മൂന്നാർ ടൗണിൽ കാട്ടുകൊമ്പൻമാർ

To advertise here,

മൂന്നാർ : ജനവാസ മേഖലകളിൽ കാട്ടാന സാന്നിധ്യം പതിവായതോടെ പേടിയിലാണ് മൂന്നാർ ടൗണും പരിസരപ്രദേശങ്ങളും. കഴിഞ്ഞദിവസം രാത്രി മൂന്നാർ ടൗണിലെ മൗണ്ട് കാർമൽ ദേവാലയത്തിനുസമീപം എത്തിയ കാട്ടാന അവിടെയുള്ള ജനവാസ മേഖലകളെയും വിറപ്പിച്ചു.

സ്ഥലത്തുണ്ടായിരുന്ന വാഴകൾ നശിപ്പിച്ച കാട്ടാന രണ്ടര മണിക്കൂറോളമാണ് ഇവിടെയുള്ള വീടുകൾക്കു സമീപം തമ്പടിച്ചത്. ബഹളം കേട്ട് ഉറക്കത്തിൽനിന്ന് എഴുന്നേറ്റവർ കണ്ടത് വാതിലിനു തൊട്ടരികിൽ നിൽക്കുന്ന കാട്ടാനയെയാണ്. വിവരമറിഞ്ഞ്് സമീപ പ്രദേശങ്ങളിൽനിന്ന് എത്തിയവർ ബഹളം വെച്ചുവെങ്കിലും ഏറെനേരം കഴിഞ്ഞാണ് കാട്ടുകൊമ്പൻ കാടുകയറിയത്. കഴിഞ്ഞദിവസം എത്തിയ കാട്ടാനക്കൂട്ടം സൈലന്റ് വാലി എസ്റ്റേറ്റ് നിവാസികളെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

കുട്ടിയടക്കം ഏഴ് ആനകളാണ് ഉണ്ടായിരുന്നത്. മൂന്നാർ ടൗണിൽ ഒരുമാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് കാട്ടാന എത്തുന്നത്. ഒരേസമയത്ത് തന്നെ പലയിടങ്ങളിൽ ആന ജനവാസമേഖലകളിൽ എത്തുന്നത് വനംവകുപ്പിനെയും കുഴപ്പിക്കുന്നുണ്ട്. ആനകളെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയിട്ടുള്ള ആർ.ആർ.ടി. സംഘത്തിനാണ് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. കഴിഞ്ഞദിവസം മൂന്നാർ ടൗണിനു സമീപം ഇക്കാനഗറിൽ വിനോദസഞ്ചാരികൾ കണ്ട കടുവ ആ പ്രദേശത്തുതന്നെയുണ്ടെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം രാത്രി പത്തോടെ പട്ടിയെ ആക്രമിച്ചതായും നാട്ടുകാർ പറഞ്ഞു.