സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം
കട്ടപ്പന : നഗരത്തിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ ഭൂപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിവിധ സംഘടനാ നേതാക്കളുമായി മുഖാമുഖം ചർച്ച നടത്തി. നിർമാണ നിരോധനം, ഷോപ്പ്‌സൈറ്റ്, കട്ടപ്പനനഗരത്തിലെ വിവിധ ഭൂപ്രശ്‌നങ്ങൾ, വിനോദസഞ്ചാരമേഖലയിലെ വികസനങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ മർച്ചന്റ്‌സ് അസോസിയേഷനും വിവിധസംഘടനകളും മുഖ്യമന്ത്രിക്ക് മുന്നിൽ ഉയർത്തിക്കാട്ടി. ഭൂപ്രശ്‌നങ്ങളും ജില്ലയുടെ വികസനത്തിന് തടസ്സം നിൽക്കുന്ന പ്രതിസന്ധികളും പരിഹരിക്കാൻ വിവിധവകുപ്പുകളുടെ ഏകോപനം ഉൾപ്പെടെ സാധ്യമാക്കി പ്രവർത്തിക്കുന്നുണ്ട് എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഡീൻ കുര്യാക്കോസ് എം.പി. എം.എൽ.എ.മാരായ റോയി കെ.പൗലോസ്, സേനാപതി വേണു, കട്ടപ്പന നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി തുടങ്ങിയവർ സംസാരിച്ചു.
അലയടിച്ച് ആവേശം
മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തിയതോടെ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരും പൊതുജനങ്ങളുമാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. നഗരത്തിലേക്കുള്ള വാഹനഗതാഗതം പൂർണമായും ബൈപ്പാസ് റോഡുകളിലൂടെ തിരിച്ചുവിട്ടിരുന്നു. വൈകീട്ട് അഞ്ചിന് മുഖാഭിമുഖത്തിന് ശേഷം തുറന്ന ജീപ്പിൽ മുഖ്യമന്ത്രിയെ കെ.എസ്.ഇ.ബി. ജങ്ഷനിൽനിന്നും മിനി സ്റ്റേഡിയത്തിലേക്ക് പ്രവർത്തകർ ആനയിച്ചു. യോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇടുക്കിയിൽ യു.ഡി.എഫിന് അഞ്ചിൽ അഞ്ചുസീറ്റ് നൽകിയതിന് നന്ദി ഇടുക്കിയുടെ ഭൂപ്രശ്‌നങ്ങൾ 60 ശതമാനവും പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലകാര്യങ്ങൾ നിയമപ്രശ്‌നങ്ങളിൽ പെട്ടുകിടക്കുകയാണ് അവയും പരിഹരിക്കാൻ ശ്രമം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജനഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി അധ്യക്ഷനായി പ്രൊഫ. എം.ജെ. ജേക്കബ് സ്വാഗതം പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി. എം.എൽ.എ.മാരായ സേനാപതി വേണു, എഫ്. രാജ, റോയി കെ.പൗലോസ്, സിറിയക് തോമസ്, നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാർ, ഇ.എം. ആഗസ്തി തുടങ്ങിയവർ സംസാരിച്ചു.
ആനത്താരകൾ പൊളിപ്പിക്കും
ജില്ലയിൽ കൈയ്യേറ്റക്കാർ കെട്ടിയെടുത്ത ആനത്താരകൾ പൊളിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചില കൈയേറ്റക്കാർ ആനത്താരകൾ വളഞ്ഞുവെച്ചിട്ടുണ്ട്. എന്നാൽ കർഷകരുടെ വേലി സർക്കാർ പൊളിക്കുമെന്ന ഭയം വേണ്ട. കുടിയേറ്റവും കൈയ്യേറ്റവും രണ്ടായി കാണും. മുൻ സർക്കാർ റവന്യൂ ഭൂമികളെ വനഭൂമിയാക്കി മാറ്റി. കൃഷി ഭൂമിയും ഇത്തരത്തിൽ വനഭൂമിയാക്കി. കർഷകർ കരം അടയ്ക്കാൻ ചെന്നപ്പോഴാണ് സ്വന്തം കൃഷിയിടം വനഭൂമിയായത് അറിയുന്നത്. ജണ്ടയ്ക്ക് പുറത്തുള്ളത് വനഭൂമിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Published: 26 Sept 2026, 02:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented