റോഡിലിറങ്ങാൻ ഭയന്ന് നാട്ടുകാർ
മറയൂർ : വിനോദസഞ്ചാരികളുടെ യാത്ര ആവേശകരമാക്കാനുള്ള മത്സരത്തിനിടെ മറയൂർ-കാന്തല്ലൂർ മേഖലയിൽ ട്രെക്കിങ് ജീപ്പുകൾ അപകടഭീഷണിയാകുന്നു.
അമിതവേഗത്തിലും നിയന്ത്രണമില്ലാതെയും പായുന്ന ജീപ്പുകൾ നാട്ടുകാരുടെ ജീവന് ഭീഷണിയുയർത്തുന്നതോടെ റോഡിലിറങ്ങാൻപോലും ഭയപ്പെടുന്ന സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. എതിരേ വരുന്ന വാഹനങ്ങൾ പലപ്പോഴും തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെടുന്നത്.
ശനിയാഴ്ച രാത്രി കോവിൽക്കടവ് സ്വദേശി പുത്തൻപറമ്പിൽ ഷാജിയുടെ വീടിന് മുന്നിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ട്രെക്കിങ് ജീപ്പിടിച്ച് തകർന്നു.
കഴിഞ്ഞ ദിവസം കോവിൽക്കടവ് സ്വദേശി അനിൽകുമാറിന്റെ മകൾ അഭിരാമിക്കും മറ്റൊരു കുട്ടിക്കും ജീപ്പിടിച്ച് പരിക്കേറ്റിരുന്നു. ഇതേ സ്ഥലത്തുവെച്ച് കോയമ്പത്തൂർ സ്വദേശിയും ട്രെക്കിങ് ജീപ്പിടിച്ച് മരിച്ചതായി പ്രദേശവാസികൾ പറയുന്നു.
അപകടങ്ങൾ തുടർക്കഥയാകുമ്പോഴും ഫലപ്രദമായ നിയന്ത്രണങ്ങളില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ആഴ്ചയിൽ പത്തിലേറെ അപകടങ്ങളെന്ന് പരാതി
ട്രെക്കിങ് ജീപ്പുകൾമൂലം ആഴ്ചയിൽ പത്തിലധികം അപകടങ്ങളുണ്ടാകുന്നതായി പ്രദേശവാസികൾ. പല സംഭവങ്ങളും ഒത്തുതീർപ്പാക്കുന്നതിനാൽ പുറംലോകം അറിയുന്നില്ലെന്നും അവർ പറയുന്നു.
മറയൂർ-കാന്തല്ലൂർ മേഖലയിൽ 300-ലധികം ട്രെക്കിങ് ജീപ്പുകൾ വിനോദസഞ്ചാരികളുമായി സർവീസ് നടത്തുന്നുണ്ട്. ഇവയിൽ ഭൂരിഭാഗം ഡ്രൈവർമാരും സുരക്ഷ ഉറപ്പാക്കി ഉത്തരവാദിത്വത്തോടെ വാഹനമോടിക്കുന്നവരാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ സഞ്ചാരികളെ ആവേശം കൊള്ളിക്കാനുള്ള ശ്രമത്തിൽ ചിലർ അമിതവേഗത്തിലും അപകടകരമായ രീതിയിലും വാഹനമോടിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.
അപകടകരമായി വാഹനമോടിക്കുന്നവരെ നിയന്ത്രിക്കാൻ ബന്ധപ്പെട്ട അധികൃതരും യൂണിയനുകളും ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് പ്രധാന ആക്ഷേപം.
വിനോദസഞ്ചാരമേഖലയുടെ വളർച്ചയ്ക്കൊപ്പം റോഡ് സുരക്ഷയും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, അപകടകരമായ മത്സരയോട്ടം എന്നിവ തടയാൻ പരിശോധനകൾ ശക്തമാക്കണമെന്നും നിയമലംഘകർക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കണമെന്നും മറ്റൊരു ദുരന്തമുണ്ടായശേഷം മാത്രം അധികൃതർ ഉണരുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 29 Oct 2026, 01:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented