കട്ടപ്പന: പരിസ്ഥിതി ലോലപ്രദേശവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ അംഗീകരിക്കാതെ മൂന്നാറിനും കുമളിക്കുമിടയിലുള്ള കാഡമം ഹിൽസിലെ വില്ലേജുകൾ ഇ.എസ്.എ. പരിധിയിൽനിന്നൊഴിവാക്കിയതുമായി ബന്ധപ്പെട്ട് കാരണം വ്യക്തമാക്കണമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തുനൽകിയത് ആശങ്കാജനകമെന്ന് കാർഡമം പ്ലാന്റേഴ്‌സ് ഫെഡറേഷൻ.

To advertise here,

ഉമ്മൻ വി. ഉമ്മൻ സമിതിയുടെ റിപ്പോർട്ടിലെ 9107 ചതുരശ്ര കിലോമീറ്റർ വനത്തിന്റെ പരിധിയിൽ 856 ച. കിലോമീറ്റർ വരുന്ന ഏലം കൃഷിചെയ്യുന്ന പ്രദേശവും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം ഏലം കർഷകരിൽ ആശങ്കയുണ്ടാക്കുന്നതാണ്. 

പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം രേഖകളുൾപ്പെടുത്തി തയ്യാറാക്കി മുഖ്യമന്ത്രി, വനംവകുപ്പ് മന്ത്രി, പരിസ്ഥിതി മന്ത്രി, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി എന്നിവരെക്കണ്ട് ഫെഡറേഷൻ പ്രതിനിധിസംഘം സമർപ്പിച്ചിട്ടുണ്ട്. സി.എച്ച്.ആർ. ഉൾപ്പെടെയുള്ള കാർഷിക മേഖലകളെ ഇ.എസ്.എ.യിൽനിന്ന് ഒഴിവാക്കുന്നതിന് കേന്ദ്രത്തിൽ സമർദം ചെലുത്താൻ ഡീൻ കുര്യാക്കോസ് എം.പി.യുടെ പിന്തുണയും ഉറപ്പുവരുത്തി.

മുൻ സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദേശം കേന്ദ്രം അംഗീകരിക്കാത്ത സാഹചര്യത്തിൽ സി.എച്ച്.ആർ. പ്രദേശത്തെ ഇ.എസ്.എ.യിൽനിന്ന് ഒഴിവാക്കിയും വിവിധ പ്രദേശങ്ങളായി ചിതറിക്കിടക്കുന്ന രീതിയിൽ ഇ.എസ്.എ. രൂപപ്പെടാതിരിക്കാനും നിർദേശം കേന്ദ്രസർക്കാരിന് സമർപ്പിക്കാമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. പുതുക്കിയ സംസ്ഥാന നിർദേശം ഉൾപ്പെടുത്തി കേന്ദ്രം പുതിയ കരട് വിജ്ഞാപനം പുറപ്പെടുവിക്കുന്നതുവരെ കാത്തിരിക്കാനാണ് ഫെഡറേഷന്റെ തീരുമാനമെന്നും സംഘടന പത്രക്കുറിപ്പിൽ അറിയിച്ചു.

സംസ്ഥാന സർക്കാർ നടപടികളെ ഫെഡറേഷൻ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ചെയർമാൻ സ്റ്റെനി പോത്തൻ, സെക്രട്ടറി പി.ആർ. സന്തോഷ്, എൻ. പൃഥ്വിരാജ്, എസ്. ജീവാനന്ദൻ, ദിപിൻ പൊന്നപ്പൻ, ബിജു സക്കറിയ എന്നിവർ പറഞ്ഞു.