പൂവാർ : കാലായിത്തോട്ടത്തെ ജനങ്ങളെ ബന്ധിയാക്കി റോഡ് നവീകരണം നിലച്ചു.

To advertise here,

മെറ്റൽപാകി ഒൻപതുമാസം കഴിഞ്ഞിട്ടും റോഡിന്റെ ടാറിങ് തുടങ്ങിയില്ല. ടാറിങ് അനിശ്ചിതത്വത്തിലായതോടെ വാഹനങ്ങളുമായി റോഡിലിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് പ്രദേശത്തെ ജനങ്ങൾ.

യാത്രാദുരിതം പരിഹരിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തോട് അധികൃതർ മുഖംതിരിക്കുന്നതിനെതിരേ പ്രതിഷേധമുയരുന്നു. അരുമാനൂർ, കാലായിത്തോട്ടം, നാങ്കിനകം, തമ്പുരാൻനട റോഡിന്റെ നവീകരണമാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുമുൻപ് ആരംഭിച്ച നവീകരണമാണ് പാതിയിൽ നിലച്ചത്.

റോഡ് മുഴുവൻ മെറ്റൽക്കൂനകളായതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാനാത്ത സ്ഥിതിയാണ്. പലരും വാഹനങ്ങൾ പുറത്തിറക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. കാൽനടയാത്രപോലും ദുസ്സഹമാണ്.

 

ജലജീവൻ മിഷൻ തകർത്ത റോഡ്

പൂവാർ ഗ്രാമപ്പഞ്ചായത്തിലെ കാലായിത്തോട്ടത്തെ റോഡുകൾ മുഴുവൻ ജലജീവൻ മിഷനായി പൈപ്പിട്ടപ്പോൾ തകർത്തതാണ്.

പൈപ്പിട്ട് പോയതല്ലാതെ കുഴികൾ കൃത്യമായി മൂടിയില്ല. മഴക്കാലമായപ്പോൾ റോഡിൽ വെള്ളക്കെട്ടായി. വർഷങ്ങളായി റോഡ് തകർന്നനിലയിലായിരുന്നു. നാട്ടുകാരുടെ നിരന്തരമായ പരാതിയെത്തുടർന്നാണ് റോഡ് നവീകരിക്കാൻ എം.എൽ.എ. ഫണ്ട് അനുവദിച്ചത്.

തുടർന്ന് കഴിഞ്ഞ ഡിസംബറിൽ നിർമാണം തുടങ്ങി. ആദ്യഘട്ടത്തിൽ റോഡ് മുഴുവൻ മെറ്റൽ നിരത്തി. അതോടെ നിർമാണം മുടങ്ങി. മെറ്റൽ പാകിയതിന്റെ അളവെടുക്കുന്നതിലെ കാലതാമസമെന്നാണ് നവീകരണം വൈകുന്നതിനു കാരണമായി അന്ന് പറഞ്ഞിരുന്നത്.

ഇതിനെതിരേ പ്രദേശവാസികൾ പലതവണ പഞ്ചായത്തിലും പൊതുമരാമത്തുവകുപ്പിലും പരാതിയുമായി എത്തിയെങ്കിലും നിർമാണം പുനരാരംഭിച്ചില്ല.

രോഗികളെചുമന്നുകൊണ്ടു പോകണം

റോഡ് നവീകരണം നിലച്ചതോടെ ബുദ്ധിമുട്ടിലായത് പ്രദേശത്തെ കിടപ്പുരോഗികളാണ്. വാഹനങ്ങൾ പോകാൻ ബുദ്ധിമുട്ടായതോടെ ഓട്ടം വിളച്ചാൽ ഒാട്ടോറിക്ഷകൾ വരാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിൽ മെറ്റൽക്കൂനകളായതിനാൽ നടക്കാനും ബുദ്ധിമുട്ടാണ്. അതിനാൽ കിടപ്പുരോഗികളെ ഉൾപ്പെടെ ആശുപത്രികളിലെത്തിക്കാൻ പ്രധാന റോഡുകൾവരെ ചുമന്ന് എത്തിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ.

മുടങ്ങിയത് 40 ലക്ഷം രൂപയുടെ പദ്ധതി

കാലായിത്തോട്ടം റോഡ് നവീകരണത്തിന് എം.എൽ.എ. ഫണ്ടിൽനിന്ന് എം.വിൻസെന്റ് 40 ലക്ഷം രൂപയാണ് അനുവദിച്ചത്.

കാലായിത്തോട്ടം പ്രദേശത്തെ ചുറ്റിക്കിടക്കുന്ന നാലുകിലോമീറ്റർ ദൂരത്തിൽ റോഡ്‌ നവീകരിച്ച് ടാറിങ് നടത്താനാണ്‌ ടെൻഡർ നൽകിയത്. ടെൻഡർ പിടിച്ച് ഏറെനാൾ കഴിഞ്ഞ് പരാതികൾ ഉയർന്നപ്പോഴാണ് ആദ്യഘട്ടം തുടങ്ങിയത്.

തുടർന്ന് ഒറ്റ ഘട്ടമായി ടാറിങ് നടത്താൻ റോഡിലുടനീളം മെറ്റൽ നിരത്തി. ഇത് ഗതാഗതതടസ്സം സൃഷ്ടിച്ചപ്പോൾ പരാതിയുമായി നാട്ടുകാരെത്തി.

തുടർന്ന് ടാറിങ് തുടങ്ങിയെങ്കിലും മെറ്റൽ കിട്ടാനില്ലെന്ന കാരണം പറഞ്ഞ് നിർമാണം നിർത്തി. മാസങ്ങൾ കഴിഞ്ഞിട്ടും കരാറുകാരൻ ഈ ഭാഗത്തേക്കു തിരിഞ്ഞുനോക്കിയിട്ടില്ല. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോയിരുന്ന റോഡാണ് ഉപയോഗിക്കാൻ കഴിയാതായത്‌.

നവീകരണം വേഗത്തിലാക്കാൻ ഇടപെട്ടിട്ടും പൊതുമരാമത്തുവകുപ്പ് നടപടികൾ ആരംഭിക്കുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.