വേനൽച്ചൂട് മാത്രമല്ല, നമ്മുടെ കുട്ടികൾക്കിപ്പോൾ പരീക്ഷച്ചൂടിന്റെ കൂടി കാലമാണ്. കത്തുന്ന ഈ ഇരട്ടച്ചൂട് കഴിഞ്ഞാൽ പിന്നെ വേനലവധിയുടെ കുളിർ കളിക്കാലമായി. സത്യത്തിൽ അപ്പോഴാണ് രക്ഷിതാക്കളുടെ ചൂടുകാലം തുടങ്ങുന്നത്. ഈ രണ്ട് മാസക്കാലം പോക്കിരികളെ എങ്ങനെ വീട്ടിൽ അടക്കിയിരുത്തും. ദേഹം മാത്രമല്ല, ആപാദചൂടം വിയർക്കും രക്ഷിതാക്കൾ. കിളിപാറും ഇരുപത്തിനാല് മണിക്കൂറും എന്ന് ചുരുക്കം. അപ്പോപിന്നെ തുറുപ്പുചീട്ടെടുത്തു വീശുക തന്നെ. ടിവി, മൊബൈല്‍, ടാബ്... കുട്ടിപ്പട്ടാളത്തെ മെരുക്കാൻ ഇതിലും നല്ല മാന്ത്രികവടി വേറെ എന്തുണ്ട്. ഈ മറുമരുന്ന് പക്ഷേ അത്ര കേമമാണെന്ന് കരുതണ്ട. ഇത്തിരി കൂടുതൽ സൈഡ് എഫക്റ്റ് ഉണ്ട് ഇതിനൊക്കെ. പക്ഷേ, പേടിക്കണ്ട, മരുന്ന് മാത്രമല്ല, ചില നാടൻ കുറുക്കുവിദ്യകളുമുണ്ട് നമുക്ക് പ്രയോഗിക്കാൻ. അറിഞ്ഞ് ഉപയോഗിക്കണമെന്നു മാത്രം.
അവധിക്കാലത്ത് മാത്രമല്ല എന്നും എപ്പോഴും ശരിയായ പാരന്റിങ് എങ്ങനെയാണ് എന്നുള്ളത് രക്ഷകര്‍ത്താക്കളെ അലട്ടുന്ന ഒരു കാര്യമാണ്. ഡിജിറ്റല്‍ യുഗത്തിലെ രക്ഷാകര്‍തൃത്വം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണ് എന്നതും വസ്തുതയാണ്. പല രക്ഷിതാക്കളും കുട്ടികളിലെ അമിത ഡിജിറ്റല്‍ ഉപയോഗം എങ്ങനെ നിയന്ത്രിക്കണം എന്നറിയാതെ സമ്മര്‍ദ്ദം നേരിടുന്നവരാണ്. അതുമാത്രമല്ല ഡിജിറ്റല്‍ ഉപയോഗം എങ്ങനെ സ്വയം നിയന്ത്രിക്കാം എന്ന കാര്യത്തിലും കൃത്യമായ ധാരണകളൊന്നും രക്ഷിതാക്കള്‍ക്കുമില്ല.
വിവരസാങ്കേതിക വിദ്യയുടെ വരവോട് കൂടി ലോകം വേഗത്തില്‍ വളരുകയും അതിന്റെ ഭാഗമായുള്ള മാറ്റങ്ങൾ വേഗം നമ്മളിലേക്ക് എത്തുകയും ചെയ്യുന്നു. ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും ഇപ്പോള്‍ വേഗത്തിലും എളുപ്പത്തിലും എന്ത് വിവരവും ലഭ്യമാണ്. ഇത് വിവരയുഗമാണ് അല്ലെങ്കില്‍ ഡിജിറ്റല്‍ യുഗമാണ്. ദൂരെയുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായും ആശയവിനിമയം സാധ്യമാകുന്നു എന്നതും ഡിജിറ്റല്‍ യുഗത്തിന്റെ പ്രത്യേകതയാണ്. എല്ലാവരും വിവര സാങ്കേതികവിദ്യയുടെ പരമാവധി സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജീവിതം മെച്ചപ്പെടുത്തുന്ന ഒരു കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ നമുക്ക് ഈ നവമാധ്യമങ്ങളുടെ ഉപയോഗം ഒഴിവാക്കാനുമാകില്ല. ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി സമകാലിക സംഭവങ്ങളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും കുട്ടികളില്‍ അവബോധം വളര്‍ത്താന്‍ കഴിയുന്നു. പഠനത്തിന്റെ ഭാഗമായുള്ള അസൈൻമെന്റും പ്രൊജക്ടുകളും ചെയ്യാനായി നവമാധ്യമങ്ങളെ കുട്ടികള്‍ ആശ്രയിക്കാറുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളെ ഇതില്‍ നിന്നും ഒഴിച്ചുനിര്‍ത്താനുമാകില്ല. ഒരേസമയം കുട്ടികളെ ഡിജിറ്റല്‍ സാക്ഷരതാക്കുകയും എന്നാല്‍ അതിന്റെ മോശം വശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയുമാണ് വേണ്ടത്.
എല്ലാ ക്ലിക്കും പൊന്നല്ല
സോഷ്യല്‍ മീഡിയ ഉപയോഗം കൂടിയത് വഴി ആളുകള്‍ സമയം ചെലവഴിക്കുന്ന രീതികളില്‍ പോലും വ്യത്യാസം വന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന ക്വാളിറ്റി സമയം കുറഞ്ഞു. അമിതമായ സ്‌ക്രീന്‍ ടൈം കുട്ടികളുടെ മാനസികവും ശരീരികവും സാമൂഹികവുമായ വളര്‍ച്ചയെ ബാധിക്കുന്നുണ്ട്. ഡിജിറ്റല്‍ മീഡിയ കുട്ടികളെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നതെന്ന് നോക്കാം.
അത്ര ഹെൽത്തിയല്ല ഈ ഇരിപ്പ്
മയോപിയ
കോവിഡ് ലോക്ഡൗണിന് ശേഷം കുട്ടികളില്‍ മയോപിയയുടെ (Myopia) വ്യാപനം വര്‍ധിച്ചതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ലോക്ഡൗണ്‍ കാലത്ത് കുട്ടികള്‍ ശരാശരിയില്‍ കൂടുതല്‍ സമയം ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നു. മാത്രമല്ല സൂര്യപ്രകാശം ഏല്‍ക്കാത്തതും ശാരീക അധ്വാനമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തതുമൊക്കെ മയോപിയ വര്‍ധിക്കാനുള്ള കാരണമായി (മയോപിയ - അടുത്തുള്ള വസ്തുക്കള്‍ കാണാന്‍ കഴിയുകയും ദൂരെയുള്ള വസ്തുക്കള്‍ ശരിയായി കാണാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ).
കഴുത്തും നടുവും
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുവാനായി വീഡിയോ ഗെയിം കളിക്കാനായി, സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനായി കംപ്യൂട്ടറിന് മുന്നില്‍ വിശ്രമില്ലാതെ ഒരുപാട് നേരം ഇരിക്കുന്നത് കഴുത്തുവേദനയും നടുവേദനയും ഉണ്ടാക്കുന്നു.
തടിയിട്ടു പൊടിയാക്കട്ടെ
കുട്ടികളെ രാവിലെയോ വൈകീട്ടോ വെയിലത്ത് കളിക്കാൻ സമ്മതിക്കുക. സൂര്യപ്രകാശം കുട്ടികളുടെ ആരോഗ്യത്തിന് ആവശ്യ ഘടകമാണ്. കായികാധ്വാനം കൂടുതലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കുക, അവരോടൊപ്പം കളിക്കുക, ശാരീരിക വ്യായാമവും വീടിന് പുറത്തുള്ള കളികളും ഒക്കെയായി കൂടുതല്‍ സമയം പുറത്തു ചെലവഴിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മയോപിയയുടെ നിരക്ക് വളരെ കുറവാണ്.
20 സെക്കൻഡ് ഇടവേള
20 മിനിറ്റ് നീണ്ട സ്‌ക്രീന്‍ സമയത്തിനിടയില്‍ ഒരു വസ്തുവില്‍ 20 സെക്കന്റ് നേരം നോക്കി ഇരിക്കുക.
കുറേ നേരം ഇരിക്കേണ്ടി വന്നാല്‍ ഇടയ്ക്ക് എഴുന്നേറ്റ് ശരീരം സ്ട്രെച്ച് ചെയ്യുക.
ഇവ ചെയ്യാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. സ്വയം ചെയ്ത് അവര്‍ക്ക് മാതൃക ആകുക.
സ്‌കീന്‍ സമയപരിധി
ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഒട്ടും തന്നെ സ്‌ക്രീന്‍ ടൈം കൊടുക്കരുത്.
രണ്ട് വയസുമുതല്‍ അഞ്ച് വയസുവരെ ഒരു മണിക്കൂര്‍ മാത്രം ഡിജിറ്റല്‍ ഡിവൈസുകള്‍ കൊടുക്കുക
ആറ് മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് രണ്ട് മണിക്കൂര്‍ (പഠനാവശ്യങ്ങള്‍ക്ക് പുറമേ) സ്‌ക്രീന്‍ ടൈം അനുവദിക്കാം
ഉറക്കം കളയുന്ന വിനോദം
ഉറക്കത്തിന് മുന്‍പുള്ള സ്‌ക്രീന്‍ സമയം ഉറങ്ങാന്‍ എടുക്കുന്ന സമയം കൂട്ടുകയും. ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യുന്നു. ഇത് കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ബാധിക്കുന്നു. ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള വെളിച്ചം പ്രത്യേകിച്ച് നീല വെളിച്ചം മെലാറ്റോണിന്റെ ഉദ്പാദനത്തെ ബാധിക്കുന്നു. ഇതുമൂലം ഉറക്കം തടസപ്പെടുന്നു.
സ്‌ക്രീനിനു വേണം ഓഫ് ടൈം
ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും കുട്ടികള്‍ ഡിജിറ്റല്‍ ഉപകരങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുക.
കിടപ്പു മുറിയില്‍ ടി.വി പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ വയ്ക്കാതിരിക്കുക
കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്ക് അവരുടെ പ്രായത്തിന് അനുസരിച്ച് ആവശ്യമായ ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
പ്രായത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് ഒരു ദിവസം കിട്ടേണ്ട ഉറക്കത്തിന്റെ സമയദൈര്‍ഘ്യം
| വിഭാഗം | പ്രായം | ഉറങ്ങേണ്ട സമയം |
| നവജാത ശിശു | 03 മാസം- | 12 മുതല്‍ 14 മണിക്കൂര്‍ |
| കൊച്ചുകുട്ടി | 1 മുതല്‍ 2 വയസ് | 11 മുതല്‍ 14 മണിക്കൂര്‍ |
| പ്രീസ്‌കൂള്‍ വിദ്യാര്‍ത്ഥി | മൂന്ന് മുതല്‍ അഞ്ച് വയസ് വരെ | 10 മുതല്‍ 13 മണിക്കൂര്‍ |
| സ്‌കൂള്‍ വിദ്യാര്‍ഥി | ആറ് മുതല്‍ 13 വയസ് വരെ | 9 മുതല്‍ 13 മണിക്കൂര്‍ വരെ |
| കൗമാരക്കാര്‍ | 14 മുതല്‍ 17 വരെ | എട്ട് മുതല്‍ 10 മണിക്കൂര്‍ |
ലോഡ് കൂടുതലാണ്
ഡിജിറ്റല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാല്‍ കുട്ടികളില്‍ കായികാധ്വാനമുള്ള പ്രവൃത്തികള്‍ കുറവാണ്. ഇങ്ങനെയുള്ള ഉദാസീനമായ ജീവിതശൈലി പൊണ്ണത്തടിക്ക് കാരണമാകും. ഒരു കുട്ടിയുടെ പ്രായത്തിനും ഉയരത്തിനും അനുസരിച്ചുള്ള ഭാരത്തില്‍ വളരെ കൂടുതല്‍ ഭാരം ഉണ്ടായാല്‍ പ്രമേഹം ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് കാരണമാകുന്നു.
ബോഡിമാസ് ഇന്‍ഡെക്‌സിന് അനുസരിച്ച് അനുയോജ്യമായ ഭാരം നിര്‍ണയിക്കുക. അതില്‍ നിന്ന് കുട്ടിക്ക് ഭാരം കൂടുതലാണോ കുറവാണോ എന്ന് കണ്ടുപിടിക്കുക. അതിനനുസരിച്ച് ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തുക.
കാണുന്നതിലും വേണം കണ്ണ് കുട്ടികളും കൗമാരക്കാരും ചിന്തിക്കുന്നതും പെരുമാറുന്നതിതിനെയും സ്വാധീനിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിവുണ്ട്. കൊച്ചുകുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആദ്യമായി കൊടുക്കുന്നത് പലപ്പോഴും മാതാപിതാക്കൾ ആയിരിക്കും. അതുകൊണ്ടു തന്നെ കുട്ടികള്‍ കാണുന്ന വായിക്കുന്ന കണ്ടന്റ് മാതാപിതാക്കള്‍ കൃത്യമായി മനസിലാക്കിയിരിക്കണം. വേണം റിവ്യൂ
പ്രായത്തിന് അനുസൃതമായാണോ കുട്ടികള്‍ സ്‌ക്രീനില്‍ കാണുന്നത് എന്ന് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ചലച്ചിത്രങ്ങള്‍ ആയാലും ടി.വി പ്രോഗ്രാം ആയാലും കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ളത് മാത്രം അവരെ കാണിക്കുക.
കാണുന്ന കാര്യങ്ങള്‍ കുട്ടികളില്‍ എങ്ങനെ സ്വാധീനം ചൊലുത്തുന്നു എന്നറിയാന്‍ എപ്പോഴും അവയെക്കുറിച്ച് കുട്ടികളോട് തുറന്ന് സംസാരിക്കുക.
സോഷ്യല്‍ മീഡിയയിലെ തെറ്റായ ഉള്ളടക്കങ്ങള്‍ കൗമാരക്കാരെ കൂടുതല്‍ സ്വാധീനിക്കുന്നു.
സോഷ്യലാവണം
വര്‍ധിച്ചുവരുന്ന സാമൂഹിക ഒറ്റപ്പെടലും യഥാര്‍ഥ ലോകവുമായുള്ള ഇടപെടലുകള്‍ കുറയുന്നതും കൗമാരക്കാരുടെ സാമൂഹിക കഴിവുകളെ ബാധിക്കുന്നുണ്ട്. യഥാര്‍ഥ ലോക ഇടപെടലുകളിലൂടെ കുട്ടികള്‍ സാമൂഹിക കഴിവുകള്‍ ആര്‍ജിക്കുന്നു. ആളുകളെ നിരീക്ഷിക്കാനും വേഗത്തില്‍ മികച്ച തീരുമാനങ്ങള്‍ എടുക്കാനും ആത്മാഭിമാനവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നതിന് സാമൂഹ്യ കഴിവുകള്‍ അത്യന്താപേക്ഷിതമാണ്.
ടൈം ടേബിൾ മസ്റ്റ്
- വീട്ടില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്ര സമയം ഉപയോഗിക്കണം എത്ര സമയം ഉപയോഗിക്കരുത് എന്നൊക്കെയുള്ളതിന് ഒരു ടൈം ടേബിള്‍ തിട്ടപ്പെടുത്തുക.
- സമയക്രമത്തെക്കുറിച്ച് കുട്ടികളോട് കൂടി ആലോചിക്കുക.
- വീട്ടില്‍ കുടുംബാംഗങ്ങളുമായി ഒരുമിത്ത് സമയം ചിലവിടുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.
- കുട്ടികള്‍ക്ക് ഇഷ്ടമുള്ള കളികള്‍ എല്ലാവരും ചേര്‍ന്ന് കളിക്കുക.
- വീട്ടില്‍ നിന്ന് പുറത്തുപോയി സമയം ചിലവഴിക്കാനുള്ള അവസരങ്ങളൊരുക്കുക.
വഴി തെറ്റിക്കാനും ഇന്‍ഫ്‌ളുവന്‍സേഴ്‌സ്
ആളുകള്‍ പൊതുവേ സന്തോഷകരമായ കാര്യങ്ങള്‍ ഷെയര്‍ ചെയ്യാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു. ദുഃഖങ്ങള്‍ പങ്കുവെക്കുന്നതിനേക്കാള്‍ സന്തോഷങ്ങള്‍ മാത്രം പങ്കുവയ്ക്കുന്നവരാണ് കൂടുതലും. ഇതുകാണുന്നവര്‍ മറ്റുള്ളവര്‍ തങ്ങളുടെ ജീവിതത്തില്‍ എത്ര സന്തുഷ്ടരാണെന്നും എന്നാല്‍ സ്വന്തം ജീവിതം അത്ര നല്ലതല്ലെന്നും ആലോചിച്ച് സങ്കടപ്പെടും. എപ്പോഴും മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്യുന്നത് കുട്ടികളില്‍ ആത്മവിശ്വാസം കുറയ്ക്കും. സ്വന്തം ശരീരത്തെക്കുറിച്ച് തെറ്റായ ബോധം ഉണ്ടാക്കുന്നതില്‍ സോഷ്യല്‍ മീഡിയയ്ക്കും ഒരു പങ്കുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പെട്ടെന്ന് പ്രസിദ്ധരാകാനുള്ള സാധ്യതള്‍ ഉണ്ട്. തെറ്റായ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ഒരുപാട് ഉള്ള ഒരിടം കൂടിയാണ് സോഷ്യല്‍ മീഡിയ. ഇതെല്ലാം കുട്ടികളെ തെറ്റായ രീതിയില്‍ സ്വാധീനിക്കുന്നു.
മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്
കുട്ടികളുമായി തുറന്ന് സംസാരിക്കുക. അവരുടെ ചിന്തകള്‍ പെരുമാറ്റം ഇവ ഒക്കെ നിരീക്ഷിക്കുക.
ഭയം വേണ്ട, ജാഗ്രത മതി
- അമിത ഡിജിറ്റല്‍ ഉപയോഗം കുട്ടികളുടെ മാനസിക, ശാരീക വളര്‍ച്ചയെ മോശമായി ബാധിക്കുന്നതിനാല്‍ അവരുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് അമിത ഡിജിറ്റല്‍ ഉപയോഗം നിയന്ത്രിക്കേണ്ടതാണ്. അതിന് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
- പ്രായത്തിന് അനുസരിച്ചുള്ള ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
- ഉറക്കം തടസപ്പെടുത്തുന്ന ടിവി പോലുള്ള ഉപകരണങ്ങള്‍ കിടപ്പുമുറിയില്‍ നിന്ന് ഒഴിവാക്കുക.
- ശാരീരിക വ്യായാമം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക. കളി സ്ഥലങ്ങളില്‍ കൊണ്ടുപോവുക.
- സ്‌ക്രീന്‍ ടൈം നിയന്ത്രിക്കാനായി സ്‌ക്രീന്‍ ഉപയോഗിക്കുന്നതിനും മറ്റു ഹോബീസ് ചെയ്യാനും ഒരു ടൈം ടേബിള്‍ ഉണ്ടാക്കുക.
- ഒരുപാട് നേരം സ്‌ക്രീനിന് മുന്നില്‍ ഇരിക്കുമ്പോള്‍ ഇടവേള എടുക്കാന്‍ പ്രേരിപ്പിക്കുക.
- സ്വയം സ്‌ക്രീന്‍ സമയം നിയന്ത്രിക്കുക. കുട്ടികളുമായി കളിക്കാന്‍ സമയം കണ്ടെത്തുക. കുട്ടികള്‍ക്ക് താത്പര്യമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുക.
- പ്രായത്തിന് അനുസൃതമായ ഉള്ളടക്കങ്ങള്‍ ഉള്ള കണ്ടന്റുകള്‍ കുട്ടികളെ കാണിക്കുക.
- ഡിജിറ്റല്‍ ലോകത്തിലെ സ്വകാര്യതയെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുക.
- ഹാക്കിങ്ങ്, സെക്‌സിങ്, സൈബര്‍ബുള്ളിയിങ്, തുടങ്ങിയവയെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുക
- എന്ത് കാര്യങ്ങളും തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കുക.
References
1. Myopia in India : Clin Ophthalmol. 2022; 16: 163–176. Published online 2022 Jan 20. doi: 10.2147/OPTH.S349393
2. WHO's Guidelines on physical activity, sedentary behaviour and sleep for children under 5 years of age https://www.who.int/tools/your-life-your-health/life-phase/newborns-and-children-under-5-years/making-sure-newborns-and-children-under-5-years-sleep-safely
3. To grow up healthy, children need to sit less and play more -WHO https://www.who.int/news/item/24-04-2019-to-grow-up-healthy-children-need-to-sit-less-and-play-more
4. The Effects of Blue Light Emission from Electronic Devices on Human Sleep Patterns and Health https://www.researchgate.net/publication/369593908_The_Effects_of_Blue_Light_Emission_from_Electronic_Devices_on_Human_Sleep_Patterns_and_Health
Content Highlights: Negative effects of too much screen time for children
Published: 17 Mar 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented