കോട്ടയ്ക്കൽ: കൊടുംചൂട് പ്രസരിപ്പിച്ച് സൂര്യൻ കത്തിയെരിയുമ്പോൾ പുറംമാത്രമല്ല, മനുഷ്യമനസ്സും വെന്തുരുകും. ‘സീസണൽ അഫക്ടീവ് ഡിസോർഡർ’ അഥവാ ‘സീസണൽ മൂഡ് ഡിസോർഡർ’ എന്ന അവസ്ഥ മാനസികാരോഗ്യത്തെയും കുഴപ്പത്തിലാക്കുമെന്ന് മാനസികാരോഗ്യ വിദഗ്ധർ. തണുപ്പു കൂടുതലുള്ള രാജ്യങ്ങളിലും അതിശൈത്യകാലത്തുമാണ് ഈ അവസ്ഥ കൂടുതൽ. ചൂട് കാലങ്ങളിൽ ‘സമ്മർ സാഡ്’ എന്ന പേരിലാണ് ഇവനെത്തുന്നത്.
അമിതമായ ദേഷ്യം, ഉത്കണ്ഠ, ആശങ്ക, ശ്രദ്ധക്കുറവ്, എടുത്തുചാട്ടം തുടങ്ങി സ്ഥലകാലബോധമില്ലാതെ പെരുമാറുന്ന അവസ്ഥയിൽവരെ എത്തിക്കാം ഈ സമ്മർസാഡ്. വീടുകളിൽ കുടുബാംഗങ്ങൾ തമ്മിലുണ്ടാകുന്ന വഴക്ക്, ജോലി സ്ഥലങ്ങളിലെ പ്രശ്നങ്ങൾ എന്തിനേറെ ആത്മഹത്യാപ്രവണതയിലേക്കുവരെ കൊണ്ടുചെന്നെത്തിക്കാൻ സാധ്യതയുള്ളതാണ് കൊടുംചൂടെന്ന് പഠനങ്ങൾ പറയുന്നു. നേരത്തേതന്നെ വിഷാദവും ഉത്കണ്ഠയും മറ്റ് മാനസികാരോഗ്യപ്രശ്നങ്ങളുമുള്ളവരെ ചൂടുകാലം കൂടുതൽ ബാധിക്കാം. മാനസികാരോഗ്യ പ്രശ്നങ്ങളുമായി ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണത്തിൽ എട്ടുശതമാനം വർധനയാണ് ഈ സമയത്തുള്ളതെന്നും കണക്കുകൾ പറയുന്നു
ചൂടിനെന്തു കാര്യം?
നിർജലീകരണം സംഭവിക്കുമ്പോൾ ശരീരം ക്ഷീണിക്കുന്നതുപോലെ മനസ്സും ക്ഷീണിക്കും. ‘ലാൻസെറ്റ് ജേണലിൽ’ പ്രസിദ്ധീകരിച്ച കാലാവസ്ഥാ മാറ്റത്തെയും ആത്മഹത്യാ സാധ്യതകളെയും കുറിച്ചുള്ള പഠനത്തിൽ ഉയർന്ന താപനില, വരൾച്ച, സാമ്പത്തികനഷ്ടം എന്നിവ ചേർന്നപ്പോൾ ആത്മഹത്യാ ചിന്തയും ശ്രമവും ഗണ്യമായി വർധിക്കുന്നതായി വ്യക്തമാക്കുന്നു.
അതുപോലെ ‘ബി.എം.സി. സൈക്യാട്രി ജേണലിൽ’ 2024-ൽ പ്രസിദ്ധീകരിച്ച ഉയർന്ന താപനിലയുള്ള കാലാവസ്ഥയിൽ ഉന്മാദ-വിഷാദരോഗങ്ങൾ, ഉത്കണ്ഠാരോഗങ്ങൾ, സ്കിറ്റ്‌സൗഫ്രീന്യ തുടങ്ങിയവ വർധിക്കുമെന്ന് പറയുന്നു. ഇന്ത്യയിൽ ഒരോ ഒരുഡിഗ്രി സെൽഷ്യസ് താപനില വർധിക്കുമ്പോഴും രണ്ടുശതമാനംവരെ ആത്മഹത്യാനിരക്ക് ഉയരുന്നുണ്ടെന്നും പഠനമുണ്ട് (മാർഷൽ ബർക്ക് -2018)
എങ്ങനെ കൂളാകാം ?
ധാരാളം വെള്ളംകുടിക്കുക, ചൂടുള്ള സമയങ്ങളിൽ പുറത്തുള്ള ജോലികൾ കുറയ്ക്കുക, ഇടയ്ക്കിടെ തണുത്തവെള്ളത്തിൽ മുഖംകഴുകുക തുടങ്ങി ‘സെൻസറി സൂത്തിങ്’ആയ കാര്യങ്ങൾചെയ്യുക. പുറത്തുപോയുള്ള വ്യായാമം കുറച്ച് വീടിനകത്ത് വ്യായാമങ്ങൾചെയ്യാം.
ഡോ. പി.കെ. റഹീമുദ്ദീൻ
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഗവ. മെന്റൽ ഹെൽത്ത് സെന്റർ, കുതിരവട്ടം, കോഴിക്കോട്
ഇക്കോ ആങ്സൈറ്റി
കാലാവസ്ഥ മാറിമറിയുമ്പോൾ ആളുകൾക്കുണ്ടാകുന്ന ആശങ്കയാണ് ഇക്കോ ആങ്സൈറ്റി. അമിതമായ ചൂട്, മഴക്കാലത്തുണ്ടാകുന്ന അമിതമായ മഴയും പ്രളയവും മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളും ആലോചിച്ച് മനുഷ്യന് ആധിയുണ്ടാകുന്ന അവസ്ഥയാണിത്.
ഡോ. ഹാനി ഹസ്സൻ
സൈക്യാട്രിസ്റ്റ്, ഗവ. മെന്റൽ ഹെൽത്ത് സെന്റർ, കുതിരവട്ടം, കോഴിക്കോട്
കൈവിടല്ലേ... മനസ്സിനെ
സൂര്യൻ കത്തിനിൽക്കുമ്പോൾ ഉല്ലാസത്തിനും വ്യായാമത്തിനുംമറ്റും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയും മാനസികാരോഗ്യത്തെ ബാധിക്കുന്നു. ആളുകൾ ഇതേക്കുറിച്ച് ബോധവാന്മാരാകണം. വളരെ ബുദ്ധിമുട്ട് തോന്നുന്ന സമയങ്ങളിൽ മാനസികാരോഗ്യ വിദഗ്ധനെ കാണണം.
ഡോ. എൻ.ടി. സുധേഷ്
അസോസിയേറ്റ് പ്രൊഫ. സൈക്കോളജി വിഭാഗം മേധാവി, സ്കൂൾ ഓഫ് സൈക്കോളജിക്കൽ സയൻസസ്, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി, ബെംഗളൂരു
Content Highlights: Explore how summer sad, a type of seasonal affective disorder, affects mental health, increasing anxiety, depression, and even suicide risk during hot weather.
Published: 11 Sept 2026, 08:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented