സിനിമയിലെ തിളക്കത്തിനും ഗ്ലാമറിനുമപ്പുറം താൻ കടന്നുപോയ കഠിനമായ മാനസിക സംഘർഷങ്ങളെക്കുറിച്ചും, തെറാപ്പിയിലൂടെയും സ്വയം സ്‌നേഹിക്കുന്നതിലൂടെയും നടത്തിയ വീണ്ടെടുപ്പിനെക്കുറിച്ചും മനസ്സ് തുറന്ന് നടി ഐശ്വര്യ ലക്ഷ്മി. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് താരം തിരിച്ചടികൾക്ക് ശേഷം നടത്തിയ ശക്തമായ തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ചത്.

To advertise here,

പ്രണയതകർച്ചയ്ക്ക് ശേഷമാണ് താൻ തെറാപ്പി എടുക്കാൻ തീരുമാനിച്ചതെന്ന് ഐശ്വര്യ വെളിപ്പെടുത്തി. നേരിട്ടുള്ള സന്ദർശനങ്ങൾക്ക് സമയം ലഭിക്കാത്തതിനാൽ ഓൺലൈൻ വഴിയാണ് ഏകദേശം ഒരു വർഷത്തോളം തെറാപ്പി എടുത്തത്. ആദ്യം സമീപിച്ച വനിതാ തെറാപ്പിസ്റ്റ് തനിക്ക് അനുയോജ്യമായിരുന്നില്ല. സോഷ്യൽ മീഡിയയിൽ നിന്ന് എന്നെക്കുറിച്ച് മുൻവിധികളുള്ള ഒരാളെ ലഭിക്കാൻ താല്പര്യമില്ലായിരുന്നു. ഒടുവിൽ ഒരു സുഹൃത്തിന്റെ നിർദ്ദേശപ്രകാരമാണ് അനുയോജ്യനായ ഒരു തെറാപ്പിസ്റ്റിനെ കണ്ടെത്തിയത്. അദ്ദേഹം മികച്ച ആളായിരുന്നുവെന്നും അത് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു.

ജീവിതത്തിൽ എങ്ങനെ അതിരുകൾ വരയ്ക്കണമെന്ന് തെറാപ്പിയിലൂടെ പഠിച്ചു. അതെന്നെ മികച്ച വ്യക്തിയാക്കി മാറ്റി. ബ്രേക്കപ്പിനും 2024-ലെ കൊത്ത പോലുള്ള തിരിച്ചടികൾക്കും ശേഷം തന്നെത്തന്നെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി തനിക്കുതന്നെ സമ്മാനങ്ങൾ വാങ്ങി നൽകിയതിനെക്കുറിച്ചും ഐശ്വര്യ മനസ്സുതുറക്കുന്നുണ്ട്. സുസ്മിതാ സെന്നിന്റെ ഡയമണ്ട് മോതിരം പോലെ തനിക്കായി എന്തെങ്കിലും വാങ്ങണമെന്ന് ഐശ്വര്യ ആഗ്രഹിച്ചിരുന്നു. കാറുകളെ സ്‌നേഹിക്കുന്ന താരം തനിക്കായി റേഞ്ച് റോവർ ഇവോക്ക് വാങ്ങി.

ഫെബ്രുവരി 14-ന് തന്നെ കാർ ഡെലിവറി എടുക്കണമെന്ന് നിർബന്ധം പിടിച്ച കാര്യവും അവർ സംസാരിക്കുന്നുണ്ട്. കാർ ഞാൻ എനിക്ക് നൽകിയ വാലന്റൈൻസ് ഡേ സമ്മാനമായിരുന്നു. നിങ്ങൾക്ക് ഡേറ്റ് ചെയ്യണമെങ്കിൽ, ഇതാണ് എന്റെ കുറഞ്ഞ മാനദണ്ഡം എന്ന് അറിഞ്ഞോളൂ എന്ന അർഥത്തിലാണ് അന്നുതന്നെ ഡെലിവറി വേണമെന്ന് ആവശ്യപ്പെട്ടതെന്നും ഐശ്വര്യ പറയുന്നുണ്ട്.

ഗ്ലാമറിന് പിന്നിലെ കഷ്ടപ്പാടുകൾ ആളുകൾ കാണുന്നില്ലെന്ന് പറഞ്ഞ ഐശ്വര്യ, അമ്മയെ ഒന്ന് ഞെട്ടിക്കാൻ വേണ്ടി അടുത്തിടെ ചെറിയ ഇടവേളയിൽ രണ്ട് വിമാനയാത്രകൾ നടത്തിയ അനുഭവം പങ്കുവെച്ചു. തന്റെ ജോലിയെ വളരെയധികം സ്‌നേഹിക്കുന്നുണ്ടെങ്കിലും, സ്വയം വിശദീകരിക്കേണ്ടി വരുന്ന സിനിമ പ്രൊമോഷൻ ഭാഗം ഇഷ്ടപ്പെടുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.