വണ്ണപ്പുറം വളരണം- 03

To advertise here,

വണ്ണപ്പുറം : പ്രകൃതി അനുഗ്രഹിച്ചുനൽകിയ സൗന്ദര്യമുണ്ട് വണ്ണപ്പുറത്തിന് എന്നാൽ, അത് ഉപയോഗിക്കപ്പെടുന്നില്ല.ജനവാസമേഖലയോട്‌ ചേർന്നുതന്നെയാണ് വിനോദസഞ്ചാര കേന്ദ്രങ്ങളുള്ളത്.

അതിനാൽത്തന്നെ വിനോദസഞ്ചാരം വിപുലപ്പെട്ടാൽ വണ്ണപ്പുറത്തിന്റെ വികസനക്കുതിപ്പിന് കാരണമാകും.

മീനുളിയാൻപാറ, കോട്ടപ്പാറ, ആനച്ചാടികുത്ത്, നാക്കയം, കാറ്റാടിക്കടവ് തുടങ്ങി നിരവധി മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളാണ് വണ്ണപ്പുറം പഞ്ചായത്തിലുള്ളത്.

സഞ്ചാരികളെ ആകർഷിക്കാൻ ഏറെ സാധ്യതകളുള്ള ഈ പ്രദേശങ്ങൾ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ നശിക്കുകയാണ്.

വനംവകുപ്പിന്റെ നിയന്ത്രണങ്ങൾ വേറെ. മീനുളിയാൻപാറ അടച്ചിട്ട് മൂന്നുവർഷം കഴിഞ്ഞിട്ടും തുറന്നുനൽകിയിട്ടില്ല.

സർക്കാർ ആദ്യം ശ്രദ്ധിക്കേണ്ടത് വണ്ണപ്പുറത്തെ വിനോദസഞ്ചാര വികസനത്തിനുതന്നെയാണ്.

അഗ്നിരക്ഷാനിലയം അത്യാവശ്യം

വണ്ണപ്പുറത്ത് ഒരു തീപിടിത്തമുണ്ടായാൽ 22 കിലോമീറ്റർ അപ്പുറമുള്ള തൊടുപുഴയിൽനിന്ന് അഗ്നിരക്ഷാസേനയെത്തും. അപ്പോഴേക്കും എല്ലാം കത്തി നശിച്ചിട്ടുണ്ടാകും.

വണ്ണപ്പുറത്ത് ഒരു അഗ്നിരക്ഷാനിലയം അത്യാവശ്യമാണ്. ബി.എസ്.എൽ കെട്ടിടം വിട്ടുകൊടുക്കാൻ അവർ തയ്യാറാണ്.

തീപിടിത്തങ്ങൾ, റോഡപകടങ്ങൾ, മലയോര പാതകളിലെ ഗതാഗത തടസ്സങ്ങൾ, ഉരുൾപൊട്ടൽപോലുള്ള പ്രകൃതിദുരന്തങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ വേഗത്തിൽ ഇടപെടാൻ കഴിയണം.

മുമ്പ് വണ്ണപ്പുറത്തിനായി ഫയർസ്റ്റേഷൻ അനുവദിച്ചിരുന്നെങ്കിലും ഭൂമി ലഭ്യമല്ലാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ ഇത് നീണ്ടുപോകുകയും പിന്നീട് മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റുകയുമാണുണ്ടായത്. അടുത്തനാളിൽ ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. പരിഹാരം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

പൊതുശ്മശാനം

വണ്ണപ്പുറം പഞ്ചായത്തിൽ ആധുനിക നിലവാരത്തിലുള്ള പൊതുശ്മശാനം വേണമെന്ന ആവശ്യത്തിൽ ഇതുവരെ തീരുമാനമില്ല.

ഭൂമി വാങ്ങിയത് നല്ല വഴിയില്ലാത്ത ഉൾപ്രദേശത്താണ്.

ടൗണിന് സമീപം തൊടുപുഴ ശാന്തിതീരം മാതൃകയിൽ ശ്മശാനം വേണം.

കോളേജ് വേണം

വണ്ണപ്പുറം മേഖലയിൽ ഗവ.ന്റെ അല്ലെങ്കിൽ എയ്‌ഡഡ് കോളേജ്‌ സ്ഥാപിക്കണമെന്ന് ഏറെക്കാലമായി ആവശ്യം ഉയരുന്നുണ്ട്.

പ്ലസ് ടുവിനുശേഷം ഉപരിപഠനത്തിനായി ദൂരസ്ഥലങ്ങളിലേക്ക് പോകാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ വിദ്യാർഥികൾക്ക് ഇത് അനുഗ്രഹമാണ്.

വണ്ണപ്പുറം കൂടാതെ, കരിമണ്ണൂർ, കോടിക്കുളം, കഞ്ഞിക്കുഴി തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ വിദ്യാർഥികൾക്കും ഗുണം ചെയ്യും.