കരിങ്കൽക്ഷാമം; ഇടുക്കിയിൽ വികസനപ്രവർത്തനങ്ങൾ സ്തംഭനത്തിലേക്ക്
വെള്ളത്തൂവൽ : നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവ് മൂലം കൊന്നത്തടി-വെള്ളത്തൂവൽ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിലായി.
റോഡിന്റെ സംരക്ഷണഭിത്തികൾ കെട്ടുന്നതിനും കലുങ്കുകൾ നിർമിക്കുന്നതിനും ആവശ്യമായ പാറക്കല്ല് ലഭിക്കാത്തതാണ് പ്രധാന പ്രതിസന്ധി. ഇതോടെ റോഡിന്റെ പലഭാഗങ്ങളിലും പണികൾ പൂർണമായും നിലച്ച അവസ്ഥയിലാണ്. റോഡ് തകർന്ന് കിടക്കുന്നതിനാൽ പ്രദേശവാസികൾ കടുത്ത യാത്രാദുരിതമാണ് അനുഭവിക്കുന്നത്.
കൊന്നത്തടി-വെള്ളത്തൂവൽ റോഡിന്റെ മാത്രമല്ല, നിർമാണ സാമഗ്രികളുടെ ക്ഷാമം ഇടുക്കി ജില്ലയിലുടനീളം പൊതുമരാമത്ത് ഉൾപ്പെടെയുള്ള വിവിധ വികസന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കരിങ്കല്ല് കണ്ടെത്താൻ കരാറുകാർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. നിലവിൽ എറണാകുളം ജില്ലയിലെ ക്വാറികളിൽ നിന്നാണ് കല്ല് ഉൾപ്പെടെയുള്ള സാധനങ്ങൾ ഇടുക്കിയിലേക്ക് എത്തിക്കുന്നത്. ദൂരസ്ഥലങ്ങളിൽനിന്ന് സാമഗ്രികൾ എത്തിക്കുമ്പോൾ ഇരട്ടിയിലധികം തുകയാണ് ചെലവാകുന്നത്. ഇതിനുപുറമെ തമിഴ്നാട്ടിൽ നിന്ന് വരുന്ന കരിങ്കല്ലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി.
പരിസ്ഥിതിസംരക്ഷണവും നിയമപരമായ നിയന്ത്രണങ്ങളും ഉറപ്പാക്കുന്നതിനൊപ്പം വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടാത്ത വിധത്തിൽ പ്രായോഗികമായ പരിഹാരം സർക്കാർ കണ്ടെത്തണമെന്നാണ് പൊതുവായ ആവശ്യം. നിർമാണാവശ്യങ്ങൾക്കായി അനുയോജ്യമായ സ്ഥലങ്ങളിൽ നിയമാനുസൃത നടപടിക്രമങ്ങളോടെ പാറപൊട്ടിച്ച് കല്ല് ലഭ്യമാക്കാൻ അടിയന്തര അനുമതി നൽകണമെന്ന ആവശ്യവും ശക്തമാണ്.
വിഷയത്തിൽ ത്രിതല പഞ്ചായത്തുകളും റോയി കെ.പൗലോസ് എം.എൽ.എ.യും അടിയന്തരമായി ഇടപെട്ട് സർക്കാർ തലത്തിൽ ആവശ്യമായ അനുമതികൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
നിർമാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ ജില്ലയിലെ നിരവധി റോഡ് വികസന പദ്ധതികൾ പാതിവഴിയിൽ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Published: 22 Nov 2026, 01:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented