എല്ലുകളുടെ ആരോഗ്യം, പേശികളുടെ ബലം, രോഗപ്രതിരോധശേഷി എന്നിവയിൽ പ്രധാനപങ്കുവഹിക്കുന്ന ഘടകമാണ് വിറ്റാമിൻ‌ ‍ഡി. ശരീരം ഉത്പാദിപ്പിക്കുന്ന ഏക വിറ്റാമിനാണിത്. ചർമം സൂര്യപ്രകാശത്തിന്റെ സഹായത്തോടെയാണ് വിറ്റാമിൻ ‍ഡി ഉത്പാദിപ്പിക്കുന്നത്. വിറ്റാമിൻ ഡിയും അൽഹ്സൈമേഴ്സും തമ്മിൽ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ന്യൂറോളജി എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

To advertise here,

രക്തത്തിലെ വിറ്റാമിൻ ഡിയുടെ കുറവ് മുതിർന്നവരിൽ അൽസ്ഹൈമേഴ്സിനുള്ള സാധ്യത കൂട്ടുമെന്നാണ് പഠനത്തിൽ പറയുന്നത്. വിറ്റാമിൻ ഡി കുറവുള്ളവരിൽ അല്ലാത്തവരെ അപേക്ഷിച്ച് ഡിമെൻഷ്യക്കുള്ള സാധ്യത കൂടുതലാണ്. മിതമായ തോതിൽ വിറ്റാമിൻ ഡി കുറവുള്ളവരിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത 53 ശതമാനം കൂടുതലാണന്ന് കണ്ടെത്തി. ഗുരുതരമായ തോതിൽ വിറ്റാമിൻ ഡി കുറവുള്ളവരിൽ രോഗസാധ്യത 125 ശതമാനമായി കൂടുന്നുമുണ്ട്. സമാനമായി വിറ്റാമിൻ ഡി കുറവുള്ളവരിൽ അൽസ്ഹൈമേഴ്സിനുള്ള സാധ്യത 69 ശതമാനവും ഗുരുതരമായ തോതിൽ കുറഞ്ഞവരിൽ 122 ശതമാനവുമാണെന്ന് കണ്ടെത്തി.

അൽസ്ഹൈമേഴ്സിലേക്ക് നയിക്കുന്ന പ്രധാന ഘടകമല്ല വിറ്റാമിൻ ഡി എന്നും മറിച്ച് രോഗപ്രതിരോധത്തിന് സഹായിക്കുന്ന വിറ്റാമിനാണ് ഇതെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ശരീരത്തിൽ അവശ്യമായ തോതിൽ വിറ്റാമിൻ ഡി ഉണ്ടാകുന്നതിലൂടെ മസ്തിഷ്കാരോഗ്യം മെച്ചപ്പെടുകയും നീർവീക്കത്തിനുള്ള സാധ്യത കുറയുകയും അൽസ്ഹൈമേഴ്സിലേക്ക് നയിക്കുന്ന അമിലോയ്ഡ് എന്ന പ്രോട്ടീൻ അടിയുന്നതിൽ നിന്ന് പ്രതിരോധം നൽകുകയും ചെയ്യും. ആരോഗ്യകരായ രീതിയിൽ ശരീരത്തിൽ വിറ്റാമിൻ ‍ഡി നിലനിർത്തുന്നതിലൂടെ അൽസ്ഹൈമേഴ്സിനെ പ്രതിരോധിക്കാനാവുമെന്നാണ് ഗവേഷകർ കരുതുന്നത്.

വിറ്റാമിൻ ഡി-യുടെ കുറവുണ്ടോ? ലക്ഷണങ്ങൾ പരിശോധിക്കാം

ശരീരത്തിലെ വിറ്റാമിൻ ഡി-യുടെ കുറവ് കാരണം തുടക്കത്തിൽ കാര്യമായ രോഗലക്ഷണങ്ങൾ കാണിക്കണമെന്നില്ല. എന്നാൽ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ അത് നിങ്ങളുടെ ആകെയുള്ള ആരോഗ്യത്തെ ക്രമേണ ബാധിച്ചേക്കാം.

  • ക്ഷീണം അല്ലെങ്കിൽ ഊർജക്കുറവ്
  • എല്ലുകൾക്ക് വേദന അല്ലെങ്കിൽ അസ്വസ്ഥത
  • പേശികൾക്ക് ബലക്കുറവ് അല്ലെങ്കിൽ കോച്ചിപ്പിടുത്തം
  • വിഷാദം ഉൾപ്പെടെയുള്ള മാനസികാവസ്ഥയിലെ മാറ്റങ്ങൾ
  • ഉറങ്ങാനുള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ ഉറക്കക്കുറവ്
  • മുടികൊഴിച്ചിൽ
  • വിശപ്പില്ലായ്മ
  • അടിക്കടിയുണ്ടാകുന്ന അസുഖങ്ങൾ അല്ലെങ്കിൽ അണുബാധകൾ (പ്രതിരോധശേഷി കുറയുന്നത്)
  • മുറിവുകൾ ഉണങ്ങാനുള്ള താമസം
  • വിളറിയ അല്ലെങ്കിൽ അസാധാരണമാംവിധം നിറം മങ്ങിയ ചർമം
  • സെക്കൻഡറി ഹൈപ്പർപാരാതൈറോയിഡിസം(ശരീരം എല്ലുകളിൽ നിന്ന് കാത്സ്യം വലിച്ചെടുക്കുന്ന അവസ്ഥ)
  • എല്ലുകളുടെ ബലക്കുറവ്

ഈ ലക്ഷണങ്ങൾ പലപ്പോഴും മറ്റ് രോഗാവസ്ഥകളുമായി സാമ്യമുള്ളതോ അത്ര പ്രകടമല്ലാത്തതോ ആയതിനാൽ രക്തപരിശോധനയിലൂടെ വിറ്റാമിൻ ഡി-യുടെ അളവ് കുറവുണ്ടെന്ന് സ്ഥിരീകരിക്കുന്നത് വരെ തിരിച്ചറിയാറില്ല. പ്രായക്കൂടുതൽ, അമിതവണ്ണം, കരൾ അല്ലെങ്കിൽ വൃക്ക സംബന്ധമായ രോഗങ്ങൾ, ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ദഹനനാള രോഗങ്ങൾ, പുറത്ത് സൂര്യപ്രകാശം ഏൽക്കുന്നത് കുറയ്ക്കുന്ന ജീവിതശൈലികൾ എന്നിവ ഇതിന്റെ സാധ്യത കൂട്ടുന്നു.

ഭക്ഷണത്തിലൂടെ വിറ്റാമിൻ ഡി

സൂര്യപ്രകാശം ഏൽക്കുമ്പോൾ ചർമം വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുമെങ്കിലും ഭക്ഷണക്രമമാണ് മറ്റൊരു പ്രധാന ഉറവിടം. ചില ഭക്ഷണങ്ങളിൽ സ്വാഭാവികമായി വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്.

സാൽമൺ, അയല, ട്യൂണ, മത്തി, തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ വിറ്റാമിൻ ഡി-യുടെ ഏറ്റവും മികച്ച ഉറവിടങ്ങളാണ്. മുട്ടയുടെ മഞ്ഞക്കരുവിൽ ഇത് മിതമായ അളവിൽ അടങ്ങിയിരിക്കുന്നു, പ്രത്യേകിച്ച് നാടൻ കോഴികളുടെ മുട്ടകളിൽ. ബീഫിന്റെ കരളിലും മത്സ്യ എണ്ണകളിലും (കോഡ് ലിവർ ഓയിൽ പോലുള്ളവ) ഉയർന്ന അളവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്ന കൂണുകളിൽ വിറ്റാമിൻ ഡി2 അടങ്ങിയിട്ടുണ്ട്. ഇത് സസ്യാധിഷ്ഠിതമാണെങ്കിലും ശരീരത്തിന് പ്രയോജനകരമാണ്. പാൽ, ധാന്യങ്ങൾ, ഓറഞ്ച് ജ്യൂസ് എന്നിവ കഴിക്കുന്നത് ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ വിറ്റാമിൻ ഡി ലഭിക്കുന്നത് എളുപ്പമാക്കുന്നു.

അൽസ്ഹൈമേഴ്സിനെക്കുറിച്ച് ചില കാര്യങ്ങൾ

മനുഷ്യമസ്തിഷ്കത്തിന് സംഭവിക്കാവുന്ന ഗുരുതരമായ രോഗാവസ്ഥയാണ് ഡിമൻഷ്യ അഥവാ മറവിരോഗം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്നതുമായ മറവി രോഗം ആണ് അൽസ്ഹൈമേഴ്‌സ്. തലച്ചോറിന്റെ സ്വാഭാവികപ്രവർത്തനങ്ങളെ കാലക്രമേണ മന്ദീഭവിപ്പിക്കുന്ന ഈ രോഗം ശ്രദ്ധേയമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു വർഷങ്ങൾക്കുമുമ്പുതന്നെ തലച്ചോറിനെ നശിപ്പിക്കാൻ തുടങ്ങുന്നു.

നിർഭാഗ്യവശാൽ ഈ അസുഖത്തെ പൂർണമായും ഭേദമാക്കുന്ന ചികിത്സകളൊന്നും നിലവിലില്ല. മാത്രമല്ല പ്രത്യക്ഷമായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴേക്കും മിക്ക ചികിത്സകളും ഫലപ്രദമല്ലാതായി മാറുന്നു.

അൽസ്ഹൈമേഴ്‌സ് രോഗത്തിന്റെ മൂലകാരണങ്ങൾ ഇന്ന്‌ പഠനവിധേയമാണെങ്കിലും മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളിൽ അമിലോയിഡ്-ബീ, ടൗ തുടങ്ങിയ പ്രോട്ടീനുകൾ കുന്നുകൂടുന്നതും തുടർന്നുള്ള ചില രാസപ്രവർത്തനങ്ങൾ തലച്ചോറിലെ നാഡീകോശങ്ങളെ പ്രതികൂലമായി ബാധിക്കുന്നതുമാണ് രോഗാവസ്ഥയിലേക്ക് എത്തിക്കുന്നതെന്നത് ഏറക്കുറെ വ്യക്തമാണ്. പക്ഷേ, ഈ പ്രോട്ടീനുകളുടെ കുന്നുകൂടലിലേക്കും തുടർന്നുള്ള വ്യത്യസ്ത രാസപ്രവർത്തനങ്ങളിലേക്കും നയിക്കുന്നത്‌ ആയിരക്കണക്കിന് സന്ദേശവാഹകരായ പ്രോട്ടീനുകളുടെ പ്രവർത്തന ഫലമായാണ്.

ഇത്തരം പല പ്രോട്ടീനുകളെയും ലക്ഷ്യമിട്ട്‌ കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളായി അൽസ്ഹൈമേഴ്‌സ് രോഗത്തിനുള്ള മരുന്നുകൾ വികസിപ്പിച്ചെടുക്കാൻ ഒട്ടേറെ പഠനങ്ങൾ നടന്നുവരുന്നുണ്ടെങ്കിലും രോഗലക്ഷണങ്ങളെ മാത്രം നിയന്ത്രണത്തിലാക്കാൻ കഴിവുള്ള വളരെ കുറച്ചെണ്ണം മാത്രമേ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളൂ. പക്ഷേ, ഈ ചികിത്സകൾ ഒക്കെത്തന്നെ അൽസ്ഹൈമേഴ്‌സിന്റെ ലക്ഷണങ്ങളെ മാത്രമേ ചികിത്സിക്കുന്നുള്ളൂ. അവ രോഗം ഭേദമാക്കുകയോ തടയുകയോ ചെയ്യുന്നില്ല.