ശരീരത്തിലെ വിറ്റാമിൻ ഡിയുടെ തോത് പതിവായി പരിശോധിക്കേണ്ടതില്ലെന്നും ഇത് സ്ക്രീനിങ് ടെസ്റ്റ് അല്ലെന്നും വിദ​ഗ്ധർ. യു.എസ് എൻഡോക്രൈൻ സൊസൈറ്റി പുറത്തിറക്കിയ മാർ​ഗനിർദേശങ്ങളിലാണ് ഇതേക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. 

To advertise here,

എല്ലുകളുടേയും പല്ലുകളുടേയും ആരോ​ഗ്യത്തിന് അനിവാര്യമായ വിറ്റാമിൻ ‍ഡി പ്രതിരോധശേഷി മെച്ചപ്പെടാനും അത്യാവശ്യമാണ്. വിറ്റാമിൻ ഡി കുറയുന്നത് പേശീസംബന്ധമായ പ്രശ്നങ്ങൾ, ഹൃദ്രോ​ഗങ്ങൾ, ഓട്ടോഇമ്മ്യൂൺ രോ​ഗങ്ങൾ, അണുബാധകൾ തുടങ്ങിയവയ്ക്ക് കാരണമാകാം. എന്നാൽ യാതൊരു രോ​ഗലക്ഷണങ്ങളൊന്നുമില്ലാതെ വിറ്റാമിൻ ഡി പരിശോധന നടത്തേണ്ടതില്ലെന്നാണ് മാർ​ഗനിർദേശങ്ങളിൽ പറയുന്നത്. 

എഴുപത്തിയഞ്ചുവയസ്സുവരെയുള്ള ആരോ​ഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കുന്നവരിൽ അനാവശ്യമായി വിറ്റാമിൻ ഡി പരിശോധന നടത്തേണ്ടതില്ലെന്നും സപ്ലിമെന്റുകൾ നൽകേണ്ടതില്ലെന്നും മാർ​ഗനിർദേശത്തിൽ പറയുന്നു. 

ലക്ഷണങ്ങളില്ലാത്തവരിൽ 25-hydroxy vitamin D പരിശോധനയുടെ ആവശ്യമില്ല. എന്നാൽ ഹെൽത്ത് കോച്ചുകളും ന്യൂട്രീഷൻ മേഖലയിലുള്ള പലരും വിറ്റാമിൻ ഡി കൂടിയാലുള്ള പ്രശ്നമെന്തെന്ന് തിരിച്ചറിയാതെ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ നൽകാറുണ്ടെന്നും വിദ​ഗ്ധർ പറയുന്നു. പല ലാബുകളും ഇവ തങ്ങളുടെ പരിശോധനാപ്പട്ടികയിൽ നൽകാറുണ്ട്. കുട്ടികൾ, ​ഗർഭിണികൾ, എഴുപത്തിയഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ളവർ, പ്രീ ഡയബറ്റിക് സാധ്യത ഉള്ള മുതിർന്നവർ തുടങ്ങിയവരിൽ മാത്രമാണ് വിറ്റാമിൻ ഡി സപ്ലിമെന്റ് നൽകേണ്ടത്.

മേൽപ്പറഞ്ഞവരിലല്ലാതെ പതിവായി വിറ്റാമിൻ ഡി കുറവ് പരിശോധന നടത്തേണ്ടതില്ല. അവ ചെലവേറിയതാണെന്നു മാത്രമല്ല സപ്ലിമെന്റുകൾ പലപ്പോഴും ആരോ​ഗ്യവാന്മാരിൽ നല്ല മാറ്റമുണ്ടാക്കാറില്ലെന്നും വിദ​ഗ്ധർ പറയുന്നു. 

കാൽസിഫെറോൾ എന്നുകൂടി അറിയപ്പെടുന്ന വൈറ്റമിൻ ‍ഡി ചിലഭക്ഷണങ്ങളിലൂടെയും ശരീരത്തിന് ലഭ്യമാകും. കാൽസ്യം, മ​ഗ്നീഷ്യം, ഫോസ്ഫേറ്റ് തുടങ്ങിയവയുടെ ആ​ഗിരണത്തിനുൾപ്പെടെയുള്ള പല പ്രവർത്തനങ്ങളും വൈറ്റമിൻ ഡി അത്യാവശ്യമാണ്. എല്ലിന്റെയും പല്ലിന്റെയും ആരോ​ഗ്യം കാക്കുന്നതിനും പ്രതിരോധശക്തിക്കും മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിനുമൊക്കെ വൈറ്റമിൻ ഡി അത്യാവശ്യമാണ്. സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളിലൂടെയാണ് വൈറ്റമിൻ ഡി പ്രധാനമായും ശരീരത്തിന് ലഭിക്കുന്നത്. 

എന്നാൽ വൈറ്റമിൻ ഡി കുറയുന്നതുമൂലമുള്ള ആരോ​ഗ്യപ്രശ്നം പോലെ തന്നെ പ്രധാനമാണ് കൂടുന്നതും. അപൂർവമായാണെങ്കിലും വൈറ്റമിൻ ഡി കൂടുന്നതും ​ഗൗരവമായി കാണേണ്ട സാഹചര്യമാണ്. വൈറ്റമിൻ ഡി സപ്ലിമെന്റുകൾ കൂടുതൽ കഴിക്കുക വഴി വൈറ്റമിൻ ഡി ടോക്സിസിറ്റി എന്ന സ്ഥിതിവിശേഷമുണ്ടാകും. രക്തത്തിൽ കാൽസ്യത്തിന്റെ നില ഉയരുന്ന ഹൈപ്പർകാൽസീമിയ എന്ന അവസ്ഥയുമുണ്ടാകും. ഇത് ഛർദി, ഓക്കാനം, മലബന്ധം, ക്ഷീണം, ഇടയ്ക്കിടെ മൂത്രമൊഴിക്കുക തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. ചിലരിൽ അൽപംകൂടി ​ഗുരുതരമാവുകയും വ‍ൃക്കയിലെ കല്ല്, തകരാറുകൾ തുടങ്ങിയവയിലേക്കും നയിക്കാം. 

ദീർഘനാളായുള്ള വൈറ്റമിൻ ഡിയുടെ അമിതോപയോ​ഗം മൂലം കാൽസ്യം അമിതമാകുന്നത് ഹൃദയത്തിലും ശ്വാസകോശത്തിലും വൃക്കയിലും രക്തധമനികളിലും കാൽസ്യം അടിയാനിടയാക്കും. ഇത് ഹൃദ്രോ​ഗങ്ങൾ, വൃക്കയിലെ തകരാറുകൾ തുടങ്ങിയവയുമുണ്ടാക്കാം. 

വൈറ്റമിൻ ഡ‍ി കൂടുന്നതുമൂലമുണ്ടാകുന്ന ചില പ്രശ്നങ്ങൾ

ശ്വാസകോശ രോഗങ്ങള്‍

വിറ്റാമിന്‍ ഡി ശരീരത്തില്‍ അധികമായി എത്തിയാല്‍ രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കും. ഇങ്ങനെയുള്ള കാല്‍സ്യം ശ്വാസകോശത്തിലെ കോശങ്ങളില്‍ അടിഞ്ഞുകൂടും. ഇത് നെഞ്ച് വേദന, ചുമ, ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകും.

ദഹനവ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍

കൂടുതല്‍ അളവില്‍ വിറ്റാമിന്‍ ഡി ശരീരത്തില്‍ എത്തുന്നത് ദഹനവ്യവസ്ഥയെ താറുമാറാക്കും. വിശപ്പ് കുറയ്ക്കുകയും ചില സമയങ്ങളില്‍ വയറിളക്കത്തിനും ചിലപ്പോള്‍ മലബന്ധത്തിനും ഇത് വഴിവെക്കാം. ചിലപ്പോള്‍ ഛര്‍ദിയും തലകറക്കവും ഉണ്ടാക്കിയേക്കും. 

മാനസികാരോഗ്യപ്രശ്‌നങ്ങള്‍

ശരീരത്തിലെ പ്രധാന അവയവങ്ങളെ ബാധിക്കുന്നതിന് പുറമെ വിറ്റാമിന്‍ ഡി അധികമാകുന്നത് വിഷാദത്തിന് വഴിവെക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. വിഭ്രാന്തി, മതിഭ്രമം എന്നിവയിലേക്കും നയിച്ചേക്കാമെന്ന് അവര്‍ വ്യക്തമാക്കുന്നു.

വൃക്കകള്‍ തകരാറിലാകുന്നു

വിറ്റാമിന്‍ ഡി അധികമാകുന്നത് വൃക്കകളെയാണ് ഗുരുതരമായി ബാധിക്കുന്നത്. രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ് വര്‍ധിക്കുന്നത് മൂത്രത്തിലൂടെ കൂടുതല്‍ അളവില്‍ ജലം നഷ്ടപ്പെടുന്നതിന് കാരണമാകും. കൂടാതെ, വൃക്കയില്‍ കാല്‍സ്യം അടിഞ്ഞുകൂടാനും ഇടയാക്കും. കാല്‍സ്യം അമിതമാകുന്നത് വൃക്കയിലേക്കുള്ള രക്തക്കുഴലുകള്‍ സങ്കോചിപ്പിക്കും. ഇത് വൃക്കകളുടെ പ്രവര്‍ത്തനം താളം തെറ്റിപ്പിക്കും.