'എന്റെ അനിയൻമാരോടാണ് പറയാനുള്ളത്. അനാവശ്യകാര്യങ്ങളിൽ കോപിക്കുന്ന സ്വഭാവത്തെ നമുക്കു പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്താം'

To advertise here,

ചെറുപ്പത്തിൽ പെട്ടെന്ന് ദേഷ്യംവരുമായിരുന്നു എനിക്ക്. ഈ പയ്യനെന്തിനാ ഇങ്ങനെ കുറുമ്പു കാട്ടുന്നതെന്ന് മുതിർന്നവർ ചോദിക്കുന്നത് ഓർമ്മയുണ്ട്. കുട്ടികൾ മിക്കവാറും അങ്ങനെയാണെന്ന് ഇപ്പോൾ എനിക്കു തോന്നുന്നു. എന്റെ സ്വഭാവം മുതിരുമ്പോൾ മാറുമെന്ന് അച്ഛനുമമ്മയുമെല്ലാം കരുതിയിരുന്നു. എന്നാൽ, കൗമാരംവിട്ട് യൗവനത്തിലേക്ക് പ്രവേശിച്ചപ്പോഴും അതിനു മാറ്റമൊന്നും വന്നില്ല. കളിക്കളത്തിനകത്ത് 'അഗ്രസീവ് ' എന്ന ലേബൽ തന്നെ വന്നു. ജയിക്കണമെന്ന വീറുംവാശിയും മനസ്സിൽവെച്ചാണ് മൈതാനത്തേക്കിറങ്ങുന്നത്. ടീമിന്റെ ജയംമാത്രം മുൻപിൽക്കണ്ട് കളിക്കുമ്പോൾ നമ്മളറിയാതെ ദേഷ്യംവന്ന് നമ്മളെ കീഴടക്കിക്കളയാനിടയുണ്ട്. അച്ഛൻ എപ്പോഴും എന്നോടു പറയുമായിരുന്നു, ' മോനേ കളിക്കുമ്പോൾ ദേഷ്യംപിടിക്കരുത്. എപ്പോഴും എതിരാളികളെ ചിരിച്ചുകൊണ്ട് നേരിടണം. അതാണ് മാനസികമായി അവർക്കുമേൽ ആധിപത്യം നേടാനുള്ള വഴി.'

അതുപോലെ ചെയ്യാൻ കുറേ ഞാൻ ശ്രമിച്ചു. കുറെയൊക്കെ അതിൽ വിജയം നേടിയതുമാണ്. പക്ഷേ, എല്ലായ്‌പ്പോഴും അതിനു പറ്റില്ല. തിരിഞ്ഞുനോക്കുമ്പോൾ, എനിക്ക് ഒരു കാര്യം ഇപ്പോൾ ഉറപ്പിച്ച് പറയാനാവും -കോപംകൊണ്ട് നേട്ടമൊന്നുമുണ്ടാവില്ല. ഒന്നും നേടിത്തരാൻ അതിനു കഴിയില്ല. ഇന്ത്യൻ ടീമിൽ ഏതു സമയത്തും ശാന്തരായി പെരുമാറുന്നതിൽ എന്നെയദ്ഭുതപ്പെടുത്തിയ രണ്ടുപേർ സച്ചിൻ പാജിയും(തെണ്ടുൽക്കർ) വീരുഭായി (വീരേന്ദർ സെവാഗ്)യുമാണ്. സെവാഗ് പലപ്പോഴും ഫീൽഡ് ചെയ്യുമ്പോൾ അടുത്തുനിൽക്കുന്ന ഞങ്ങളോടു തമാശ പറയും. എതിർ ബാറ്റ്സ്‌മാനടിച്ച പന്ത് വന്നാൽ റോക്കറ്റ് പോലെ അതിനുപിന്നാലെ ഓടുകയുംചെയ്യും. ബാറ്റ്ചെയ്യുമ്പോൾ സിനിമാഗാനങ്ങൾ പാടും. പാടിക്കൊണ്ടുതന്നെ ബൗണ്ടറിയും സിക്സറുമടിക്കും. പക്ഷേ, മറ്റാർക്കും അദ്ദേഹത്തെ അനുകരിക്കാൻ കഴിയില്ല.

ക്രിക്കറ്ററെന്ന നിലയിലുള്ള എന്റെ കരിയർ അവസാനിച്ചശേഷമാണ്, ഗൗരവമുള്ള വായനയിലേക്കൊക്കെ ഞാൻ തിരിഞ്ഞത്. അഞ്ചുവർഷം മുൻപ്‌ പരമഹംസ യോഗാനന്ദ എന്ന ഋഷിവര്യന്റെ ആത്മകഥ(Autobiography of a yogi ) ഒരു സുഹൃത്ത് എനിക്കു തന്നു. ആ പുസ്തകം എന്റെ കണ്ണുതുറപ്പിച്ചു എന്നുപറയാം. എന്നിൽ വലിയ മാറ്റം ഉണ്ടാക്കി അതിലെ വാക്കുകൾ. സ്വന്തംമനസ്സ് എനിക്കു കാട്ടിത്തന്നത് ആ പുസ്തകമാണ്. പെട്ടെന്ന് ദേഷ്യംപിടിക്കുന്ന സ്വഭാവത്തിൽ ഞാൻ മാറ്റംവരുത്തി. സ്വയം നിയന്ത്രിക്കാൻ പഠിച്ചു. അതോടെ കൂടുതൽ മനസ്സമാധാനവും ലഭിക്കുന്നു. കൂടുതലായി വായിക്കാൻ തുടങ്ങിയതോടെയാണ് കോപംപോലുള്ള മോശംവികാരങ്ങളെ നിയന്ത്രിക്കാൻ എനിക്കു കഴിഞ്ഞത്.

രോഷമെന്നത് തീരേ ഉപേക്ഷിക്കണമെന്ന് ഞാൻ പറയില്ല. അത് സന്ന്യാസികൾക്കു മാത്രം കഴിയുന്നതാണ്. നമ്മളെപ്പോലുള്ള സാധാരണക്കാർക്കു പറ്റില്ല. അനീതി കാണുമ്പോൾ നമ്മൾക്ക് ദേഷ്യപ്പെടേണ്ടിവരും. അത് സമൂഹത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്. പക്ഷേ, ദേഷ്യം പ്രകടിപ്പിക്കുമ്പോൾ കരുതലുണ്ടാകണം. ദുർലഭമായി മാത്രം പുറത്തുവരേണ്ട വികാരമാണ് കോപമെന്ന് എനിക്കിപ്പോൾ തോന്നുന്നു.

ഇപ്പോൾ എന്റെ അനിയൻമാരോടാണ് പറയാനുള്ളത്. അനാവശ്യകാര്യങ്ങളിൽ കോപിക്കുന്ന സ്വഭാവത്തെ നമുക്കു പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്താം. ഈ ഓണനാളിൽ അങ്ങനെയൊരു പ്രതിജ്ഞയെടുക്കാം. അതിന് ചില വഴികളുമുണ്ട്. വായന, ധ്യാനം, നല്ല സൗഹൃദങ്ങൾ അങ്ങനെ.