ശീതീകരിച്ച വിശ്രമകേന്ദ്രവും ബസ് ടെർമിനലും ഷോപ്പിങ് കോംപ്ലക്സും സ്വപ്‌നമായി

To advertise here,

മൂലമറ്റം : കെ.എസ്.ആർ.ടി.സി.യുടെ മൂലമറ്റം ഡിപ്പോയിൽ ശീതീകരിച്ച വിശ്രമകേന്ദ്രവും ബസ് ടെർമിനലും ഷോപ്പിങ് കോംപ്ലക്സുമടക്കം നിർമിക്കാനുള്ള പദ്ധതിക്ക് പണം അനുവദിച്ച് ഒരു വർഷത്തിലേറെയായിട്ടും തുടർനടപടിയില്ല. മുൻ സർക്കാരിന്റെ കാലത്ത് അംഗീകരിച്ച പ്ലാനിൽ മാറ്റം വരുത്താനുള്ള നീക്കമാണ് പദ്ധതിക്ക് പാരയായതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. അഞ്ചുകോടിരൂപയാണ് കഴിഞ്ഞ ജൂലായ് മാസത്തിൽ ഡിപ്പോ നവീകരണത്തിനായി സർക്കാർ അനുവദിച്ചത്.

പൊതുമരാമത്ത് (കെട്ടിട)ടെക്നിക്കൽ വിഭാഗം തയ്യാറാക്കിയ ഈ പദ്ധതിയുടെ വിശദമായ രൂപരേഖയ്ക്ക് കെ.എസ്.ആർ.ടി.സി. അംഗീകാരവും നൽകി. എന്നാൽ, പുതിയ സർക്കാർ വന്നതോടെ പദ്ധതി രൂപരേഖയിൽ മാറ്റം വരുത്തി കോർപ്പറേഷന്റെ അനുമതിക്ക് അയച്ചു. ഇത് അംഗീകരിക്കപ്പെട്ടില്ല. അതോടെ പദ്ധതി ത്രിശങ്കുവിലായി. ഈ പദ്ധതി സംബന്ധിച്ച യാതോരു നടപടിയും ഇപ്പോൾ നടക്കുന്നില്ലെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ വ്യക്തമാക്കി.

ഡിപ്പോയിലെ പഴയ ഷെഡ് പൊളിച്ചുനീക്കി റോഡിന് അഭിമുഖമായി ‘എൽ’ ആകൃതിയിൽ വ്യാപാര സമുച്ചയം നിർമിക്കാനായിരുന്നു മുൻ പദ്ധതി. ഡിപ്പോയിൽ സ്റ്റേഷൻ മാസ്റ്റർ, ഇൻസ്പെക്ടർ ഇൻ ചാർജ് ഓഫീസുകൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശീതീകരിച്ച വിശ്രമകേന്ദ്രങ്ങൾ എന്നിവയും ഉൾപ്പെട്ടിരുന്നു. കെ.എസ്.ആർ.ടി.സി.യുടെയും പൊതുമരാമത്ത് വകുപ്പിന്റെയും എൻജിനിയറിങ് വിഭാഗം ഈ പദ്ധതിക്ക് അനുമതിയും നൽകിയിരുന്നു.

ആദ്യം രണ്ടുകോടിരൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിരുന്നത്. പിന്നീടത് അഞ്ചുകോടിരൂപയാക്കി. 2012-13-ൽ റോഷി അഗസ്റ്റിൻ എം.എൽ.എ. ഫണ്ടിൽനിന്ന് നൽകിയ ഒരു കോടി രൂപ മുടക്കിയാണ് നിലവിലെ ഡിപ്പോ കെട്ടിടം നിർമിച്ചത്.

കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്ററായി തുടങ്ങിയ ഈ ഡിപ്പോയിൽ നിന്നും 18 ബസ് സർവീസുകളാണ് നടത്തുന്നത്. ഡ്രൈവർമാരും കണ്ടക്ടർമാരുമടക്കം 109 ജീവനക്കാരുണ്ട്. വർക് ഷോപ്പും ഡിപ്പോയിലുണ്ട്.