ്മ മേരി കുരുവിളയും ദിലീപിന് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.
Published: 23 Nov 2026, 12:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented