കരിപ്പാടം ഹെൽത്ത് സെന്റർ പൊളിച്ചുമാറ്റിയിട്ട് രണ്ടുവർഷം

To advertise here,

കരിപ്പാടം : കരിപ്പാടം ഹെൽത്ത് സെന്റർ പൊളിച്ചുമാറ്റിയിട്ട് രണ്ടുവർഷം പിന്നിട്ടിട്ടും പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കാനായില്ല. വെള്ളൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള സബ് സെൻറർ നിലവിൽ ആർ.ബി. കെയർ ഫൗണ്ടേഷൻ കെട്ടിടത്തിലാണ് താത്‌കാലികമായി പ്രവർത്തിക്കുന്നത്.

വെള്ളൂർ പഞ്ചായത്തിലെ ആദ്യ പ്രസിഡന്റായിരുന്ന തട്ടാറക്കേരി പൗലോസ് സൗജന്യമായി നൽകിയ 30 സെൻറ്‌ സ്ഥലത്താണ് അഞ്ചുപതിറ്റാണ്ട് മുമ്പ് സബ് സെന്റർ പ്രവർത്തനമാരംഭിച്ചത്.

ഓടിട്ട പഴയകെട്ടിടം ജീർണാവസ്ഥയിലായതിനെത്തുടർന്ന് പുതിയ കെട്ടിടം നിർമിക്കാനാണ് പൊളിച്ചുമാറ്റിയത്. എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും നിർമാണം യാഥാർഥ്യമായില്ല. നിലവിൽ പൊളിഞ്ഞുവീഴാറായ മതിലും ആഴമേറിയ ഒരു കിണറുംമാത്രമാണ് സ്ഥലത്ത് അവശേഷിക്കുന്നത്.

സ്ഥലത്തിന്റെ ഒരു ഭാഗം ഹരിതകർമസേനയുടെ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്ന കേന്ദ്രമാക്കിയിട്ടുണ്ട്.

മാലിന്യം കുന്നുകൂടിയതോടെ തെരുവുനായ്ക്കളുടെ താവളമായി പ്രദേശം മാറിയെന്നും ഇതുവഴി ഒറ്റയ്ക്ക് കാൽനടയായി സഞ്ചരിക്കാൻ ഭയമാണെന്നും പ്രദേശവാസിയായ ഓലിക്കര സുമതി (82) പറഞ്ഞു.2023-24 സാമ്പത്തികവർഷത്തിൽ വെള്ളൂർ പഞ്ചായത്തിലെ മൂന്ന് സബ് സെൻററുകൾ നിർമിക്കുന്നതിനായി നാഷണൽ ഹെൽത്ത്‌ മിഷൻ (എൻ.എച്ച്.എം.) ഒന്നരക്കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ വെള്ളൂർ, വരിക്കാംകുന്ന് എന്നിവിടങ്ങളിലെ സബ് സെൻററുകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്.