തൂക്കുപാലം തിളങ്ങണം- 03
നെടുങ്കണ്ടം : കൂട്ടാറിന്റെ ആരവവും ആത്മാവും യുവത്വത്തിന്റെ ആഘോഷവുമായി ഒരുകാലത്ത് ടൗണിലുണ്ടായിരുന്ന പൊതു ഇടമായിരുന്നു കരുണാപുരം പഞ്ചായത്ത് ഓഫീസിന് മുൻപിലുണ്ടായിരുന്ന വോളിബോൾ കോർട്ട്. ഇന്നിവിടെ കളിയും ആരവങ്ങളുമില്ല.
ആളൊഴിഞ്ഞ കളിക്കളം എന്നാൽ, കളിക്കാൻ ആളില്ലാതെ അങ്ങനെയായതല്ല. പഞ്ചായത്തിന്റെ പിടിവാശിയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ബസ്‌സ്റ്റാൻഡ് തുടങ്ങാൻ പഞ്ചായത്തിന് സൗജന്യനിരക്കിൽ വ്യക്തി വിട്ടുനൽകിയ 75 സെന്റ് സ്ഥലത്തായിരുന്നു ആദ്യം കളിസ്ഥലം.
പിന്നീട് കരുണാപുരം പഞ്ചായത്ത് ഓഫീസ് നിർമിക്കുന്നതിനായി ഈ സ്ഥലം ഉപയോഗിച്ചതോടെ, ഒാഫീസ് കെട്ടിടത്തിന് നേരേ എതിർവശത്ത് നാട്ടുകാർ വോളിബോൾ കോർട്ട് ഒരുക്കി.
അക്കാലത്ത് ജില്ലാ, സംസ്ഥാന തലത്തിലുള്ള മത്സരങ്ങൾവരെ കൂട്ടാർ ഗ്രാമത്തിലെ ഈ കോർട്ടിൽ നടന്നിരുന്നു. 1985-ൽ പ്രവർത്തനമാരംഭിച്ച കൂട്ടാർ അക്ഷര പബ്ലിക് ലൈബ്രറി ആൻഡ് സ്പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു കളികൾ സംഘടിപ്പിച്ചിരുന്നത്. വൈകുന്നേരങ്ങളിൽ സജീവമായിരുന്ന വോളിബോൾ കളി, പ്രതികൂലകാലാവസ്ഥയെത്തുടർന്ന് ഇടയ്ക്ക് മുടങ്ങിപ്പോയിരുന്നു.
തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് യുവാക്കൾചേർന്ന് കോർട്ടിന്റെ നവീകരണം നടത്തി കളി തുടർന്നത്.
തൊട്ടുപിന്നാലെ പഞ്ചായത്തധികൃതർ നടപടിയുമായെത്തി. പോലീസിന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ വോളിബോൾ കോർട്ടിന്റെ വലയും തൂണുകളും മാറ്റി. ഇതിൽ വ്യാപക പ്രതിഷേധമുയർന്നിട്ടും കാര്യമുണ്ടായിയില്ല. വികസനം തടയാൻ ഏതാനും ആളുകൾ ബോധപൂർവമുള്ള ശ്രമം നടത്തുകയാണെന്നായിരുന്നു പഞ്ചായത്തിന്റ വാദം. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നിടമാണ് വോളിബോൾ കളിക്കളം എന്നരീതിയിൽ ചിലർ വ്യാഖ്യാനിക്കുന്നത് എന്നായിരുന്നു അന്ന് പഞ്ചായത്തിന്റെ മറുപടി.
ശൗചാലയസൗകര്യങ്ങൾ ഉറപ്പാക്കണം
ദിവസേന നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന ടൗണാണ് കൂട്ടാർ. തമിഴ്‌നാട്ടിൽനിന്നുള്ള തൊഴിലാളിവാഹനങ്ങളടക്കം കടന്നുപോകുന്ന ടൗണിൽ പേരിനുപോലും ഒരു പൊതുശൗചാലയമില്ല.
പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ പഞ്ചായത്ത് ഓഫീസിന് തൊട്ടടുത്തുണ്ടായിരുന്ന കൂട്ടാർ ടൗൺ ശൗചാലയം വർഷങ്ങളായി ഉപയോഗശൂന്യമാണ്.
2011-2012-ൽ സമ്പൂർണശുചിത്വയജ്ഞത്തിന്റെ ഭാഗമായാണ് രണ്ടുലക്ഷം രൂപ ചെലവിട്ട് മൂന്ന് ശൗചാലയം നിർമിച്ചത്. എന്നാൽ, ശൗചാലയപരിസരം ഇപ്പോൾ ഉപയോഗിക്കുന്നത് ഹരിതകർമസേന ശേഖരിച്ച മാലിന്യം സൂക്ഷിക്കുന്നതിനുള്ള സ്ഥലമായാണ്.
ഇരുകര കടക്കാൻ വേണം, ഉറപ്പുള്ള പാലം
മിന്നൽപ്രളയത്തിൽ കൂട്ടാർ പാലം നാട്ടുകാരിടപെട്ടാണ് നിർമിച്ചത്. ആദ്യം തടിപ്പാലമായിരുന്നത് പിന്നീട് നാട്ടുകാർ രണ്ടുലക്ഷം രൂപയോളം ചെലവഴിച്ച് കോൺക്രീറ്റ് പാലമൊരുക്കി. പാമ്പാടുംപാറ-കരുണാപുരം പഞ്ചായത്തുകളെ ബവന്ധിപ്പിക്കുന്ന പാലത്തിന് നിലവിൽ കൈവരികളില്ല.
ദിവസേന നൂറുകണക്കിന് ആളുകളാണ് പാലത്തെ ആശ്രയിക്കുന്നത്. അതേസമയം കഴിഞ്ഞ സംസ്ഥാനബജറ്റിൽ പാലത്തിനായി തുകയനുവദിച്ചെങ്കിലും, നടപടികളൊന്നും പുരോഗമിച്ചിട്ടില്ല.
കുടിവെള്ളമില്ല, കമ്പംമെട്ടിന് ദാഹിക്കുന്നു
ജില്ലയിലെ ഏറ്റവുമധികം ജലക്ഷാമം അനുഭവപ്പെടുന്ന പഞ്ചായത്തുകളിലൊന്നാണ്, തമിഴ്‌നാടിനോട് ചേർന്നുകിടക്കുന്ന കരുണാപുരം. ഇവിടെ വിനോദസഞ്ചാരകേന്ദ്രമായ രാമക്കൽമേട്,
ബാലൻപിള്ളസിറ്റി, ഇടത്തറമുക്ക്, കുരുവിക്കാനം,
അൻപതേക്കർ, തണ്ണിപ്പാറ, പ്രകാശ് ഗ്രാം, ശൂലപ്പാറ, ചക്കക്കാനം, കരുണാപുരം,
കമ്പംമെട്ട്, അച്ചക്കട, പാറക്കട, മന്തിപ്പാറ, വയലാർനഗർ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വേനൽക്കാലത്തിന് മുൻപുതന്നെ കുടിവെള്ളം മുട്ടിത്തുടങ്ങും.
പഞ്ചായത്ത് വാഹനത്തിൽ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും, ഇത് അപര്യാപ്തമാണ്.
പതിറ്റാണ്ടുകളായി വൻവില കൊടുത്ത് പുറത്തുനിന്ന് വെള്ളം വാങ്ങേണ്ട ഗതികേടിലാണ് നാട്ടുകാർ. ഇത്തവണ കാര്യമായ മഴ ലഭിക്കാതെവന്നതും വേനൽ കടുത്തതും പലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കുടിവെള്ളപദ്ധതികൾ പലതുമുണ്ടെങ്കിലും, ഇവയെല്ലാം വർഷങ്ങളായി നിലച്ച അവസ്ഥയിലാണ്.
Published: 18 Sept 2026, 01:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented