
സ്ത്രീകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം അഥവ പി.സി.ഒ.ഡി. ശരീരത്തെയും മനസ്സിനെയും ഒരുപോലെ തളർത്തുന്ന രോഗമാണിത്. മുടികൊഴിച്ചിൽ, മുഖക്കുരു, ശരീരഭാരം കൂടൽ, ആർത്തവ വ്യതിയാനങ്ങൾ, വന്ധ്യത പ്രശ്നങ്ങൾ എന്നിവയാണ് ഇതുമൂലമുണ്ടാകുന്നത്. അതിനാൽ തന്നെ ശരീരത്തെയെന്ന പോലെ മനസ്സിനെയും തളർത്തുന്ന രോഗമാണിത്. എന്നാൽ ശാസ്ത്രീയമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
വ്യായാമം ചെയ്ത് ഭാരം കുറയ്ക്കാം
സ്ത്രീകളിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് അമിതഭാരമുണ്ടാകാൻ ഇടയാക്കുന്നത്. വയറിന്റെ ഭാഗങ്ങളിലാണ് കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. ഇത് ടൈപ്പ് ടു പ്രമേഹത്തിനുള്ള സാധ്യതയും ഹൃദ്രോഗ സാധ്യതയും വർധിപ്പിക്കുന്നു. ആരോഗ്യകരമായ ഭക്ഷണവും ദിവസവുമുള്ള വ്യായാമവും ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കുന്നു.
നല്ല മൂഡിന് വ്യായാമം നല്ലതാണ്
ഒരു വ്യക്തിയുടെ മാനസിക സന്തോഷത്തെ ബാധിക്കുന്ന രോഗമാണ് പി.സി.ഒ.ഡി. ഈ രോഗം ബാധിച്ച സ്ത്രീകൾക്ക് ഹോർമോണിലെ തകരാറുകൾ മൂലം വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയാകുന്നു. ദിവസവും മുപ്പതു മിനിറ്റ് വ്യായാമം ചെയ്യുന്നത് മനസ്സിനും ശരീരത്തിനും പോസിറ്റീവ് ഗുണങ്ങൾ ലഭിക്കാനും നല്ല മൂഡുണ്ടാകാനും നെഗറ്റീവ് ചിന്തകളെ അകറ്റാനും സഹായിക്കും.
ഗർഭധാരണ സാധ്യത കൂടുന്നു
വ്യായാമം ചെയ്യുന്നത് നല്ല ഉറക്കത്തിനും സ്ട്രെസ്സ് കുറയ്ക്കാനും മനസ്സ് ശാന്തമാവാനും സഹായിക്കും. ഇതെല്ലാം ഗർഭധാരണ സാധ്യത കൂട്ടും. ശാരീരിക വ്യായാമത്തിൽ ഏർപ്പെടുന്നത് ശരീരത്തിലെ ആൻഡ്രോജൻ നില കുറയ്ക്കാനും ആർത്തവം ക്രമമാക്കാനും ഗർഭധാരണ സാധ്യത കൂട്ടാനും സഹായിക്കും.
എന്തൊക്കെ വ്യായാമങ്ങൾ ചെയ്യാം
ദിവസവും 30-45 മിനിറ്റ് വ്യായാമം ചെയ്യുന്നത് ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കാനും ഗുരുതരമായ രോഗങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. മടുപ്പില്ലാതെ ദിവസവും ചെയ്യാൻ സഹായിക്കുന്ന രണ്ട് സിംപിൾ വ്യായാമങ്ങൾ ഇവയാണ്.
നടത്തം: കാര്യമായി വ്യായാമങ്ങൾ ഒന്നും ചെയ്യാത്തവരാണെങ്കിൽ ദിവസവും മുപ്പത് മിനിറ്റ് നടക്കാം. പാർക്കിലോ ട്രെഡ്മില്ലിലോ നടക്കാം. നടക്കാൻ തുടങ്ങുമ്പോൾ ആദ്യത്തെ അഞ്ച് മിനിറ്റ് മിതമായ വേഗത്തിൽ നടക്കാം. പിന്നീട് നല്ല വേഗതയിലാകാം. വേഗത കുറച്ച് അഞ്ച് മിനിറ്റ് നടന്നുവേണം നടത്തം അവസാനിപ്പിക്കാൻ.
യോഗ: ഹോർമോൺ ബാലൻസ് കൃത്യമാക്കി ആരോഗ്യമുള്ള ശരീരവും മനസ്സും സൂക്ഷിക്കാൻ യോഗ വളരെ നല്ലതാണ്. രോഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കാനും യോഗ സഹായിക്കും. യോഗയ്ക്കൊപ്പം ധ്യാനം(മെഡിറ്റേഷൻ) കൂടി ചെയ്യുന്നത് മനസ്സ് ശാന്തമാക്കാനും സഹായിക്കും.
Content Highlights:why women suffering from pcod should exercise and what are the best exercises for them, Health, Fitness
Published: 09 Nov 2020, 04:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented