ഇടമറുക് സി.എച്ച്.സി.യിൽ കിടത്തിചികിത്സാ സൗകര്യമില്ല

To advertise here,

ഡോക്ടറുണ്ട്‌, ലാബുണ്ട്‌

ഇടമറുക് : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള ഇടമറുക് സി.എച്ച്.സി.യിൽ കിടത്തിച്ചികിത്സാ സൗകര്യം ആരംഭിക്കണമെന്ന ആവശ്യം ശക്തം. ആവശ്യത്തിന് ഡോക്ടർമാരും ലബോറട്ടറി ഉൾപ്പെടെയുള്ള സംവിധാനങ്ങളും നിലവിലുണ്ട്.

എന്നിട്ടും ഐ.പി.സംവിധാനം ആരംഭിക്കാത്തത് മലയോര മേഖലയിലെ സാധാരണക്കാരായ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മൂന്നിലവ്, തലപ്പലം, മേലുകാവ്, തീക്കോയി പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽനിന്നുള്ള ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രമാണിത്. കടനാട് പഞ്ചായത്തിലെ പകുതിവാർഡുകളിലുള്ളവരും ആശുപത്രിയെ ആശ്രയിക്കുന്നു. ഗിരിവർഗ ആദിവാസി മേഖലകളിലെ ജനങ്ങൾക്കും മലയോരമേഖലയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രിയാണിത്‌. നിലവിൽ നാല് ഡോക്ടർമാരുണ്ട്. ഐ.പി. സംവിധാനം ആരംഭിക്കുന്നതിനാവശ്യമായ ജീവനക്കാരുടെ ലഭ്യത, അടിസ്ഥാന സൗകര്യങ്ങൾ, കെട്ടിടത്തിന്റെ പൂർത്തീകരണം എന്നിവ സംബന്ധിച്ച് അധികൃതർ അടിയന്തരമായി പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.

ആശുപത്രിക്ക് മുൻപിൽ ആരംഭിച്ച കെട്ടിടം നിർമാണം ഏറെനാളായി പണി പൂർത്തിയാക്കാതെ കിടക്കുകയാണ്. കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയാൽ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാം.

അടിയന്തര ആരോഗ്യപ്രശ്‌നങ്ങളുണ്ടായാൽ പാലാ, തൊടുപുഴ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്കു കൊണ്ടുപോകേണ്ട സാഹചര്യമാണുള്ളത്. പാലാ, പൂഞ്ഞാർ എം.എൽ.എ.മാർ ഇടപെട്ട് കിടത്തി ചികിത്സാ സംവിധാനം ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.