വെണ്മണി (ഇടുക്കി): വണ്ണപ്പുറത്തിനും ചേലച്ചുവടിനും ഇടയിൽ വെണ്മണി ഇഞ്ചപ്പാറക്കവലയിലെ സ്ഥിരം അപകടവളവിൽ കാർ നിയന്ത്രണംവിട്ട് പെട്ടിക്കട തകർത്ത് താഴേക്ക് പതിച്ചു. കാറിലുള്ളവരും പെട്ടിക്കടയുടമയും അദ്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം.

To advertise here,

വണ്ണപ്പുറത്തുനിന്ന് കഞ്ഞിക്കുഴിയിലേക്ക് വരുകയായിരുന്ന ഇടുക്കി മുൻ തഹസിൽദാർ വിൽസൺ ജോസഫും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്.

അപകടവളവിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ പെട്ടിക്കട തകർത്താണ് താഴേക്ക് പതിച്ചത്. കടയുടെ മുറ്റത്ത് കസേരയിലിരിക്കുകയായിരുന്ന ഉടമ നരിക്കുഴിയിൽ കുട്ടിച്ചൻ സമീപത്തേക്ക് തെറിച്ചുവീണു.

താഴേക്ക് പതിച്ച കാറിൽനിന്ന് വിൽസൺ ജോസഫിനെയും ഭാര്യയെയും നാട്ടുകാർ പുറത്തെടുത്തു. ഇരുവർക്കും സാരമായ പരിക്കില്ല.

സംരക്ഷണവേലിയില്ല; അപകടം തുടർക്കഥ

അധികൃതരുടെ അനാസ്ഥയാണ് ഇഞ്ചപ്പാറക്കവലയെ സ്ഥിരം അപകടമേഖലയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. റോഡിന് സംരക്ഷണവേലിയോ മറ്റ് സുരക്ഷാസംവിധാനങ്ങളോ ഇല്ല.

റോഡരികിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുള്ളവർ പലപ്പോഴും തലനാരിഴയ്ക്കാണ് അപകടങ്ങളിൽനിന്ന് രക്ഷപ്പെടുന്നതെന്നും നാട്ടുകാർ പറഞ്ഞു.

രണ്ടുപേർ മരിച്ചതടക്കം വലുതും ചെറുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. സർവീസ് ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന മേഖലയായതിനാൽ സുരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.