ചങ്ങനാശ്ശേരി : താലൂക്ക് ഗവ.ജനറൽ ആശുപത്രിയുടെ നിർമാണം പുരോഗമിക്കുന്നു. ജനറൽ ആശുപത്രിക്ക് 80 കോടി ചെലവഴിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണമാണ് അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. കിഫ്ബി മുഖേനയാണ് 80 കോടി രൂപ ലഭ്യമാക്കിയത്. ആധുനികരീതിയിലാണ് പുതിയ കെട്ടിടവും അനുബന്ധസൗകര്യങ്ങളും ഒരുക്കുന്നത്. നാലുനിലകളിലായി 8381.52 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിർമിക്കുന്നത്.
അത്യാധുനിക നിലവാരത്തിലുള്ള നാല് പ്രധാന ഓപ്പറേഷൻ തിയേറ്ററുകളും ഒരു മൈനർ ഓപ്പറേഷൻ തിയേറ്ററും കീമോതെറാപ്പി, ഡയാലിസിസ്, ഓർത്തോവിഭാഗം, നേത്രരോഗ വിഭാഗം, സർജിക്കൽ വിഭാഗം, മെഡിക്കൽ വിഭാഗം, ഇ.എൻ.ടി. വിഭാഗം, ത്വഗ്രോഗ വിഭാഗം എന്നിവ സജ്ജമാക്കും.
നഴ്സുമാർക്കായി ഡ്യൂട്ടിമുറികൾ, രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള മുറികൾ, വയോജന ശിശുസൗഹൃദ മുറികൾ എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും. പോലീസ് എയ്ഡ് പോസ്റ്റ്, സി.ടി.സ്‌കാൻ, ഫാർമസി, റേഡിയോളജി വിഭാഗങ്ങളും ഈ പുതിയ സംവിധാനത്തിലുണ്ടാകും. സർജിക്കൽ വാർഡുകൾ, വിശ്രമമുറികൾ, ഭക്ഷണശാല, ഐസൊലേഷൻ മുറി, പ്ലാസ്മ സ്റ്റോർ മുറി, കൗൺസലിങ് മുറി, ലിഫ്റ്റ് എന്നിവയും ഒരുക്കും. 25-കോടി രൂപയിലധികം സാങ്കേതിക സംവിധാനങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുമായി ചെലവഴിക്കും. ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ജനങ്ങൾക്ക് നൽകാൻ ഈ നിർമാണ പ്രവർത്തങ്ങൾ സഹായിക്കും. ഏകദേശം 54 കോടി 87 ലക്ഷം രൂപ ഉപയോഗിച്ച് അഞ്ചുനിലകളിലായാണ് പുതിയ കെട്ടിടം പൂർത്തിയാകുന്നത്. അത്യാധുനിക നിലവാരത്തിലും കാലാനുസൃതമായ മാറ്റങ്ങളും വരുത്തിയ കെട്ടിടമാണ് ചങ്ങനാശ്ശേരിയിൽ നിർമിക്കുന്നത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമാണച്ചുമതല.നിർമാണം പൂർത്തിയാക്കിയ ഓർത്തോബ്ലോക്ക്, ഓക്‌സിജൻപാർലർ, മോർച്ചറി എന്നിവ തുറക്കുന്നതിനും നിലച്ചുപോയ പോസ്റ്റ്‌മോർട്ടം പുനരാരംഭിക്കുന്നതിനുമുള്ള നടപടികൾ പൂർത്തിയാക്കുന്നതിന് ശ്രമിക്കുമെന്ന് വിനുജോബ് എം.എൽ.എ. അറിയിച്ചു.
ആശുപത്രികെട്ടിടസമുച്ചയ നിർമാണം പൂർത്തിയാക്കണം
താലൂക്ക് ജനറൽ ആശപത്രിയിൽ നടക്കുന്ന കെട്ടിടസമുച്ചയ നിർമാണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണം. മുൻസർക്കാരിന്റെ കാലത്ത് വളരെ വേഗം നടന്നുകൊണ്ടിരുന്ന നിർമാണമാണ് ഇപ്പോൾ മന്ദഗതിയിലായത്. ഇത് മേൽനോട്ടത്തിലെ പിഴവാണ്. ഇത് അംഗീകരിക്കാനാവില്ല. സാധാരണക്കാരായ രോഗികളെത്തുന്ന ആശുപത്രിയാണ്. ഇവിടെ സൗകര്യങ്ങൾ കുറയാൻ പാടില്ല. എല്ലാ ആധുനികസൗകര്യങ്ങളും ഉൾപ്പെടുത്തിയുള്ള കെട്ടിടം ഉടൻ തുറന്നുകൊടുക്കുന്നതിന് നടപടിയെടുക്കണം.
- ടി.പി.അജികുമാർ,
സി.പി.എം. ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി
പുതിയ കെട്ടിടം തുറന്നാൽ രോഗികൾക്ക് സഹായകമാവും
ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രവൃത്തികൾ തീർക്കാമെന്ന് ഏറ്റിരുന്ന കരുറുകാരൻ ഇപ്പോൾ പണി വൈകിപ്പിക്കുകയാണ്. ആശുപത്രിയുടെ സൗകര്യങ്ങൾ വർധിപ്പിക്കേണ്ട സമയത്താണ് ഇത്. അവശ്യസൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇപ്പോൾ ഇവിടെ വരുന്ന രോഗികളെ മെഡിക്കൽ കോളേജിലേക്ക് പറഞ്ഞുവിടുകയാണ്. കരാറുകാരന്റെ ഉദാസീനതയാണ് പണി വൈകുന്നതിന് കാരണം. ഇതിൽ രാഷ്ട്രീയതാത്പര്യമുണ്ടോയെന്ന് പരിശോധിക്കണം
-ജെയിംസ് കലാവടക്കൻ,
കേരളകോൺഗ്രസ് (ജേക്കബ്) നിയോജകമണ്ഡലം പ്രസിഡന്റ്
Published: 13 Oct 2026, 02:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented