അടിമാലി : വെള്ളത്തൂവൽ-മുരിക്കാശ്ശേരി സ്റ്റേഷനുകളെ ഉൾപ്പെടുത്തി പുതിയ വെള്ളത്തൂവൽ സർക്കിൾ ഓഫീസ് മുരിക്കാശ്ശേരിയിൽ പ്രവർത്തനം തുടങ്ങാനുള്ള നീക്കം വെള്ളത്തൂവൽ നിവാസികൾക്ക് ദുരിതമാകുന്നു.
വെള്ളത്തൂവലാണ് ആസ്ഥാനം എങ്കിലും സർക്കിൾ സ്റ്റേഷൻ ആരംഭിക്കാൻ വകുപ്പ് ഉദ്ദേശിക്കുന്നത് മുരിക്കാശ്ശേരിയിലാണ്. ഇതിനാൽ വെള്ളത്തൂവൽ പ്രദേശത്തുള്ളവർക്ക് ഒരു പരാതി നൽകണമെങ്കിൽ ഇനി കിലോമീറ്ററുകൾ സഞ്ചരിക്കണം. ഇതാണ് ഇവിടത്തുകാരുടെ ദുരിതത്തിന് കാരണം.
മുരിക്കാശ്ശേരിയിൽ ഇതുവരെ സർക്കിൾ ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. കാലഹരണപ്പെട്ട ഒരു ക്വാർട്ടേഴ്സാണ് സർക്കിൾ സ്റ്റേഷൻ ആയി കണ്ടെത്തിയിരിക്കുന്നത്.
ഇനി ഇവിടെ ഓഫീസ് തുടങ്ങണമെങ്കിൽ കൂടുതൽ നവീകരണവും ആവശ്യമാണ്.
വെള്ളത്തൂവൽ സ്റ്റേഷൻ പരിധിയിൽ വരുന്ന ലക്ഷ്മി കോളനിയിൽനിന്ന് ഒരു പരാതിക്കാരന് മുരിക്കാശ്ശേരി സി.ഐ. ഓഫീസിൽ എത്തണമെങ്കിൽ 70 കിലോമീറ്റർ സഞ്ചരിക്കേണ്ടിവരും. വെള്ളത്തൂവൽ പോലീസ് സ്റ്റേഷന്റെ മാത്രം വിസ്തീർണം 70 ചതുരശ്ര കി.മീ ആണ്.
വെള്ളത്തൂവൽ സർക്കിൾ സ്റ്റേഷൻ പരിധിയിൽ മുരിക്കാശ്ശേരി പോലീസ് സ്റ്റേഷൻ പരിധികൂടി വരുന്നതോടെ ഈ സർക്കിൾ സ്റ്റേഷന്റെ നിയന്ത്രണപദ്ധതി 100 കിലോമീറ്റർ മുകളിലാവും.
വെള്ളത്തൂവൽ സ്റ്റേഷനിൽ സർക്കിൾ സ്റ്റേഷൻകൂടി തുടങ്ങുന്നതിന് അടിസ്ഥാന സൗകര്യം ഇല്ലാത്തതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വെള്ളത്തൂവൽ സ്റ്റേഷന് രണ്ട് ഏക്കർ സ്ഥലമുണ്ട്. എന്നാൽ ഇപ്പോൾ പോലീസ് സ്റ്റേഷൻ നിർമിച്ചിരിക്കുന്നത് റോഡരികിലെ കുന്നിനു മുകളിലാണ്. 2004-ലാണ് ഈ സ്റ്റേഷൻ നിർമിച്ചത്.
അന്ന് ദീർഘവീക്ഷണമില്ലാതെ കുന്നിനുമുകളിൽ പോലീസ് സ്റ്റേഷൻ നിർമിച്ചതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. കാലവർഷം ആയാൽ പോലീസ് സ്റ്റേഷന്റെ സൈഡിലെ മണ്ണിടിഞ്ഞ് റോഡിലേക്ക് വീഴുന്നു.
ഇത് വർഷങ്ങളായി നടന്നുവരുന്നു. ഇതുമൂലം പോലീസ് സ്റ്റേഷന്റെ സ്ഥിതിയും അപകടാവസ്ഥയിലാണ്. വെള്ളത്തൂവൽ ടൗണിനുസമീപം മൂന്നാർ റോഡ്, കല്ലാർകുട്ടി-വെള്ളത്തൂവൽ റോഡ് എന്നിവയുടെ മുകൾഭാഗത്താണ് പോലീസ് സ്റ്റേഷൻ കെട്ടിടം സ്ഥാപിച്ചിരിക്കുന്നത്.
കെട്ടിടം മാറ്റിസ്ഥാപിക്കാൻ നടപടി വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ഒട്ടേറെത്തവണ പോലീസ് അധികൃതരും നാട്ടുകാരും അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.
നിലവിലുള്ള സ്റ്റേഷനിൽ ജീവനക്കാർക്ക് ജോലിചെയ്യുന്നതിന് യാതൊരു അടിസ്ഥാനസൗകര്യംപോലുമില്ല. 37 പോലീസുകാർ ഇവിടെ ജോലിചെയ്യുന്നുണ്ട്.
ഇതിൽ നാലുപേർ വനിതകളാണ്. നിലവിലെ സാഹചര്യത്തിൽ രണ്ട് ഏക്കർ സ്ഥലത്തിന്റെ അനുയോജ്യമായ സ്ഥലത്ത് പുതിയ കെട്ടിടം നിർമിച്ച് സർക്കിൾ സ്റ്റേഷൻ ഇവിടെത്തന്നെ തുടരണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Published: 07 Sept 2026, 12:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented