രാജക്കാട് : വിവിധ ആവശ്യങ്ങളുന്നയിച്ച് കൊളുക്കുമല ജീപ്പ് സഫാരി നടത്തുന്ന ഡ്രൈവർമാർ അനിശ്ചിതകാല സമരം ആരംഭിച്ചു. ഇതോടെ കൊളുക്കുമലയിലേക്കുള്ള ജീപ്പ് സഫാരി നിലച്ചു.

To advertise here,

ഓൺലൈൻ ബുക്കിങ് സംവിധാനവും ടോക്കൺ സമ്പ്രദായവും ഒഴിവാക്കുക, ഡ്രൈവർമാരുടെ പരാതികൾക്ക് പരിഹാരം കാണുക, റോഡ് അറ്റകുറ്റപ്പണി നടത്തുക, യാത്രക്കാർക്കും ഡ്രൈവർമാർക്കും ശൗചാലയസൗകര്യവും പാർക്കിങ് സംവിധാനവും ഒരുക്കുക, സിങ്കപ്പാറയിലേക്കുള്ള വഴിയുടെ ഇരുവശങ്ങളിലും സംരക്ഷണവേലി നിർമിക്കുക, ഓൺലൈൻ സംവിധാനത്തിന് പുറമേ ഡ്രൈവർമാർക്ക് നേരിട്ട് ലഭിക്കുന്ന ബുക്കിങ്ങുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

രണ്ടുദിവസമായി 200-ൽ പരം ഡ്രൈവർമാർ പണിമുടക്കിയതോടെ കൊളുക്കുമല ജീപ്പ് സഫാരി തടസ്സപ്പെട്ടു. ജീപ്പ് സഫാരിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ ക്രമക്കേടുകളുണ്ടെന്നും ഡ്രൈവർമാർ ആരോപിക്കുന്നു. പഞ്ചായത്തിനെതിരേയും ഡി.ടി.പി.സി.ക്കെതിരേയുമാണ് അഴിമതി ആരോപണം ആരോപിക്കുന്നത്.

കൊളുക്കുമല ജീപ്പ് സഫാരിക്ക് 3,200 രൂപയാണ് വാടകയായി ഈടാക്കുന്നത്. ബുക്കിങ് പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയതോടെയാണ് ജീപ്പ് വാടക ഏകീകരിച്ചത്.