തിരുവനന്തപുരം : ''താത്ത്വികമായ ഒരു അവലോകനമാണ് ഞാനുദ്ദേശിക്കുന്നത്''- മലയാളികൾക്ക് ഏറെ പരിചിതമായ സിനിമാ സംഭാഷണം. തമാശയായി ഇടയ്ക്കെങ്കിലും ഈ വാക്കുകൾ പറയാത്ത മലയാളികൾ കുറവായിരിക്കും. എന്നാൽ, ആ സംഭാഷണത്തെ കടമെടുത്ത് രണ്ടുപേർ ഒരുക്കിയ 'താത്ത്വിക അവലോകനം' എന്ന സാമൂഹികമാധ്യമ കൂട്ടായ്മയിന്ന് സൂര്യനുകീഴിലുള്ള എന്തും തുറന്നു ചർച്ചചെയ്യാവുന്നൊരു സംവാദവേദിയായി മാറി.
ഗവേഷക വിദ്യാർഥിയായ അഭിഷേക് അജയകുമാറിന്റെയും 'വാട്സ് ഹാപ്പനിങ് ഇൻ ട്രിവാൻഡ്രം' കൂട്ടായ്മയുടെ സോഷ്യൽ മീഡിയ മാനേജർ നിക്കോലെറ്റ് ജെറോമിന്റെയും മനസ്സിൽ ഉദിച്ച ആശയമാണ് 'താത്ത്വിക അവലോകനം'. പരസ്പരം വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യാതെ ആശയങ്ങളും അഭിപ്രായങ്ങളും ശക്തമായ ഭാഷയിൽ പങ്കുവെക്കാമെന്ന ചിന്തയിലാണ് സംവാദവേദിയുടെ തുടക്കം.
മാനവീയം വീഥിയുമായി ബന്ധപ്പെട്ട് തുടർച്ചയായി പ്രശ്‌നങ്ങളുണ്ടായപ്പോഴാണ് യുവാക്കൾക്ക് എന്തുകൊണ്ട് പ്രശ്‌നങ്ങൾ പരസ്പരം സംസാരിച്ച് പരിഹരിക്കാൻ കഴിയുന്നില്ലെന്ന ചിന്ത അഭിഷേകിന്റെയും നിക്കോലെറ്റിന്റെയും മനസ്സിലുയർന്നത്. അഭിപ്രായവ്യത്യാസങ്ങൾ ഏറ്റുമുട്ടലുകളാകാതെ സംവാദങ്ങളായി മാറണമെന്ന ആശയമാണ് പിന്നീട് 'താത്ത്വിക അവലോകന'ത്തിന് രൂപം നൽകിയത്.
2023 ഒക്ടോബർ 15-ന് കനകക്കുന്നിലായിരുന്നു ആദ്യ സെഷൻ. നിലവിൽ 82 സെഷനുകൾ പിന്നിട്ടു.
തുടക്കത്തിൽ ഞായറാഴ്ചകളിൽ ഒത്തുകൂടിയിരുന്ന സംഘം പിന്നീട് ഒന്നിടവിട്ട ഞായറാഴ്ചകളിലായി കൂടിച്ചേരൽ ചുരുക്കി. വിദ്യാർഥികളും ഐ.ടി. പ്രൊഫഷണൽസും അടക്കം ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ സംവാദത്തിനെത്താറുണ്ട്.
ഒരു വിഷയത്തിന്റെ പക്ഷത്തോ എതിർവശത്തോ നിൽക്കുക എന്നതിലുപരി വിഷയത്തെ പല കോണുകളിൽനിന്ന് നോക്കിക്കാണാനുള്ള ഇടമാണ് ഈ കൂട്ടായ്മയിന്ന്. രാഷ്ട്രീയം, സിനിമ, സാമൂഹിക വിഷയങ്ങൾ തുടങ്ങി സൂര്യനുകീഴിലുള്ള എന്തും ഇവിടെ ചർച്ചയാകാം.
ഓരോ കൂടിച്ചേരലിന്റെയും വിഷയവും സമയവും സ്ഥലവും 'വാട്സ് ഹാപ്പനിങ് ഇൻ ട്രിവാൻഡ്രം' ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിക്കും. വിഷയത്തിൽ താത്പര്യമുള്ള ആർക്കും പങ്കെടുക്കാം. സംസാരിക്കാനും കേൾക്കാനും വിയോജിക്കാനും ഒരുപോലെ ഇടമുള്ള ഈ വേദി ചില പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പരസ്പരം സംസാരിച്ചാൽമാത്രം മതിയെന്ന് നമ്മെ ഓർമ്മിപ്പിക്കുകയാണ്.
Published: 07 Sept 2026, 12:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented