To advertise here,

“ഉരുണ്ടതും മിനുമിനുത്തതുമായ ഒരു ചെറിയ ഉരുളൻ കല്ല്. സൂക്ഷിച്ചുനോക്കുമ്പോൾ അത് നിന്നോട് ചിലതെല്ലാം പറയുന്നില്ലേ?”, ഒരച്ഛൻ മകൾക്കയച്ച കത്തിലെ ഒരു ഭാഗമാണിത്. അച്ഛൻ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്റു. മകൾ ഇന്ദിര പ്രിയദർശിനിയും. കാണാൻ കണ്ണും കേൾക്കാൻ കാതുമുണ്ടെങ്കിൽ കല്ലിനും കഥ പറയാനുണ്ടെന്ന് മകളെ ഓർമ്മിപ്പിച്ച ഒരച്ഛൻ. കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനമായ നവംബർ 14 ഇന്ത്യയിൽ ശിശുദിനമായി ആഘോഷിക്കുന്നു.
കുട്ടികളുടെ നിഷ്‌കളങ്കതയുടെയും കുട്ടികളോട് തനിക്കുള്ള വാത്സല്യത്തിന്റെയും അടയാളമായി അദ്ദേഹം വസ്ത്രത്തിൽ എന്നും ചുവന്ന റോസാപ്പൂവ് ധരിച്ചിരുന്നു. കുട്ടികൾ അദ്ദേഹത്തെ സ്‌നേഹത്തോടെ ‘ചാച്ചാജി’ എന്നും ‘ചാച്ചാ നെഹ്റു’ എന്നും വിളിച്ചു.

കരുത്തരാക്കാൻ 

ശിശുദിനം വെറുമൊരു ആഘോഷംമാത്രമല്ല, കുട്ടികളുടെ അവകാശസംരക്ഷണത്തെക്കുറിച്ച് സമൂഹത്തെ ഓർമ്മിപ്പിക്കുന്ന ദിവസംകൂടിയാണ്.
ഓരോ കുട്ടിയുടെയും സമഗ്രമായ വികസനം ഉറപ്പുവരുത്തുന്നതിന് ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, തുല്യാവസരങ്ങൾ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയെന്നതാണ് ഈ ദിവസത്തിന്റെ പ്രധാന ലക്ഷ്യം.
കുട്ടികളെ സ്‌നേഹിക്കുക, അവരെ നല്ല സംസ്‌കാരമുള്ളവരായി വളർത്തുക, രാജ്യത്തിന് ശോഭനമായ ഭാവി സൃഷ്ടിക്കുന്നതിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് ശിശുദിനം നൽകുന്ന പ്രധാന സന്ദേശം.

കുട്ടികൾക്കായി 

രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ കുട്ടികൾക്കുള്ള പങ്കിനെക്കുറിച്ച് നെഹ്റുവിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. കുട്ടികളുടെ ക്ഷേമ വികസന മേഖലയിൽ നിക്ഷേപം നടത്തേണ്ടതിന്റെയും അവർക്ക് വിദ്യാഭ്യാസം, നല്ല ആരോഗ്യം, സുരക്ഷിതമായ അന്തരീക്ഷം, കുട്ടിക്കാലം ആസ്വദിക്കാനുള്ള അവസരം എന്നിവ ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

രാജ്യത്തെ എല്ലാ കുട്ടികൾക്കും പ്രാഥമികവിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവുമാക്കണമെന്ന് അദ്ദേഹം വാദിച്ചു. ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കാൻ ഐ.ഐ.ടി., ഐ.ഐ.എം., എയിംസ് തുടങ്ങിയ ലോകോത്തര വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇന്ത്യയിൽ ആരംഭിച്ചത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഫലമായാണ്.

കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി സ്‌കൂളുകളിൽ ഉച്ചഭക്ഷണപദ്ധതികൾക്ക് തുടക്കം കുറിക്കാനും അദ്ദേഹം പ്രോത്സാഹനം നൽകി. കുട്ടികൾക്കായി നല്ല സിനിമകൾ നിർമിക്കാനും അവരുടെ വിനോദാവകാശങ്ങൾ സംരക്ഷിക്കാനും 1955-ൽ അദ്ദേഹം ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സ്ഥാപിച്ചു. 
 

ചാച്ചാജിയുടെ വാക്കുകൾ

  • “ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ നിർമിക്കുന്നത്. നാം അവരെ എങ്ങനെ വളർത്തുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും രാജ്യത്തിന്റെ ഭാവി നിർണയിക്കപ്പെടുക”
  • “കുട്ടികൾ ഒരു പൂന്തോട്ടത്തിലെ മൊട്ടുകൾ പോലെയാണ്. അവരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും പരിപാലിക്കണം. കാരണം അവരാണ് രാജ്യത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരും”
  • “കുട്ടികൾക്ക് മുൻവിധികളില്ല, അവർക്ക് ജാതിയോ മതമോ വർണമോ ഒന്നുമറിയില്ല. അവർ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ലോകത്താണ് ജീവിക്കുന്നത്”
  • “നാം കുട്ടികളോടൊപ്പം ആയിരിക്കുമ്പോൾ മാത്രമാണ് നമ്മൾ യഥാർഥത്തിൽ പൂർണരും സന്തുഷ്ടരുമാകുന്നത്”
  • “മുതിർന്നവർക്കായി ചെലവഴിക്കാൻ എനിക്ക് അധികം സമയമില്ലായിരിക്കാം, എന്നാൽ കുട്ടികൾക്കായി എന്റെ പക്കൽ ധാരാളം സമയമുണ്ട്”