മണ്ണാറംകണ്ടം തോടിന് കുറുകേ പാലം വേണം

To advertise here,

വൈക്കം : മണ്ണാറംകണ്ടം തോടിന് കുറുകെ സുരക്ഷിതമല്ലാത്ത തടിപ്പാലത്തിലൂടെ പതിറ്റാണ്ടുകളായി അപകടയാത്ര ചെയ്യേണ്ട ഗതികേടിലാണ് തലയാഴം പഞ്ചായത്ത് ഏഴാം വാർഡിലെ നൂറോളം നിർധനകുടുംബങ്ങൾ. തോടിന് ഇരുവശത്തും ടാർ റോഡുണ്ട്. യാത്രാസൗകര്യം പ്രയോജനപ്പെടുത്താനായി സുരക്ഷിതമായി മറുകരയെത്താൻ ഒരു പാലമാണിവർക്ക് വേണ്ടത്.

തലയാഴം പഞ്ചായത്തിലെ മണ്ണാറംകണ്ടം-കുറിഞ്ഞിക്കാട് റോഡുമായി ബന്ധപ്പെട്ട് പുറംലോകത്തേക്ക് എളുപ്പത്തിൽ യാത്രചെയ്യാനാണ് നാട്ടുതോടിനുകുറുകെ പ്രദേശവാസികൾ വർഷങ്ങൾക്കുമുമ്പ് സ്വന്തമായി തടിപ്പാലം സ്ഥാപിച്ചത്. തോട് കടന്ന് റോഡിലെത്താൻ തടിക്കഷണങ്ങളും ഇരുമ്പുതൂണുകളും ചേർത്തിട്ടാണ് ഇവരുടെ അപകടയാത്ര. തടിക്കഷണങ്ങൾ ദ്രവിച്ചുപോകുന്നസമയത്ത് നാട്ടുകാർ കൂടുതൽ തടികൾ ചേർത്ത് വീണ്ടും കുറച്ച് ബലപ്പെടുത്തിയ പാലമൊരുക്കിയാണ് തുടർന്നുള്ള യാത്ര.

പതിറ്റാണ്ടുകളായി തുടരുന്ന യാത്രാദുരിതം നീക്കാൻ പ്രദേശവാസികൾ എം.എൽ.എ. അടക്കമുള്ള ജനപ്രതിനിധികൾക്ക് പലതവണ നിവേദനം നൽകുകയും സമരം നടത്തുകയും ചെയ്തിട്ടും നടപടിയുണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കൂവം,പള്ളിയാട് പ്രദേശത്തിന്റെ വടക്ക് ഭാഗത്തുള്ളവർക്കും മണ്ണാറംകണ്ടം നിവാസികളും വൈക്കം-വെച്ചൂർ റോഡിലെത്താനുള്ള എളുപ്പമാർഗമാണിത്.

വാഹനങ്ങളിൽ സമീപത്തെ പഞ്ചായത്ത് ഓഫീസിലടക്കം എത്തണമെങ്കിൽ മൂന്ന് കിലോമീറ്ററോളം കൂവം വഴി ചുറ്റി സഞ്ചരിക്കണം. കിഴക്കൻ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലേക്ക് കർഷകരും കർഷക തൊഴിലാളികളും പോകുന്നതും ഈ തടിപ്പാലം കടന്നാണ്.