അപകടമൊളിപ്പിച്ച് ത്രിവേണി സംഗമം
മൂലമറ്റം : വിനോദസഞ്ചാരകേന്ദ്രമായ മൂലമറ്റം ത്രിവേണിസംഗമത്തിലെത്തുന്നത് ഒട്ടേറെ വിനോദസഞ്ചാരികളാണ്. സമീപത്തെ സ്കൂളുകളിൽനിന്നുള്ള കുട്ടികളും ഇവിടെയെത്താറുണ്ട്. അപകടമുന്നറിയിപ്പ് സംവിധാനമോ സുരക്ഷാ ഉപകരണങ്ങളോ ഒന്നും ലഭ്യമല്ലാത്തത് ഇവിടെ ആളുകളെ അപകടത്തിലാക്കുന്നത് പതിവാണ്.
വലിയയാറും നച്ചാറും വൈദ്യുതനിലയത്തിന്റെ ഭാഗമായ കനാലും ഒത്തുചേരുന്നതാണ് ത്രിവേണിസംഗമം. മൂലമറ്റം വൈദ്യുതനിലയത്തിൽനിന്ന് പുറത്തേക്കുവരുന്ന വെള്ളമാണ് ഇവിടത്തെ പ്രധാന ജലസ്രോതസ്സ്. ജലസമൃദ്ധിയിൽ മതിമറന്നിരിക്കവേ പൊടുന്നനെയാകും വെള്ളം ഉയരുക.
പരിസരവാസികളുടെ ഇടപെടലിലാണ് ആളുകൾ രക്ഷപ്പെടുന്നത്. രക്ഷപ്പെടാതെ പോയവരുമുണ്ട്.
ആളുകൾ ഒഴുക്കിൽപ്പെടുന്നത് പതിവായതിനാൽ വലിയ ഗോവണിയും നീളമുള്ള വടവും പ്ലാസ്റ്റിക് കയറുമൊക്കെ സമീപത്തുള്ളവർ കരുതിവെയ്ക്കാറുണ്ട്. നിലവിളിയോ ബഹളമോ കേട്ടാൽ ഇവയെടുത്ത് പാഞ്ഞെത്തുന്നവരാണ് മിക്ക ജീവനുകൾക്കും തുണയാകുന്നത്.
മൂലമറ്റം വൈദ്യുതനിലയത്തിൽ വൈദ്യുതോത്പാദനത്തിനുശേഷം പുറത്തേക്കുവിടുന്ന വെള്ളമാണ് ത്രിവേണിസംഗമത്തിലെ ജലസമൃദ്ധി. കളമശ്ശേരി ലോഡ് ആൻഡ് ഡെസ്പാച്ച് വിഭാഗത്തിന്റെ നിർദേശമനുസരിച്ചാണ് നിലയത്തിൽ വൈദ്യുതോത്‌പാദനം. ഇതിന്മേൽ മൂലമറ്റം നിലയത്തിന് കാര്യമായ നിയന്ത്രണമില്ല. ഉത്പാദനം കൂടുന്നതിനനുസരിച്ച് വെള്ളവും കൂടുതലായി അതിവേഗം കനാലിലൂടെ ഒഴുകിയെത്തും. അപ്രതീക്ഷിതമായി ജലനിരപ്പുയരുന്നതോടെ കുളിക്കുന്നവർ ഒഴുക്കിൽപ്പെടും.
അപകടമുന്നറിയിപ്പ് ബോർഡ് മാത്രമാണ് ഔദ്യോഗികമായി ഇപ്പോഴുള്ളത്.
എ.കെ.ജി.നഗറിലെ യുവാക്കൾ സ്വന്തംനിലയിൽ രണ്ട് ലൈഫ് ബോയെകളും 80 മീറ്റർ നീളമുള്ള റോപ്പും സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ ലൈഫ് ജാക്കറ്റുകളും ബോയെകളും റോപ്പുകളും ക്രമീകരിക്കണമെന്നും, സുരക്ഷാഗാർഡുകളെ നിയമിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.കനാലിൽ ജലനിരപ്പുയരുന്നത് അറിയിക്കാൻ സൈറൺ സംവിധാനം ഏർപ്പെടുത്തണമെന്ന നിർദേശം അറക്കുളം പഞ്ചായത്ത് ഉന്നയിച്ചിരുന്നു. എന്നാൽ, അത് അപ്രായോഗികമാണെന്ന് വൈദ്യുതിബോർഡ് അറിയിച്ചു. അതോടെ പഞ്ചായത്ത് ഈ ഉദ്യമം ഉപേക്ഷിച്ചു. സോളാർ-വൈദ്യുതി സഹായത്തോടെ കളർ ലൈറ്റ് അലർട്ട് സംവിധാനം സജ്ജമാക്കണമെന്ന നിർദേശം അഗ്നിരക്ഷാസേന മുന്നോട്ടുവെച്ചിരുന്നു.
ഉച്ചകഴിഞ്ഞും വൈകീട്ടുമാണ് മിക്കവാറും ജലനിരപ്പ് അതിവേഗം ഉയരുന്നത്.
വെള്ളം കൂടുന്നത് തിരിച്ചറിഞ്ഞ് മുന്നറിയിപ്പുനൽകുന്ന വിധത്തിൽ ലൈറ്റിങ് സംവിധാനം ഏർപ്പെടുത്തിയാൽ ആളുകൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാനാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ, ഈ പ്രായോഗികനിർദേശം നടപ്പാക്കാനുള്ള ശ്രമമൊന്നും പഞ്ചായത്തിന്റെയോ, വൈദ്യുതി ബോർഡിെന്റയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
Published: 11 Oct 2026, 02:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented