ഉപ്പുതറ : വെള്ളിയാഴ്ച രാത്രി 10. വ്യാപാരം നിർത്തി അടുത്ത കടക്കാരനുമായി സംസാരിച്ചു നിൽക്കുകയായിരുന്നു നാലാംമൈൽ ടൗണിലെ ഹോട്ടൽ ഉടമയായ റിജോ. അപ്പോഴാണ് വലിയൊരു ശബ്ദംകേട്ടത്. പാലത്തിൽനിന്ന് ഏതോ വാഹനം താഴേക്ക് മറിഞ്ഞതാണെന്ന് സംശയം തോന്നി. ഉടൻ തന്നെ പാലത്തിലേക്ക് കുതിച്ചു. ഒരു കാർ പുഴയിലേക്ക് തലകീഴായി മറിഞ്ഞുകിടക്കുന്നു. പിന്നീട് ഒന്നും ചിന്തിച്ചില്ല. ഒരു വിധത്തിൽ പുഴയിലിറങ്ങി. അപ്പോഴേക്കും ഓട്ടോ ഡ്രൈവർ കുഞ്ഞുമോനുമെത്തി, പിന്നാലെ സമീപത്ത് താമസിക്കുന്ന സന്തോഷ്, ബിനു, ബിനുകുട്ടൻ, അനൂപ്, അലക്സ്, ജോസ്കുട്ടി, കൊച്ചുമോൻ, ജോസ് ആനന്ദൻ തുടങ്ങിയവരും എത്തി. ഇതിനോടകം തകർന്ന ചില്ലിനിടയിലൂടെ കാറിലുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടിരുന്നു. എല്ലാവരും ചേർന്ന് കാർ ഉയർത്തി ബാക്കിയുള്ളവരെയും പുറത്തെടുത്തു. കാറിന്റെ മുൻസീറ്റിൽ കുടുങ്ങിയ അഭിഷേക് എന്നയാളെ ചില്ലുതകർത്ത് വളരെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അയാൾക്ക് ബോധംനഷ്‌ടപ്പെട്ടിരുന്നു. ഒരു വിധത്തിൽ ചുമന്ന് റോഡിൽ എത്തിച്ച് സി.പി.ആർ. നൽകി അപ്പോഴേക്കും വിവരമറിഞ്ഞ് ഉപ്പുതറ പോലീസും സ്ഥലത്തെത്തി. ഉടൻ തന്നെ അടുത്തുള്ള ആംബുലൻസ് വരുത്തി പോലീസ് ഇവരെയും കയറ്റി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് പോയി. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അഭിഷേക് മരിച്ച വിവരം നാട്ടുകാർ അറിഞ്ഞു. പത്തനംതിട്ട അടൂർ സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. പുഴയിൽ മറിഞ്ഞ കാറിൽ നിന്ന് ജീവൻ പണയംവച്ച് രക്ഷിച്ചവരിൽ ഒരാൾ മരിച്ചത് നാട്ടുകാർക്കും നൊമ്പരമായി. മിക്കപ്പോഴും അപകടം നടക്കുന്ന പ്രദേശമാണ് ചിന്നാർ. അപ്പോഴൊക്കെ ഇവിടത്തെ വ്യാപാരികളും ഓട്ടോ തൊഴിലാളികളും രക്ഷകരായി ഉണ്ടാകും. മരിച്ച അഭിഷേകിന്റെ കൂടെ ഉണ്ടായിരുന്നവർ ശനിയാഴ്ചരാവിലെ അപകടം സ്ഥലത്ത് വന്നിരുന്നു. അവരെ ആശ്വസിപ്പിക്കുമ്പോഴും അഭിഷേകിനെ ഓർത്ത് നാട് വേദനിക്കുകയായിരുന്നു.
Published: 27 Sept 2026, 03:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented