ഏലപ്പാറ : കഴിഞ്ഞ കാലവർഷത്തിൽ തകർന്ന മലയോര ഹൈവേയുടെ ഭാഗമായ ഏലപ്പാറ മുസ്‌ലിം പള്ളിക്ക് സമീപമുള്ള റോഡിന്റെ സംരക്ഷണഭിത്തി നിർമിക്കാൻ ഉടൻ നടപടി തുടങ്ങും.

To advertise here,

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതിക്കായി നൽകിക്കഴിഞ്ഞതായി പീരുമേട് എം.എൽ.എ. സിറിയക് തോമസ് പറഞ്ഞു.

ഏലപ്പാറ മുസ്ലിം പള്ളിയോടുചേർന്നുള്ള മലയോര ഹൈവേയുടെ സംരക്ഷണഭിത്തിയാണ് കഴിഞ്ഞകാലവർഷത്തെ ശക്തമായ മഴയിൽ വലിയ തോതിൽ തകർന്നത്.

 

കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയായി തുടരുന്ന ഈ റോഡിന്റെ സംരക്ഷണഭിത്തിയുടെ സാഹചര്യം സംബന്ധിച്ച് പി.ഡബ്ല്യു.ഡി. അധികൃതർക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്നപരിഹാരത്തിനായുള്ള നടപടികൾ വേഗത്തിലാക്കിയത്.

സംരക്ഷണഭിത്തിയിടിഞ്ഞുണ്ടായ അപകടാവസ്ഥ നേരിട്ട് ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ നവീകരണത്തിനായുള്ള വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി ഉന്നതാധികാരികളുടെ സാങ്കേതികാനുമതിക്കായി നൽകി.

തുക അനുവദിച്ചുകൊണ്ടുള്ള ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് ഉടൻതന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും.

ഇടിഞ്ഞ സംരക്ഷണ ദിത്തി ഗതാഗതത്തിനും നാട്ടുകാർക്കും ഭീഷണി സൃഷ്ടിക്കുന്ന വാർത്ത മാതൃഭൂമി റിപ്പോർട്ടുചെയ്തിരുന്നു.