മകൾ ഇഷയ്ക്ക് ബൈപോളാർ ഡിസോർഡർ സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് സംവിധായകനും നിർമാതാവുമായ വിധു വിനോദ് ചോപ്ര. 'ഫൈൻഡിങ് ഓർഡർ ഇൻ ഡിസോർഡർ' എന്ന ഇഷയുടെ ഓർമക്കുറിപ്പുകളുടെ സമാഹരണം പുറത്തിറക്കിയതിനുപിന്നാലെയാണ് വിധു വിനോദ് ചോപ്ര മകളേക്കുറിച്ച് സംസാരിച്ചത്. ബൈപോളാർ ഡിസോർഡറുമായുള്ള പോരാട്ടത്തിനിടെയുണ്ടായ അനുഭവങ്ങളാണ് ഇഷ പുസ്തകരൂപത്തിൽ പുറത്തിറക്കിയത്.
മകൾക്ക് ബൈപോളാർ ഡിസോർഡറാണെന്ന് ആദ്യം അറിഞ്ഞപ്പോൾ ഞെട്ടലായിരുന്നുവെന്ന് വിധു വിനോദ് ചോപ്ര പറഞ്ഞു. മകളെ സമ്മർദം കൈകാര്യം ചെയ്യാൻ സഹായിക്കലായിരുന്നു തന്റെ ഉത്തരവാദിത്തം. പരിചരിക്കുന്നയാൾ ആദ്യം ചെയ്യേണ്ട കാര്യവും അതുതന്നെയാണ്. മകളുടെ അനുഭവങ്ങൾ പലർക്കും സഹായകമാകും എന്നോർത്താണ് പുസ്തകരൂപത്തിൽ പുറത്തിറക്കാൻ നിർദേശിച്ചതെന്നും വിധു വിനോദ് ചോപ്ര പറഞ്ഞു.
പലർക്കും ജീവിതത്തിൽ സമ്മർദങ്ങളിലൂടെ കടന്നുപോകുമ്പോൾ മാനസികസമ്മർദം നേരിടാം. എന്നാൽ അവരാരും അതംഗീകരിക്കില്ല. മകളുടെ മാനസികാരോഗ്യ പ്രശ്നത്തേക്കുറിച്ച് അറിഞ്ഞപ്പോൾത്തന്നെ കുടുംബഡോക്ടറെ വിളിച്ചു. അദ്ദേഹമാണ് ബൈപോളാർ ഡിസോർഡറാണെന്ന് സ്ഥിരീകരിച്ചത്. അന്നാണ് ഈ അവസ്ഥയേക്കുറിച്ചുള്ള ആദ്യപാഠം മനസ്സിലാക്കുന്നത്. കുടുംബമൊട്ടാകെയാണ് ഈ പ്രശ്നത്തെ നേരിടേണ്ടതേന്ന് തിരിച്ചറിയുകയുണ്ടായെന്നും വിധു വിനോദ് ചോപ്ര പറഞ്ഞു.
ബൈപോളാർ ഡിസോർഡർ
ബൈപോളാറുള്ള വ്യക്തികൾക്ക് പൊതുവെ മാനിയ (ഉന്മാദരോഗാവസ്ഥ), ഡിപ്രഷൻ (വിഷാദരോഗം) എന്നീ രണ്ട് അവസ്ഥകളാണുണ്ടാവുക. ഉന്മാദരോഗാവസ്ഥയുടെ സമയത്ത് വ്യക്തിക്ക് അത്യധികമായ സന്തോഷവും വളരെ എനർജിയുമാണുണ്ടാവുക. ഇത് ആഴ്ചകൾ നീണ്ടുനിൽക്കാം. നിർത്താതെയുള്ള സംസാരം, അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവാക്കൽ, ഒരേ സമയത്ത് കൂടുതൽ കാര്യങ്ങൾ ചെയ്യുന്നത് പോലുള്ള പ്രവൃത്തികൾ തുടങ്ങി വളരെ ആക്ടീവായിരിക്കും ഈസമയത്ത്. എന്തിനേറെ രാത്രി ഉറക്കം പോലും നഷ്ടപ്പെടുന്ന തരത്തിലാവും ഇവരുടെ മാനസിക ഊർജം. നോർമലായി ഇരിക്കുന്ന സമയത്ത് സംസാരിക്കാനും തുറന്നു പറയാനും മടിക്കുന്ന പല കാര്യങ്ങളെപ്പറ്റിയും ഇവർ വാചാലരാകും. ചിലർക്ക് മാനിയ ഘട്ടം വളരെ ദേഷ്യം വരുന്നതാണ്. അത്യധികം ദേഷ്യത്തോടെ ചുറ്റുമുള്ളവരോട് പെരുമാറുന്നതും കാണാം.
ഇതിനു നേരെമറിച്ചാണ് വിഷാദാവസ്ഥ അല്ലെങ്കിൽ ലോ ഫെയ്സ്. എന്തിനാണ് സങ്കടപ്പെടുന്നതെന്ന് പോലും ഇവർക്ക് മനസിലാകണമെന്നില്ല. ഈ ഘട്ടവും മാസങ്ങളോ അല്ലെങ്കിൽ ആഴ്ചകളോ നീണ്ടു നിൽക്കാം. കാരണമില്ലാതെ എപ്പോഴും കരയുന്നതും ഇതിന്റെ ഭാഗമാണ്. പണ്ട് ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നതും സന്തോഷം കണ്ടെത്തിയിരുന്നതുമായ കാര്യങ്ങൾ പഴയത് പോലെ ആസ്വദിക്കാൻ തോന്നുകയില്ല. വളരെ പെട്ടെന്ന് ക്ഷീണിച്ച് എപ്പോഴും ഉറങ്ങണമെന്ന ചിന്ത മടിയെന്ന കുഴിയിൽ തള്ളിയിടും. അല്ലെങ്കിൽ ഉറക്കം ഇല്ലാത്ത അവസ്ഥയുമുണ്ടാകാം. ദൈനംദിന പ്രവൃത്തികളിൽ പോലും ശ്രദ്ധ ചെലുത്താതെ ആത്മവിശ്വാസം നഷ്ടപ്പെട്ട് ആത്മഹത്യാചിന്ത വരെയുണ്ടാകാം.
Content Highlights: vidhu vinod chopra talks about daughter isha battle with bipolar disorder
Published: 01 Sept 2024, 02:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented