ഏതാണ് ശരിയെന്നെറിയില്ല. ഏത് വികാരമാണ് സത്യമെന്നെറിയില്ല.. ചിലപ്പോൾ ഏകാന്തതയിൽ സ്വയം തളച്ചിടപ്പെടുന്ന പറവ..  ചിലപ്പോൾ കെട്ടുകൾ പൊട്ടിച്ച് കുത്തിയൊഴുകുന്ന നദി.. പലപ്പോഴും എല്ലാം അവസാനിപ്പിച്ച് ശാന്തമാകാനുള്ള കടുത്ത വികാരം.. എന്താണിത്..? ഇത്തരം മാനോവികാരങ്ങളിൽ കടന്നുപോയവർക്കറിയാം ബൈപോളാർ എന്ന, മനസ്സിനെ പിടിച്ചുകുലുക്കുന്ന, വില്ലനെ. ബൈപോളാർ രോഗികൾ അനുഭവിക്കുന്ന മാനസികസംഘർഷങ്ങൾ വാക്കുകളിൽ ഒതുക്കാവുന്നതല്ല. മാർച്ച് 30 ലോക ബൈപോളാർ ദിനം. ഒരിക്കലെങ്കിലും ബൈപോളാർ ഡിസോർഡറിനെ പറ്റി കേൾക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. അറിയുന്നതുപോലെ അത്ര എളുപ്പമല്ല ബൈപോളാറുള്ള വ്യക്തികളുടെ യാത്ര. സാധാരണയായി പോകേണ്ട ജീവിതത്തെ മൊത്തത്തിൽ പിടിച്ചുകുലുക്കാനുള്ള കെൽപ്പ് ഇവയ്ക്കുണ്ട്. സിനിമയിലും പുസ്തകങ്ങളിലും അറിഞ്ഞ ഈ ഡിസോർഡർ മനസിലാക്കാൻ അത്ര എളുപ്പമല്ല. കല്ലിലും മുള്ളിലുമാണ് കടന്നു പോകുന്നത് എന്നറിഞ്ഞിട്ടും യാത്ര ചെയ്യുന്നവരും ഈ യാതനകൾ വേണ്ടെന്ന് തീരുമാനിച്ച് ജീവനെടുക്കുന്നവരും ബൈപോളാർ യാത്രയിൽ കൂടുതലാണ്. നിർഭാഗ്യവശാൽ ബൈപോളാറിനെ മൂഡ് സ്വിങ്‌സിന്റെ ചങ്ങലയിൽ തളച്ചിടുമ്പോൾ സംഭവിക്കുന്നത് വളരെ വലിയ അനർഥങ്ങളാണ്.

To advertise here,

സന്തോഷഭരിതമായ പ്രസാദാത്മകതയും നിരാശാഭരിതമായ നിഷേധവും - വിസ്മയകരമായ ഈ രണ്ട് വൈദ്യുത പ്രവാഹങ്ങളാണ് എന്റെ ജീവിതത്തെ നയിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്. -ഈ നിമിഷം ഇതിൽ ഏതാണോ എന്നിൽ മുന്നിട്ടു നിൽക്കുന്നത്, അത് എന്നെ കീഴടക്കുന്നു; മുക്കിക്കളയുന്നു പ്രശസ്ത അമേരിക്കൻ കവിയത്രിയും നോവലിസ്റ്റുമായ സിൽവിയ പ്ലാതിന്റെ വരികളാണിത്. ഇത് തന്നെയാണ് ബൈപോളാറിനെ വിശേഷിപ്പിക്കാവുന്ന ഏറ്റവും അർഥവത്തായ വരികൾ. സിൽവിയ മാനസിക ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയിരുന്നത് ഏവർക്കും അറിയാം. അതിനെ ബൈപോളാർ എന്ന് ഡോക്ടർമാർ മുഴുവനായും വിലയിരുത്തപ്പെടാത്തത് കൊണ്ടുതന്നെ മതിയായ തെളിവുകളില്ല. എന്നിരുന്നാലും തന്റെ എഴുത്തിലൂടെ സിൽവിയ ലോകത്തോട് വിളിച്ച് പറഞ്ഞിരുന്നു. സിൽവിയയുടെ ഈ വരികളെ കൂട്ടു പിടിച്ചുകൊണ്ട് ബൈപോളാർ എന്തെന്ന് വിലയിരുത്താം.

എന്താണ്  ബൈപോളാർ അഫക്റ്റീവ് ഡിസോർഡർ?

ആ രോഗിയെ പോലിസുകാർ കൊണ്ടുവന്നത് മുതൽ കാണുന്നത് - നിർത്താതെയുള്ള സംസാരം, കൂടാതെ  വളരെയധികം സന്തോഷവാനായി  കാണപ്പെട്ടു, സംസാരത്തിൽ അയാൾ  വലിയ ഒരു പൊസിഷനിൽ ഇരിക്കുന്നത് ആളായിട്ടാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്, എന്തൊക്കെയോ കഴിവുകൾ ഉണ്ടത്രേ, രണ്ടു മൂന്നു  ദിവസമായിക്കാണണം. കുളിച്ചിട്ടില്ലെന്ന് തോന്നുന്നു. എതിർത്ത് സംസാരിച്ചവരോട് കയർക്കുന്നു. ഭക്ഷണം വേണ്ടെന്നു പറയുന്നു. സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ ഇയാൾ  സംസ്ഥാന പോലീസ് മേധാവി ആണെന്ന് പറഞ്ഞുകോണ്ടാണ് ട്രാഫിക് പോലിസിനെ അടിച്ചോടിക്കാൻ ശ്രമിച്ചതും ട്രാഫിക് നിയന്ത്രിക്കാൻ ശ്രമിച്ചതും. പോലിസുകാരെത്തി ബലപ്രയോഗത്തിലൂടെയാണ് ആശുപത്രിയിൽ എത്തിച്ചത്... കൂടുതൽ വിവരങ്ങൾ കുടുംബവുമായി ബന്ധപ്പെട്ടപ്പോൾ കിട്ടി. ഏതാണ്ട് ഒന്ന് രണ്ടാഴ്ചയായി പ്രശ്‌നങ്ങൾ  ആണത്രേ. ഉറക്കമില്ല. വളരെയധികം സന്തോഷവും പെട്ടെന്ന് ദേഷ്യവും. ഭക്ഷണം ഇല്ലെങ്കിലും പ്രശ്‌നമില്ല.  ക്ഷീണം ഇല്ല. വളരെയധികം പണം ചെലവഴിക്കുന്നു, ലൈംഗിക കാര്യങ്ങളിൽ വളരെയധികം താല്പര്യം തുടങ്ങിയ പ്രശ്‌നങ്ങൾ.... ​ഡോക്ടർക്കു മനസ്സിലായി.. ഇപ്പോൾ ഇയാൾക്ക് ഉന്മാദരോഗാവസ്ഥയാണ്.

ഭാര്യ പറഞ്ഞതിങ്ങനെയാണ്:- ഇദ്ദേഹം ഏതാണ്ട് ഒരു വർഷം മുൻപ് ആഴ്ചകളോളം  ആരോടും സംസാരിക്കാതെ, ഒരു മുറിയിൽ തന്നെ കഴിയാനും ജോലിക്കു പോകാതെ വീട്ടിലിരിക്കാനും തുടങ്ങി. എപ്പോഴും സങ്കടവും ചിലപ്പോൾ ആരും കാണാതെ കരച്ചിലും. വിശപ്പില്ലെന്നു പറഞ്ഞ് ഭക്ഷണം കഴിക്കുന്നത് കുറഞ്ഞു, കുളിക്കാനോ ദൈനംദിന കാര്യങ്ങൾ ചെയ്യാനോ തീരെ താൽപര്യമില്ല, ലൈംഗിക കാര്യങ്ങളിൽ വിരക്തി, മരണത്തെപ്പറ്റി സംസാരം, അങ്ങനെ ഒരിക്കൽ  ആത്മഹത്യാശ്രമം നടത്തുകയും വീട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഒടുവിലാണ് ഇയാൾക്ക് കടുത്ത വിഷാദരോഗം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞത്. രണ്ടാഴ്ചത്തെ ആശുപത്രിവാസത്തിനു ശേഷം കുറച്ചു മാസങ്ങൾ മരുന്നുകൾ മുടക്കാതെ കഴിച്ചു. പൂർവസ്ഥിതിയിൽ എത്തിയതിനാൽ സ്വന്തം ഇഷ്ടപ്രകാരം മരുന്നുകൾ  നിർത്തുകയായിരുന്നു.  

കുറച്ചുനാളുകൾക്കു മുൻപ് ജോലിയിൽ ഒരുപാട് പ്രശ്നങ്ങളുണ്ടെന്നു പറയുന്നുണ്ടായിരുന്നു. മെല്ലെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു  തുടങ്ങിയപ്പോൾ വീട്ടുകാർക്ക് കാര്യം മനസ്സിലായില്ല. ജോലിയുടെ സമ്മർദം ആണെന്ന് കരുതി. ഇത്രയും കേട്ടതോടെ ചികിത്സാടീമിന് കാര്യങ്ങൾ വ്യക്തമായി.  ഇദ്ദേഹത്തിന് ബൈപോളാർ അഫക്റ്റീവ് ഡിസോർഡറാണ്. 

ബൈപോളാറുള്ള വ്യക്തികൾക്ക് പൊതുവെ  മാനിയ (ഉന്മാദരോഗാവസ്ഥ), ഡിപ്രഷൻ (വിഷാദരോഗം) എന്നീ രണ്ട് അവസ്ഥകളാണുണ്ടാവുക. ഉന്മാദരോഗാവസ്ഥയുടെ  സമയത്ത് വ്യക്തിക്ക് അത്യധികമായ സന്തോഷവും വളരെ എനർജിയുമാണുണ്ടാവുക. ഇത് ആഴ്ചകൾ നീണ്ടുനിൽക്കാം. നിർത്താതെയുള്ള സംസാരം,  അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവാക്കൽ, ഒരേ സമയത്ത് കൂടുതൽ കാര്യങ്ങൾ ചെയ്യുന്നത് പോലുള്ള പ്രവൃത്തികൾ തുടങ്ങി വളരെ ആക്ടീവായിരിക്കും ഈസമയത്ത്. എന്തിനേറെ രാത്രി ഉറക്കം പോലും നഷ്ടപ്പെടുന്ന തരത്തിലാവും ഇവരുടെ മാനസിക ഊർജം. നോർമലായി ഇരിക്കുന്ന സമയത്ത് സംസാരിക്കാനും തുറന്നു പറയാനും മടിക്കുന്ന പല കാര്യങ്ങളെപ്പറ്റിയും ഇവർ വാചാലരാകും. ചിലർക്ക് മാനിയ ഘട്ടം വളരെ ദേഷ്യം വരുന്നതാണ്. അത്യധികം ദേഷ്യത്തോടെ ചുറ്റുമുള്ളവരോട് പെരുമാറുന്നതും കാണാം.

ഇതിനു നേരെമറിച്ചാണ് വിഷാദാവസ്ഥ അല്ലെങ്കിൽ ലോ ഫെയ്​സ്. എന്തിനാണ് സങ്കടപ്പെടുന്നതെന്ന് പോലും ഇവർക്ക് മനസിലാകണമെന്നില്ല. ഈ ഘട്ടവും മാസങ്ങളോ അല്ലെങ്കിൽ ആഴ്ചകളോ നീണ്ടു നിൽക്കാം. കാരണമില്ലാതെ എപ്പോഴും കരയുന്നതും ഇതിന്റെ ഭാഗമാണ്. പണ്ട് ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നതും സന്തോഷം കണ്ടെത്തിയിരുന്നതുമായ കാര്യങ്ങൾ പഴയത് പോലെ ആസ്വദിക്കാൻ തോന്നുകയില്ല. വളരെ പെട്ടെന്ന് ക്ഷീണിച്ച് എപ്പോഴും ഉറങ്ങണമെന്ന ചിന്ത മടിയെന്ന കുഴിയിൽ തള്ളിയിടും. അല്ലെങ്കിൽ ഉറക്കം ഇല്ലാത്ത അവസ്ഥയുമുണ്ടാകാം. ദൈനംദിന പ്രവൃത്തികളിൽ പോലും ശ്രദ്ധ ചെലുത്താതെ ആത്മവിശ്വാസം നഷ്ടപ്പെട്ട് ആത്മഹത്യാചിന്ത വരെയുണ്ടാകാം.

ആവർത്തനാസ്വഭാവമുള്ള രോഗമാണ് ബൈപോളാർ അഫക്റ്റീവ് ഡിസോർഡർ. ഒരു തവണ അസുഖം വന്നു ഭേദമായാൽ വീണ്ടും മാസങ്ങളോ  ചിലപ്പോൾ വർഷങ്ങളോ കഴിഞ്ഞാൽ വീണ്ടും വരാനുള്ള സാധ്യത ഉണ്ട്. വ്യത്യസ്ത തീവ്രതയിലാണ് ബൈപോളാർ എപിസോഡുകളുണ്ടാവുക. വടക്കുംനാഥൻ സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രത്തെയും ത്രീ എന്ന ചിത്രത്തിൽ ധനുഷിന്റെ കഥാപാത്രത്തെയും എടുക്കാം. രണ്ട് പേർക്കുമുള്ളത് ബൈപോളാർ ഡിസോർഡർ തന്നെയാണ്. എന്നിരുന്നാലും ഓരോന്നിന്റെയും തീവ്രത വ്യത്യാസപ്പെട്ടിരിക്കുന്നു. ധനുഷിന്റേത് വളരെ കൂടിയ ഉന്മാത വിഷാദ രോഗമാണെങ്കിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റേത് അത്ര തീവ്രമല്ല. 

കാരണങ്ങൾ

ബൈപോളാർ ഡിസോർഡറുണ്ടാകാനുള്ള പ്രധാന കാരണങ്ങളറിയാൻ ഇപ്പോഴും ഗവേഷണങ്ങൾ നടക്കുന്നു. ഒരു കൂട്ടം കാര്യങ്ങളാണ് ഇതുണ്ടാകാൻ കാരാണമെന്ന് പറയപ്പെടുന്നു. തലച്ചോറിന്റെ പ്രവർത്തനത്തിലെ ചില വ്യതിയാനകൾ ഇതിന് കാരണമാകാം. നേർവ് സെൽ ഇത്പാദിക്കുന്ന കെമിക്കലുകളിലെ അഥവ ന്യൂറോട്രാൻസ്മിറ്ററുകളിലെ മാറ്റങ്ങളാകാം. അതുകൊണ്ട് തന്നെ വ്യക്തികളിലെ പെരുമാറ്റത്തിൽ ഇവ വളരെ മാറ്റങ്ങൾ കൊണ്ടു വരുന്നു. നമുക്കെല്ലാവർക്കുമുള്ളത് വ്യത്യസ്ത ജനിതകമായ ഘടകങ്ങളാണ്. തലച്ചോറിലെ മാറ്റങ്ങൾ ഇവ മൂലമുണ്ടാകാൻ സാധ്യതയുണ്ട്. മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന വ്യത്യസ്ത ജീനുകളാണ് എല്ലാവരിലും അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ വ്യക്തികൾക്ക് വരാനുള്ള സാഹചര്യങ്ങൾ വലുതാണ്. എന്നിരുന്നാലും എല്ലാവരുടെയും കേസിൽ ഇങ്ങനെ സംഭവിക്കണമെന്നും നിർബന്ധമില്ല. കാരണം ബൈപോളാർ ഡിസോർഡറുള്ള പല വ്യക്തികളുടെയും കുടുംബത്തിൽ ഒരാൾക്ക് പോലും ഇത് ഉണ്ടായതായില്ലാത്ത സാഹചര്യങ്ങളുണ്ട്. സ്ട്രെസ്സും ഉറക്കക്കുറവും ഇതിലേക്ക് വഴിവെക്കാറുണ്ട്. പരീക്ഷകൾ, ബന്ധങ്ങളിലെ ബുദ്ധിമുട്ടുകൾ, കുടുംബ പ്രശ്നം, സാമ്പത്തിക പ്രശ്നം, ജോലിയിലെ പ്രശ്നം എന്നിങ്ങനെ സ്ട്രെസ്സ് വരത്തുന്നതെന്തുമാകാം. എന്നിരുന്നാലും ഒരു തരി സ്ട്രെസ്  ഇല്ലാതെയും ബൈപോളാറിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നവരാണ് അധികവും. 

ചികിത്സ

ഉന്മാദ-വിഷാദ രോഗത്തിന് നിർദ്ദേശിക്കുന്ന മരുന്ന് മൂഡ് സ്റ്റെബിലൈസറാണ്. ഇത് ഉന്മാദം, അല്ലെങ്കിൽ വിഷാദം എന്ന അവസ്ഥയികളിലേയ്ക്ക് മാറി മാറി പോകാതെ നോർമലായിരിക്കാൻ സഹായിക്കും. കൂടാതെ ചിലപ്പോൾ ആന്റി സൈക്കോട്ടിക്ക് മരുന്നുകളും നൽകാറുണ്ട്. ആവശ്യമെങ്കിൽ ഇലക്ട്രോ കൺവൽസിവ് തെറാപ്പിയും (ECT) ഉപയോഗിക്കും.  ഇന്റർപേഴ്സണൽ സോഷ്യൽ റിഥം തെറാപ്പി, കോഗ്‌നിറ്റീവ് ബിഹേവിയറൽ തെറാപ്പി എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കിലും ബൈപോളാറിന് മരുന്നിലൂടെ തന്നെയാണ് ആദ്യ ചികിത്സ. ഗുരുതരമായ രോഗലക്ഷണങ്ങൾ കുറഞ്ഞാൽ മാത്രമാണ് സൈക്കോതെറാപ്പി നൽകാൻ തുടങ്ങുന്നത്. രോഗിക്കും കുടുംബാഗങ്ങൾക്കും സൈക്കോ എജ്യൂക്കേഷൻ (രോഗത്തെപ്പറ്റിയുള്ള വിശദമായ അറിവ് നൽകൽ) നൽകേണ്ടത് വളരെ പ്രധാനമാണ്. ചിലപ്പോൾ  ഫാമിലി തെറാപ്പിയും നൽകേണ്ടി വരാറുണ്ട്. ചില രോഗികൾക്ക് രോഗം  പുനരധിവാസ ചികിത്സാരീതികളും നൽകേണ്ടി വരും. സൈക്യാട്രിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ, ക്ലിനിക്കൽ സൈക്കോളജിസ്‌റ്,  സൈക്യാട്രിക് നേഴ്സ് തുടങ്ങിയവർ അടങ്ങുന്നതാണ് ചികിത്സ ടീം. 

placeholder
ഡോ. രാഗേഷ്
ഒരു കൂട്ടു കുടുംബം പോലെ ജീവിക്കുന്നയിടത്തിൽ ഒരു സ്ത്രീക്ക് ഹൈപ്പോമാനിയ വന്നൊരു സംഭവം ഓർക്കുന്നു. ആ സമയത്ത് ഇവർ ഭർത്താവിന്റെ അനിയന് ലൈംഗികചുവയോട് കൂടി മെസ്സേജ് അയച്ചു. പിന്നീട് സാധാരണയിൽ നിന്നും അതീവ സന്തോഷവതിയായിരിക്കുക തുടരെ സംസാരിക്കുക എന്നിങ്ങനെ പെരുമാറ്റത്തിൽ മാറ്റം​ വന്നു. ഭർത്താവിന്റെ അനിയൻ കുടുംബത്തിലുള്ളവരോട് അവർ അയച്ച മെസ്സേജിന്റെ കാര്യം പറ​ഞ്ഞു.  അങ്ങനെ ചികിത്സയ്ക്കായി കൊണ്ടു വന്നു ഒരാഴ്ചയ്ക്കകം കുറച്ച് ഭേദപ്പെട്ടു. പക്ഷേ അവരുടെ ഭർത്താവിന് രോഗം കൊണ്ടാണ് ഇവർ ഇതൊക്കെ ചെയ്ത് പോയതെന്ന് അംഗീകരിക്കാൻ കഴിയാതെ ബന്ധം വേർപ്പെടു​ത്തുന്ന അവസ്ഥ വരെ വന്നു.
(ഡോ. ജി രാഗേഷ് ലെക്ചറർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് സൈക്യാട്രിക്ക് സോഷ്യൽ വർക്ക് IMHANS കോഴിക്കോട്)

മാനസികരോഗത്തിന്റെ കാര്യത്തിൽ പ്രധാനമായും മനസ്സിൽ വെക്കേണ്ടത് ഒരു കാര്യമാണ്. ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നു കഴിക്കുകയോ നിർത്തുകയോ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്. ചിലപ്പോൾ രോഗത്തിന്റെ സ്വഭാവമനുസരിച്ച് ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടതായും വരാം.  മനഃശാസ്ത്രപരമായ - കുടുംബപരമായ ചികിത്സാരീതികളും മരുന്നിനോടൊപ്പം  വളരെയധികം പ്രധാനമാണ്.  അധികം സ്ട്രെസ് ഒഴിവാക്കി മിനിമം എട്ട് മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രദ്ധിക്കണം. കുടുംബത്തിന്റെ പിന്തുണ വലിയൊരു ഘടകമാണ്.

ഈ രോഗാവസ്ഥ ദൈനംദിനം ജീവിതം ശരിയായി നയിക്കാൻ വെല്ലു വിളികളുയർത്തുന്നു. സിനിമയിലെയും പുസ്തകങ്ങളിലെയും മാത്രം അറിവ് കൊണ്ട് സ്വയം രോഗനിർണയം നടത്തി ചികിത്സിക്കാതെ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടത് വളരെ അത്യാവശ്യമാണ്.  കൂടാതെ പ്രിയപ്പെട്ടവർ ഈ രോഗത്താൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ വേണ്ട ചികിത്സയ്ക്ക് എത്തിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണ്.