രീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വിറ്റാമിൻ ഡി അത്യന്താപേക്ഷിതമാണ്. സൂര്യപ്രകാശത്തിന്റെ സഹായത്തോടെ ചർമം ഇത്പാദിപ്പിക്കുന്ന വിറ്റാമിനാണിത്. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം മാത്രമല്ല പ്രതിരോധസംവിധാനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം കാക്കാനുമൊക്കെ വിറ്റാമിൻ ഡി അനിവാര്യമാണ്. ഇപ്പോഴിതാ സ്തനാർബുദ ചികിത്സയിലും വിറ്റാമിൻ ഡിയുടെ പങ്ക് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. വിറ്റാമിൻ ‍ഡി ആവശ്യത്തിനനുസരിച്ച് ശരീരത്തിലുണ്ടാകുന്നത് കീമോതെറാപ്പി ചികിത്സയെ ഫലപ്രദമാക്കുമെന്ന് പറയുകയാണ് ഗവേഷകർ.

To advertise here,

ബ്രസീലിൽ നിന്നുള്ള ഗവേഷകരാണ് ഈ കണ്ടെത്തലിനുപിന്നിൽ. സാവോ പോളോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. നാൽപ്പത്തിയഞ്ച് വയസ്സിനുമുകളിൽ പ്രായമുള്ള 80 സ്ത്രീകളുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കാളികളായവർ രണ്ടുഗ്രൂപ്പുകളായി തിരിയുകയും ഒരുവിഭാഗത്തിന് വൈറ്റമിൻ ഡിയുടെ ഡോസ് നൽകുകയും ചെയ്തു. സർജറിക്കുമുമ്പ് ട്യൂമറുകൾ ചുരുങ്ങാനുള്ള കീമോതെറാപ്പിയിലൂടെ കടന്നുപോവുന്ന സ്ത്രീകളായിരുന്നു അവർ.

ആറുമാസങ്ങൾക്കുശേഷം രണ്ട് ഗ്രൂപ്പിനേയും പരിശോധിച്ചപ്പോൾ വിറ്റാമിൻ ‍ഡി സ്വീകരിച്ചവരിൽ കീമോതെറാപ്പിക്കുശേഷമുള്ള കാൻസർ മുക്തിയുടെ തോത് 43 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി. അണുബാധകളെയും രോഗങ്ങളെയും പ്രതിരോധിക്കുന്നതിൽ പ്രധാനപങ്കുള്ള വിറ്റാമിൻ ഡി കാൻസർ പ്രതിരോധത്തിലും സഹായിക്കുന്നുവെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. കാൻസർ ചികിത്സാരംഗത്ത് വിറ്റാമിൻ ഡിയുടെ പങ്ക് വ്യക്തമാക്കുന്നതാണ് പഠനമെങ്കിലും ഈ മേഖലയിൽ കൂടുതൽ വിപുലമായ ഗവേഷണങ്ങൾ വരേണ്ടതുണ്ടെന്നും പഠനത്തിൽ പറയുന്നുണ്ട്.

വിറ്റാമിൻ ഡി-യുടെ കുറവുണ്ടോ? ലക്ഷണങ്ങൾ പരിശോധിക്കാം

ശരീരത്തിലെ വിറ്റാമിൻ ഡി-യുടെ കുറവ് കാരണം തുടക്കത്തിൽ കാര്യമായ രോഗലക്ഷണങ്ങൾ കാണിക്കണമെന്നില്ല. എന്നാൽ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ അത് നിങ്ങളുടെ ആകെയുള്ള ആരോഗ്യത്തെ ക്രമേണ ബാധിച്ചേക്കാം.

  • ക്ഷീണം അല്ലെങ്കിൽ ഊർജക്കുറവ്
  • എല്ലുകൾക്ക് വേദന അല്ലെങ്കിൽ അസ്വസ്ഥത
  • പേശികൾക്ക് ബലക്കുറവ് അല്ലെങ്കിൽ കോച്ചിപ്പിടുത്തം
  • വിഷാദം ഉൾപ്പെടെയുള്ള മാനസികാവസ്ഥയിലെ മാറ്റങ്ങൾ
  • ഉറങ്ങാനുള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ ഉറക്കക്കുറവ്
  • മുടികൊഴിച്ചിൽ
  • വിശപ്പില്ലായ്മ
  • അടിക്കടിയുണ്ടാകുന്ന അസുഖങ്ങൾ അല്ലെങ്കിൽ അണുബാധകൾ (പ്രതിരോധശേഷി കുറയുന്നത്)
  • മുറിവുകൾ ഉണങ്ങാനുള്ള താമസം
  • വിളറിയ അല്ലെങ്കിൽ അസാധാരണമാംവിധം നിറം മങ്ങിയ ചർമം
  • സെക്കൻഡറി ഹൈപ്പർപാരാതൈറോയിഡിസം(ശരീരം എല്ലുകളിൽ നിന്ന് കാത്സ്യം വലിച്ചെടുക്കുന്ന അവസ്ഥ)
  • എല്ലുകളുടെ ബലക്കുറവ്

ഈ ലക്ഷണങ്ങൾ പലപ്പോഴും മറ്റ് രോഗാവസ്ഥകളുമായി സാമ്യമുള്ളതോ അത്ര പ്രകടമല്ലാത്തതോ ആയതിനാൽ രക്തപരിശോധനയിലൂടെ വിറ്റാമിൻ ഡി-യുടെ അളവ് കുറവുണ്ടെന്ന് സ്ഥിരീകരിക്കുന്നത് വരെ തിരിച്ചറിയാറില്ല. പ്രായക്കൂടുതൽ, അമിതവണ്ണം, കരൾ അല്ലെങ്കിൽ വൃക്ക സംബന്ധമായ രോഗങ്ങൾ, ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ദഹനനാള രോഗങ്ങൾ, പുറത്ത് സൂര്യപ്രകാശം ഏൽക്കുന്നത് കുറയ്ക്കുന്ന ജീവിതശൈലികൾ എന്നിവ ഇതിന്റെ സാധ്യത കൂട്ടുന്നു.

ഭക്ഷണത്തിലൂടെ വിറ്റാമിൻ ഡി

  • സൂര്യപ്രകാശം ഏൽക്കുമ്പോൾ ചർമം വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുമെങ്കിലും ഭക്ഷണക്രമമാണ് മറ്റൊരു പ്രധാന ഉറവിടം. ചില ഭക്ഷണങ്ങളിൽ സ്വാഭാവികമായി വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്.
  • സാൽമൺ, അയല, ട്യൂണ, മത്തി, തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ വിറ്റാമിൻ ഡി-യുടെ ഏറ്റവും മികച്ച ഉറവിടങ്ങളാണ്. മുട്ടയുടെ മഞ്ഞക്കരുവിൽ ഇത് മിതമായ അളവിൽ അടങ്ങിയിരിക്കുന്നു, പ്രത്യേകിച്ച് നാടൻ കോഴികളുടെ മുട്ടകളിൽ. ബീഫിന്റെ കരളിലും മത്സ്യ എണ്ണകളിലും (കോഡ് ലിവർ ഓയിൽ പോലുള്ളവ) ഉയർന്ന അളവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.
  • അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്ന കൂണുകളിൽ വിറ്റാമിൻ ഡി2 അടങ്ങിയിട്ടുണ്ട്. ഇത് സസ്യാധിഷ്ഠിതമാണെങ്കിലും ശരീരത്തിന് പ്രയോജനകരമാണ്. പാൽ, ധാന്യങ്ങൾ, ഓറഞ്ച് ജ്യൂസ് എന്നിവ കഴിക്കുന്നത് ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ വിറ്റാമിൻ ഡി ലഭിക്കുന്നത് എളുപ്പമാക്കുന്നു.