നെടുങ്കണ്ടം : പ്രവർത്തനം തുടങ്ങി 10 വർഷങ്ങൾക്ക് ശേഷവും സ്വന്തമായി കെട്ടിടമില്ല.

To advertise here,

പരിമിതമായ സൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ് നെടുങ്കണ്ടം അഗ്നിരക്ഷാ നിലയം.

2016 ഫെബ്രുവരി 29-നാണ് നിലയം ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് താത്കാലികമായി അനുവദിച്ച കെട്ടിടത്തിലാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്.

രണ്ടാം നിലയിലെ വിശ്രമ മുറിയിലെ പരിമിത സൗകര്യങ്ങളിലാണ് ഉദ്യോഗസ്ഥർ കഴിയുന്നത്.

നെടുങ്കണ്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് പിന്നിൽ 85 സെന്റ് സ്ഥലം സേനയ്ക്ക് കെട്ടിടം നിർമിക്കാൻ നൽകിയിട്ടുണ്ട്. എന്നാൽ, കെട്ടിടത്തിനായുള്ള മണ്ണ് പരിശോധന മാത്രമാണ് നിലവിൽ പൂർത്തിയായത്. പൊതുജനങ്ങളുടെ പാർക്കിങ്ങിനാണ് സ്ഥലം ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത്.

കേന്ദ്ര സർക്കാരിന്റെ 2022-23 സാമ്പത്തിക വർഷത്തെ ജൻ വികാസ് പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനായി പദ്ധതി സമർപ്പിച്ചിരുന്നെങ്കിലും അപേക്ഷ നിരസിച്ചു. ഇ‌തിനെ തുടർന്ന് പുതിയ കെട്ടിടത്തിനായി മുൻ എം.എൽ.എ. എം.എം.മണിക്ക് സേനാ യൂണിറ്റ് അപേക്ഷ നൽകി.

ഏറ്റവുമൊടുവിൽ ആധുനിക നിലവാരത്തിലുള്ള കെട്ടിടം പണിയുന്നതിന് നാല് കോടി രൂപ നവ കേരള സദസ്സ് മുഖേന അനുവദിച്ചു. എന്നാൽ, മണ്ണുപരിശോധനയ്ക്ക് അപ്പുറം ഒന്നും സംഭവിച്ചില്ല.

സേനാ വിഭാഗം ഇല്ലാതിരുന്ന ജില്ലയിലെ ഏക താലൂക്കായിരുന്നു ഉടുമ്പൻചോല. 2016 ജനുവരി മൂന്നിന് നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനങ്ങളിൽ ഉണ്ടായ വലിയ തീപിടിത്തത്തിനു ശേഷം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന സമരത്തിനൊടുവിലാണ് നെടുങ്കണ്ടത്ത് മിനി ഫയർ സ്റ്റേഷൻ അനുവദിച്ചത്.