യു.കെ.യിലെ രണ്ട് ഡയറി ഫാമുകളിൽ ഷാമോണ്ട വൈറസ് ബാധ സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിലെ ഷ്രോപ്ഷെയറിലും വെയിൽസിലെ പൊവിസിലുമുള്ള രണ്ട് ഡയറി ഫാമുകളിലെ കന്നുകാലികളിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച കന്നുകാലികളിൽ പനി, തീവ്രമായ വയറിളക്കം, തളർച്ച, പാലുൽപാദനത്തിൽ പെട്ടെന്നുള്ള കുറവ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാണ്.

To advertise here,

ഈ വൈറസ് റിപ്പോർട്ട് ചെയ്യപ്പെടേണ്ടതല്ലെന്നും രോഗനിയന്ത്രണ നടപടികൾ കൈക്കൊള്ളേണ്ട സാഹചര്യം നിലവിലില്ലെന്നും യു.കെ.യിലെ ആനിമൽ & പ്ലാന്റ് ഹെൽത്ത് ഏജൻസി വ്യക്തമാക്കി.

2026 ഒക്ടോബറിൽ ലോകത്താദ്യമായി ഫ്രാൻസിൽ ഒരു മനുഷ്യനിൽ രോഗം സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധയുള്ള മൃഗങ്ങൾ ഉള്ള പ്രദേശത്തായിരുന്നു രോഗി കഴിഞ്ഞിരുന്നതെന്നും രോഗപ്രതിരോധശേഷി കുറഞ്ഞനിലയിലായിരുന്നുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.

എന്താണ് ഷാമോണ്ട വൈറസ്?

കന്നുകാലികൾ, ആടുകൾ, കുതിരകൾ തുടങ്ങിയ മൃഗങ്ങളെയാണ് ഷാമോണ്ട വൈറസ് പ്രധാനമായും ബാധിക്കുന്നത്. കുലിക്കോയിഡ്‌സ് എന്ന ഒരിനം ഈച്ചകളുടെ കടിയിലൂടെയാണ് ഇത് പടരുന്നത് എന്നാണ് കരുതുന്നത്. ഇതുവരെ മൃഗങ്ങളിൽ മാത്രമാണ് ഈ വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്.

രോഗബാധിതരായ മൃഗങ്ങളിൽ വയറിളക്കം, വിശപ്പില്ലായ്മ, പാലുത്പാദനത്തിൽ കുറവ് എന്നിവയ്ക്കു കാരണമാകും. സ്വിറ്റ്‌സർലൻഡിലും ജർമനിയിലും, നാഡീവ്യൂഹവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ മൂലം ചത്ത കുതിരകളുടെ മസ്തിഷ്കത്തിലും ഷാമോണ്ട വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസ് മനുഷ്യരിൽ എന്തെല്ലാം ലക്ഷണങ്ങളാണ് ഉണ്ടാക്കുന്നതെന്നതു സംബന്ധിച്ച് വ്യക്തതയില്ല.