ഉപ്പുകുന്ന് : ഈ വേനലിലെങ്കിലും കുടിവെള്ളമെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഉടുമ്പന്നൂർ പഞ്ചായത്തിലെ ഉപ്പുകുന്ന് നിവാസികൾ.

To advertise here,

ആരംഭിച്ചിട്ട് രണ്ടുവർഷം,ലക്ഷ്യംകാണാതെ പദ്ധതി

ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ പ്രദേശത്ത് കുടിവെള്ളമെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് രണ്ടുവർഷം പിന്നിട്ടിട്ടും പദ്ധതി ലക്ഷ്യത്തിലെത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പൈപ്പ് സ്ഥാപിക്കുന്ന ജോലികൾമാത്രമാണ് കാര്യമായ പുരോഗതി കൈവരിച്ചിട്ടുള്ളത്. ജലസംഭരണികളുടെ നിർമാണം ഉൾപ്പെടെയുള്ള പ്രധാന ജോലികൾ ഇഴഞ്ഞുനീങ്ങുകയാണ്.

ഇതോടെ അടുത്ത നാളിൽ പ്രദേശവാസികളുടെ കുടിവെള്ളപ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയും മങ്ങുകയാണ്.

ഉപ്പുകുന്നിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനായി നടപ്പാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചെങ്കിലും തുടർപ്രവർത്തനങ്ങൾക്ക് വേഗം പോരെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.

മുറംകെട്ടിപ്പാറയിലും പെരിങ്ങാശ്ശേരിയിലുമുള്ള ജലസംഭരണികളുടെ നിർമാണവും മന്ദഗതിയിലാണ്.

പൈപ്പുകൾ സ്ഥാപിച്ചിട്ടും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ പൂർത്തിയാക്കി കുടിവെള്ളവിതരണം ആരംഭിക്കാത്തത് പ്രദേശവാസികളെ നിരാശയിലാക്കുന്നു.

 

ദുരിതത്തിൽ,നിരവധി കുടുംബങ്ങൾ

ഗോത്രവർഗ കുടുംബങ്ങൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ് ഉപ്പുകുന്ന്. ഒട്ടേറെ ഊരുകളും ഇവിടെയുണ്ട്.

ദൈനംദിന ആവശ്യങ്ങൾക്കുപോലും ആവശ്യത്തിന് ശുദ്ധജലം ലഭിക്കാത്തത് ഇവിടത്തെ കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. വേനൽ കടുക്കുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകും.

പ്രദേശത്തെ ജനങ്ങൾക്കുമാത്രമല്ല, ഉപ്പുകുന്നിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവർക്കും ശുദ്ധജലദൗർലഭ്യം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

നിരവധി വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശമായതിനാൽ കുടിവെള്ളലഭ്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

എന്നാൽ പദ്ധതി പൂർത്തിയാകാത്തത് പ്രദേശത്തിന്റെ വികസനത്തിനും വിനോദസഞ്ചാരമേഖലയ്ക്കും തിരിച്ചടിയാകുകയാണ്.

വേനലിനുമുമ്പ് പദ്ധതി പൂർത്തിയാക്കണം

രണ്ടുവർഷം പിന്നിട്ടിട്ടും കുടിവെള്ളപദ്ധതി പൂർത്തിയാക്കാൻ കഴിയാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.

പൈപ്പ് സ്ഥാപിക്കുന്ന ജോലികൾക്കൊപ്പം ജലസംഭരണികളുടെ നിർമാണവും അനുബന്ധ പ്രവർത്തനങ്ങളും വേഗത്തിലാക്കി എത്രയും പെട്ടെന്ന് കുടിവെള്ളവിതരണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വരുംവേനലിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.