വന്യമൃഗങ്ങളുടെ സഞ്ചാരപാത പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട ഉത്തരവിലെ ആശങ്ക പരിഹരിക്കണം
തൊടുപുഴ : വന്യജീവികളുടെ സഞ്ചാരപാതയിലെ നിർമാണങ്ങൾ നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് കളക്ടർ പുറത്തിറക്കിയ ഉത്തരവിൽ വിവാദം ഒടുങ്ങുന്നില്ല. ഉത്തരവിലെ അവ്യക്തതയാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. കാട്ടാനശല്യം ഏറെയുള്ള ചിന്നക്കനാലിലെ ആനത്താരയിൽ അനധികൃതമായി കെട്ടിയിരിക്കുന്ന വൈദ്യുതവേലികളും നിർമിതികളും നീക്കം ചെയ്യുമെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നതെന്നും ജില്ലയിലെ കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും വനംമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിൽ ഇക്കാര്യം പ്രത്യേകം പറഞ്ഞിട്ടില്ല. അതിനാൽത്തന്നെ ഈ ഉത്തരവിൽ ചാരി വനംവകുപ്പ് കൃഷിയിടങ്ങളിലേക്ക് കടന്നുകയറുമോ എന്നാണ് ആശങ്ക.
ആനത്താരകൾ പുനഃസ്ഥാപിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ചിന്നക്കനാൽ മേഖലകളിൽ ആനത്താരകൾ മുറിഞ്ഞതും കാട്ടാന ആക്രമണം രൂക്ഷമാകാൻ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവിറങ്ങിയത്.
വിമർശനങ്ങളും ആശങ്കകളും
ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് അതീവ പ്രാധാന്യമുള്ളതാണ്. നടപ്പാക്കേണ്ടവ. എന്നാൽ, അങ്ങനെ ഒരു ഉത്തരവ് പുറത്തിറക്കുമ്പോൾ ആവശ്യമായ പഠനങ്ങളും കൂടിയാലോചനകളും വേണം. ജില്ലയിൽ ചിന്നക്കനാലിൽമാത്രമാണ് ആനത്താരയുടെ കാര്യത്തിൽ കുറച്ചൊക്കെ പരിശോധനകൾ ഗൗരവപൂർവം നടന്നത്. ജില്ലയ്ക്ക് മുഴുവൻ ബാധകം എന്ന് തോന്നലുണ്ടാക്കുന്ന ഉത്തരവിറക്കുമ്പോൾ കർഷകരെയും സംഘടനകളെയും കേൾക്കേണ്ടതും നിഷ്പക്ഷമായ പഠനം നടത്തേണ്ടതുമുണ്ട്. എന്നാൽ, അതൊന്നും ഇല്ലാതെ ഒരു യോഗം ചേർന്ന് ഉത്തരവ് ഇറക്കുകയായിരുന്നു എന്നാണ് പ്രധാന ആരോപണം.
വന്യജീവികളിൽനിന്ന് രക്ഷനേടാനായി കർഷകർ വേലികെട്ടിയിട്ടുണ്ട്. ചിലർ സൗരവേലികളും സ്ഥാപിച്ചിട്ടുണ്ട്. വേറെ വഴിയില്ലാത്തതുകൊണ്ടാണ്. വനംവകുപ്പിന്റെ നേതൃത്വത്തിൽ വനാതിർത്തികളിൽ സൗരവേലികൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പലയിടത്തും ഇഴഞ്ഞുനീങ്ങുകയാണ്. തങ്ങൾ കെട്ടിയ വേലികൾ ആനത്താരയുടെ പേരിൽ പൊളിച്ചുമാറ്റിയാൽ ഇനിയുമേറെ മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുമെന്നും കർഷകർക്ക് ആശങ്കയുണ്ട്.
ചിന്നക്കനാലിലെ പ്രശ്‌നംമാത്രമാണ് ഇപ്പോൾ ഉദ്ദേശിക്കുന്നതെങ്കിൽ ഉത്തരവ് അത്തരത്തിൽ ഭേദഗതിചെയ്യണം. ചിന്നക്കനാലിലെ കർഷകർക്കും മറ്റുള്ളവർക്കും സംരക്ഷണം നൽകണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെടുന്നു.
കളക്ടർക്ക് പിന്തുണയുമായി പരിസ്ഥിതി സംഘടനകൾ
:സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്ന ഇടുക്കി കളക്ടർക്കെതിരേ നടക്കുന്ന കൊലവിളി അവസാനിപ്പിക്കണമെന്ന് കേരളത്തിലെ 10 പരിസ്ഥിതിസംഘടനകൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, വനംവകുപ്പ് മന്ത്രി, റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ-വനംവകപ്പ് സെക്രട്ടറിമാർ എന്നിവർക്ക് മെയിൽ സന്ദേശം അയച്ചു.
Published: 27 Sept 2026, 03:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented