അപകടങ്ങൾ തുടർക്കഥയാകുന്നുവെന്ന് പരാതി

To advertise here,

കുമളി : നടപ്പാത കൈയേറിയുള്ള വാഹനങ്ങളുടെ അനധികൃത പാർക്കിങും കച്ചവടവും അപകടക്കെണിയാകുന്നു.

കാൽനടയാത്രക്കാർ ഉൾപ്പടെ അപകടത്തിൽപ്പെടുമ്പോഴും യാതൊരു നടപടികളും എടുക്കാതെ അധികൃതർ. അധികൃതരുടെ നിസംഗത മുതലെടുത്ത് കുമളി ടൗൺ മുതൽ ചെളിമട, ഒന്നാംമൈൽ ഭാഗങ്ങളിലെ നടപ്പാതകളിലും വഴിയോരങ്ങളിലും വ്യാപകമായി വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതും വഴിയോരക്കച്ചവടങ്ങൾ കൂടി വരുന്നതും പതിവ് കാഴ്ചയായിരിക്കുകയാണ്.

അപകടങ്ങൾ തുടർക്കഥയാകുന്നു

കഴിഞ്ഞ ഒരുമാസത്തിനിടയിൽ അഞ്ചിലധികം ആളുകൾക്കാണ് റോഡരികിലൂടെ കാൽനടയായി പോകുന്നതിനിടെ വാഹനങ്ങൾ തട്ടി അപകടം സംഭവിച്ചിരിക്കുന്നത്. പലരും കാര്യമായി പരിക്കേറ്റിട്ടില്ലാത്തതിനാൽ പോലീസ് പരാതിപ്പെടുന്നതും കുറവാണ്. എന്നാൽ, തിങ്കളാഴ്ച കുമളി ഹോളിഡേ ഹോമിനും യൂണിയൻ ബാങ്കിനും ഇടയിലുള്ള ഭാഗത്ത് അമിതവേഗതിയിലെത്തിയ ബൈക്ക് വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു.

അണക്കര കണ്ണംകരയിൽ ലിസി തോമസ്(52) ആണ് അപകടത്തിൽപ്പെട്ടത്. ഇവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

പാതയോരങ്ങൾ കൈയേറിയുള്ള വാഹനങ്ങളുടെ അനധികൃത പാർക്കിങാണ് വീട്ടമ്മയ്ക്കും വിനയായത്.

വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങിനെതിരേ പോലീസും മോട്ടോർ വാഹനവകുപ്പും പേരിന് ചില നടപടികൾ എടുത്തുപോകുന്നതല്ലാതെ കൃത്യമായ പരിശോധനകൾ നടത്താത്തതാണ് അനധികൃത പാർക്കിങുകൾ വ്യാപകമാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

വഴിയോര കച്ചവങ്ങൾക്കെതിരേ പഞ്ചായത്ത് ശക്തമായ നടപടികൾ എടുക്കുന്നുണ്ടെങ്കിലും ചെറിയ ഇടവേളകൾക്കുശേഷം ഈ കടകൾ ഇവിടെത്തന്നെ സ്ഥാപിക്കുന്നതും പതിവ് സംഭവങ്ങളാകുന്നുണ്ട്.

ഇവിടെ എന്തുമാകാമോ?

കുമളി ചെളിമട, ഹോളിഡേ ഹോം, തേക്കടി കവല, വണ്ടൻമേട് ജങ്ഷൻ, ഒന്നാംമൈൽ ടൗൺ എന്നിവിടങ്ങളിൽ കാൽനടയാത്രക്കാർക്ക് റോഡരികിലൂടെ നടന്നുപോകാൻ കഴിയാത്ത രീതിയിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.

പരിശോധനയ്‌ക്കെത്തുന്ന പോലീസും മോട്ടോർ വാഹനവകുപ്പും ഈ പാർക്കിങുകൾക്കുനേരെ കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്. വലിയ വാടകകൾ നൽകി കടകൾ നടത്തുന്ന വ്യാപാരികൾക്കും കടയുടെ മുമ്പിലുള്ള പാർക്കിങുകൾ ദുരിതമാകുന്നുണ്ട്.