കുറവിലങ്ങാട് : യന്ത്രത്തിനുള്ളിൽനിന്ന് തുള്ളിവെള്ളം ചുണ്ട് നനയ്ക്കാൻപോലും കിട്ടില്ല. എന്നാൽ, യാത്രക്കാർക്ക് അടക്കം ദുരിതംവിതച്ച് ചുവട്ടിൽ വെള്ളക്കെട്ട് തന്നെയുണ്ട്. കുറവിലങ്ങാട് പഞ്ചായത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപം ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച വാട്ടർ കിയോസ്കിന്റെ അവസ്ഥയാണിത്.

To advertise here,

വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച കിയോസ്ക് വൈകാതെ തന്നെ നോക്കുകുത്തിയായി. കൈയിൽ കാർഡുണ്ടെങ്കിൽ കുറവിലങ്ങാട് കുടിവെള്ളം ലഭ്യമാകുമെന്ന വാഗ്ദാനത്തോടെ വന്ന പദ്ധതിയായിരുന്നു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഒൻപത് ലക്ഷം രൂപയും കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് മൂന്ന് ലക്ഷം രൂപയും ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്.

നാണയം ഇട്ടോ പ്രീപെയ്‌ഡ് കാർഡ് സ്വൈപ്ചെയ്തോ വെള്ളമെടുക്കാം. ഒരു രൂപ നാണയം ഇട്ടാൽ ഒരു ലിറ്ററും അഞ്ച് രൂപ നാണയം ഇട്ടാൽ അഞ്ചുലിറ്ററും ശുദ്ധജലം ലഭിക്കും. സ്‌കൂൾ വിദ്യാർഥികൾക്ക് വെള്ളം സൗജന്യം. ഇതിനായി സ്കൂളുകൾ മുഖേന സ്‌മാർട്ട്‌ കാർഡുകൾ വിതരണംചെയ്യും. ഇങ്ങനെയൊക്കെയായിരുന്നു പ്രഖ്യാപനം.

നാണയം ഇട്ടശേഷം കൗണ്ടറിൽ പാത്രംവച്ചിട്ട് സ്വിച്ച് അമർത്തിയാൽ നിശ്ചിത അളവിൽ വെള്ളം കിട്ടും. മൂന്ന് തലങ്ങളിൽ ശുചീകരിച്ച് മിനറൽസും ചേർത്താണ് കുടിവെള്ളം വിതരണത്തിനായി വാട്ടർ എ.ടി.എം. ഒരുക്കിയിട്ടുള്ളതെന്നും അധികൃതർ അവകാശപ്പെട്ടിരുന്നു. മണിക്കൂറിൽ 1000 ലിറ്റർ വെള്ളം വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം.

സ്ഥാപിച്ചിട്ട് ഏഴ് വർഷം പിന്നിട്ടു. 2019 ഫെബ്രുവരിയിലായിരുന്നു ഉദ്ഘാടനം. തകരാറിലായിട്ട് വർഷം ആറ് കഴിഞ്ഞു. പ്രവർത്തനം തുടങ്ങി രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനരഹിതമായിരുന്നു. അറ്റകുറ്റപ്പണി തീർത്താണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് പലതവണ പ്രവർത്തനരഹിതമായിട്ടുണ്ട്. നാണയം, പ്രീ പെയ്‌ഡ് കാർഡ് എന്നിവ ഉപയോഗിച്ച് വാട്ടർ എ.ടി.എമ്മിൽനിന്ന് കുറഞ്ഞ നിരക്കിൽ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി ജില്ലയിൽ ആദ്യത്തേത് ആയിരുന്നു.