ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി 'വെള്ളത്തിലായി'
ഉപ്പുതറ : 16 വില്ലേജിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 2018-ൽ തുടങ്ങിയ ത്വരിത ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതി എങ്ങുമെത്തിയില്ല.
മൂന്ന് താലൂക്കിലെ ചെറുതും വലുതും, പ്രവർത്തിക്കുന്നതും, നിർമാണം നടക്കുന്നതുമായ പദ്ധതികളെ സംയോജിപ്പിച്ച് 2017-ൽ പ്രഖ്യാപിച്ച 795 കോടി രൂപയുടെ പദ്ധതിയാണ് വെള്ളത്തിലായത്.
ഉടുമ്പൻചോല താലൂക്കിലെ വണ്ടൻമേട്, നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ, ഇരട്ടയാർ, ഉടുമ്പൻചോല, സേനാപതി, ശാന്തൻപാറ, രാജാക്കാട്, രാജകുമാരി, പീരുമേട് താലൂക്കിലെ ചക്കുപള്ളം, ഉപ്പുതറ, ഇടുക്കി താലൂക്കിലെ കാമാക്ഷി, മരിയാപുരം, കാഞ്ചിയാർ, വാത്തിക്കുടി പഞ്ചായത്തുകളും കട്ടപ്പന നഗരസഭയും വാഗമൺ വില്ലേജുമാണ് (പീരുമേട് താലൂക്ക്) പദ്ധതിയുടെ പരിധിയിലുള്ളത്.
ഇടുക്കി സംഭരണിയുടെ ഭാഗമായ അഞ്ചുരുളിയിൽനിന്ന് ശുദ്ധീകരിച്ച വെള്ളം 1250 കിലോമീറ്റർ റോഡിലൂടെ പൈപ്പിട്ട് 3,72,000 വീട്ടിൽ വെള്ളം എത്തിച്ചുനൽകും. പ്രധാന സ്ഥലങ്ങളിൽ പൊതുടാപ്പുകളും ഉണ്ടാകും. ഇതായിരുന്നു വാഗ്ദാനം.
2018-ൽ വാട്ടർ അതോറിറ്റിയുടെ പ്രോജക്ട് പ്ലാനിങ് ആൻഡ് ഡിസൈനിങ് വിഭാഗത്തിന്റെ സർവേ ആറുമാസംകൊണ്ട് പൂർത്തീകരിച്ച് ചിലയിടങ്ങളിൽ പണികൾ തുടങ്ങുകയുംചെയ്തു.
എന്നാൽ, 2018-നുശേഷം നിശ്ചിതമേഖലകളിൽ കൂടുതൽ വീടും സ്ഥാപനങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനനുസൃതമായി ഫണ്ട് വർധിപ്പിച്ചില്ല. അതിനിടെ, സംയോജിതപദ്ധതിക്ക് വെള്ളം സംഭരിക്കാൻ തോണിത്തടിയിൽ പെരിയാറിന് കുറുകേ
തടയണ നിർമിക്കാനുള്ള തീരുമാനം ഡാം സേഫ്റ്റി വിഭാഗം തടഞ്ഞു.
തുടർന്ന് ജലവിഭവ-വൈദ്യുതി മന്ത്രിമാർ ചർച്ചചെയ്ത് തടസ്സം നീക്കിയെങ്കിലും, തടയണനിർമാണം കരാറുകാരൻ ഉപേക്ഷിച്ചുപോയത് പദ്ധതിയെ വീണ്ടും പ്രതിസന്ധിയിലാക്കി.
പിന്നീട് ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായില്ല. പഴയ എസ്റ്റിമേറ്റിൽ പദ്ധതി പൂർത്തിയാകില്ലെന്ന് 2020-ൽ വാട്ടർ അതോറിറ്റി കട്ടപ്പന ഡിവിഷൻ അസി. എക്സിക്യുട്ടീവ് എൻജിനിയർ മോഹനൻ വ്യക്തമാക്കിയിരുന്നു.
ജൽ ജീവൻ മിഷന്റെ ഭാഗമായി പൈപ്പുകൾ കുഴിച്ചിടുന്ന പ്രവർത്തനങ്ങൾ മന്ദഗതിയിൽ നടക്കുന്നതല്ലാതെ, ത്വരിത ഗ്രാമീണ ശുദ്ധജലപദ്ധതിയുടെ ഭാഗമായ ഒന്നും നടക്കുന്നില്ല.
സംസ്ഥാന, മലയോര പാതകളുടെ വശങ്ങളിൽ തള്ളിയിരിക്കുന്ന പൈപ്പുകൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സം സൃഷ്ടിക്കുകയാണ്.
ഇതിനൊക്കെ ഉപരി കുടിവെള്ള പ്രശ്നം നെരിടുന്നവരുടെ ദുരിതം ആരോട് പറയും.
Published: 17 Oct 2026, 02:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented