ജനങ്ങൾക്ക് ആശ്വാസം

To advertise here,

വണ്ടിപ്പെരിയാർ : പ്ലാസ്റ്റിക്കും മറ്റ് മാലിന്യവും അടിഞ്ഞുകൂടിയ പെരിയാർ ചോറ്റുപാറ കൈത്തോട് പഞ്ചായത്ത് അധികൃതർ ഇടപെട്ട് ശുചീകരിച്ചു.

കഴിഞ്ഞ മഴക്കാലത്ത് ഒഴുകിയെത്തിയ പ്ലാസ്റ്റിക് അടക്കമുള്ള വൻതോതിലുള്ള മാലിന്യമാണ് തോട്ടിൽ കെട്ടിക്കിടന്നിരുന്നത്.

മഴക്കാലം കഴിഞ്ഞിട്ടും മാലിന്യം നീക്കംചെയ്യാൻ നടപടിയില്ലാത്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് പഞ്ചായത്ത് അടിയന്തരമായി വിഷയത്തിൽ ഇടപെട്ടത്. കൂടുതൽ മാലിന്യം അടിഞ്ഞുകൂടിയ നെല്ലിമല കവല മുതൽ പെരിയാർവരെയുള്ള ഭാഗമാണ് ശുചീകരിച്ചത്.

പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ടി.ടി. ജിജോമോന്റെ നേതൃത്വത്തിൽ തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു ശുചീകരണ പ്രവർത്തനം.

പെരിയാർ നദിയിലേക്കാണ് ഈ കൈത്തോട് ചെന്നുചേരുന്നത്. വിവിധ കുടിവെള്ള പദ്ധതികളുടെ സ്രോതസ്സായ പെരിയാറിലേക്ക് മാലിന്യം ഒഴുകിയെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും സാംക്രമിക രോഗങ്ങൾക്കും കാരണമാകാൻ സാധ്യതയുണ്ടായിരുന്നു. മുൻപ് അറവുശാലയിൽനിന്നുള്ള മാലിന്യം തോട്ടിലേക്ക് തള്ളിയതിന് പഞ്ചായത്ത് കടയുടമകൾക്ക് നോട്ടീസ് നൽകിയിരുന്നു.

തോട് പൂർണമായും ശുചീകരിച്ചതോടെ പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ആശ്വാസമായിട്ടുണ്ട്.മാലിന്യംതള്ളുന്നവരെ കണ്ടെത്തുന്നതിനും ഇവർക്കെതിരേ കർശന നടപടികൾ സ്വകരിക്കുന്നതിനുംവേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.